നല്ല ആരോഗ്യത്തിനു എത്ര മണിക്കൂര്‍ ഉറങ്ങണം ?

എത്രമാത്രം ഉറക്കം വേണമെന്നത്‌ ഒരോ വ്യക്തിയെയും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. നവജാത ശിശുക്കൾ ദിവസവും 16 മുതൽ 18 മണിക്കൂർ ഉറങ്ങുമ്പോൾ 1-3 വയസ്സുവരെയുള്ള കുട്ടികൾ 14 മണിക്കൂറും 3-ഉം 4-ഉം വയസ്സുള്ള കുട്ടികൾ 11-ഓ 12-ഓ മണിക്കൂറും ഉറങ്ങേണ്ടത്‌ ആവശ്യമാണ്‌. സ്‌കൂളിൽ പോകുന്ന കുട്ടികൾ 10 മണിക്കൂറും കൗമാരത്തിലുള്ളവർ 9-ഓ 10-ഓ മണിക്കൂറും പ്രായപൂർത്തിയായവർ 7-ഓ 8-ഓ മണിക്കൂറും ഉറങ്ങേണ്ടതാണ്‌.

ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന ഒന്നല്ല ഉറക്കം. വിദഗ്‌ധരുടെ അഭിപ്രായമനുസരിച്ച് പിൻവരുന്ന കാര്യങ്ങൾക്ക് ഉറക്കം പ്രധാനമാണ്‌.

കുട്ടികളുടെയും കൗമാരത്തിലുള്ളവരുടെയും വളർച്ചയ്‌ക്കും ബുദ്ധിവികാസത്തിനും.
പുതിയ വിവരങ്ങൾ പഠിക്കുന്നതിനും ഓർമയിൽ സൂക്ഷിക്കുന്നതിനും.
ഭക്ഷണത്തിലൂടെയുള്ള ഊർജോത്‌പാദനത്തെയും ശരീരഭാരത്തെയും സ്വാധീനിക്കുന്ന ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിയന്ത്രിക്കാൻ.
ഹൃദയാരോഗ്യത്തിന്‌.
രോഗങ്ങൾ തടയുന്നതിന്‌.
അമിതവണ്ണം, വിഷാദം, ഹൃദ്രോഗം, പ്രമേഹം, അപകടങ്ങൾ എന്നിവയ്‌ക്ക് ഉറക്കക്കുറവ്‌ കാരണമായേക്കാം. ഇത്‌, മതിയായി ഉറങ്ങേണ്ടതിന്‍റെ പ്രാധാന്യത്തിന്‌ അടിവരയിടുന്നു.

വേണ്ടത്ര ഉറക്കം ലഭിക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് എന്തു ചെയ്യാനാകും?

എല്ലാ ദിവസവും ഒരേ സമയത്തുതന്നെ കിടക്കുക. ഒരേ സമയത്ത്‌ എഴുന്നേൽക്കുക.
നിങ്ങളുടെ കിടപ്പുമുറി ശാന്തവും ഇരുട്ടുള്ളതും സ്വസ്ഥവുമായിരിക്കണം. കൂടാതെ, അധികം ചൂടോ തണുപ്പോ ഇല്ലാത്ത ഒരു അന്തരീക്ഷവും ആയിരിക്കണം.
കിടന്നുകൊണ്ട് ടിവി കാണുകയോ മൊബൈലും മറ്റ്‌ ഉപകരണങ്ങളും ഉപയോഗിക്കുകയോ ചെയ്യരുത്‌.
നിങ്ങളുടെ കിടക്ക പരമാവധി സുഖപ്രദമാക്കുക.
കാപ്പിയും കഫീൻ അടങ്ങിയ മറ്റ്‌ ഭക്ഷണപദാർഥങ്ങളും അമിതഭക്ഷണവും മദ്യവും കിടക്കുന്നതിനുമുമ്പ് കഴിക്കാതിരിക്കുക.
ഇക്കാര്യങ്ങളെല്ലാം ചെയ്‌തതിനു ശേഷവും ഉറക്കമില്ലായ്‌മയോ അതിനോട്‌ ബന്ധപ്പെട്ട മറ്റ്‌ തകരാറുകളോ, അതായത്‌ പകൽസമയത്ത്‌ അസാധാരണമായി ഉറക്കം തൂങ്ങുക, ഉറങ്ങുന്നതിനിടയിൽ ശ്വാസം കിട്ടാതെ ചാടി എഴുന്നേൽക്കുക തുടങ്ങിയ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ആരോഗ്യവിദഗ്‌ധരുടെ നിർദേശം സ്വീകരിക്കുക.

ഏത്‌ പ്രായത്തിലുള്ളവരാണെങ്കിലും പതിവായി വ്യായാമം ചെയ്യുന്നെങ്കിൽ മാത്രമേ നല്ല ആരോഗ്യം നിലനിറുത്താനാകുകയുള്ളൂ. മിക്കവരും മതിയായ അളവിൽ വ്യായാമം ചെയ്യാറില്ല. എന്തുകൊണ്ടാണ്‌ വ്യായാമം പ്രധാനമായിരിക്കുന്നത്‌? നന്നായി വ്യായാമം ചെയ്‌താൽ:

നല്ല ഉറക്കം ലഭിക്കും.
ഊർജസ്വലരായിരിക്കും.
എല്ലുകൾക്കും പേശികൾക്കും ബലം ലഭിക്കും.
ശരിയായ ശരീരഭാരം നിലനിറുത്തും.
വിഷാദം അകറ്റും.
അകാലമരണം ഒഴിവാക്കാം.
എന്നാൽ വ്യായാമം ചെയ്യുന്നില്ലെങ്കിൽ പിൻവരുന്ന കാര്യങ്ങൾ സംഭവിച്ചേക്കാം:

ഹൃദ്രോഗം.
ടൈപ്പ് 2 പ്രമേഹം.
ഉയർന്ന രക്തസമ്മർദം.
അമിതകൊളസ്‌ട്രോൾ.
പക്ഷാഘാതം.
ഏതു തരത്തിലുള്ള വ്യായാമത്തിൽ ഏർപ്പെടണമെന്നുള്ളത്‌ നിങ്ങളുടെ പ്രായവും ആരോഗ്യവും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. അതുകൊണ്ട് പുതിയ ഒരു വ്യായാമം തിരഞ്ഞെടുക്കുന്നതിനു മുമ്പ് ഡോക്‌ടറുടെ ഉപദേശം തേടുന്നത്‌ നല്ലതാണ്‌. കുട്ടികളും കൗമാരപ്രായത്തിലുള്ളവരും ദിവസേന ഒരു മണിക്കൂർ നേരം നല്ല വ്യായാമം ലഭിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടണമെന്നാണ്‌ പല വിദഗ്‌ധരും ശുപാർശ ചെയ്യുന്നത്‌. പ്രായപൂർത്തിയായവർ ഓരോ ആഴ്‌ചയിലും മിതമായ അളവിലാണെങ്കിൽ 150 മിനിറ്റും കഠിനമായ അളവിലാണെങ്കിൽ 75 മിനിറ്റും വ്യായാമം ചെയ്യേണ്ടതാണ്‌.

രസകരമായി ചെയ്യാവുന്ന വ്യായാമം തിരഞ്ഞെടുക്കുക. ബാസ്‌ക്കറ്റ്‌ ബോൾ, ടെന്നീസ്‌, ഫുട്‌ബോൾ, സൈക്കിൾചവിട്ടൽ, പൂന്തോട്ടപരിപാലനം, വിറകുകീറൽ, നീന്തൽ, വള്ളംതുഴയൽ, ഓട്ടം, മറ്റ്‌ കായികവിനോദങ്ങൾ തുടങ്ങിയവയിൽ ഏർപ്പെടാവുന്നതാണ്‌. ഒരു വ്യായാമം മിതമായതാണോ കഠിനമായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? മിതമായ വ്യായാമം വിയർക്കാൻ സഹായിക്കും. എന്നാൽ, വ്യായാമം ചെയ്‌തുകൊണ്ടിരിക്കുമ്പോൾ നമുക്ക് സംസാരിക്കാൻ കഴിയുന്നില്ലെങ്കിൽ അത്‌ കഠിനവ്യായാമമാണെന്ന് പറയാം.

ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ. ദിവസവും ഇതുപോലുള്ള മികച്ച പോസ്റ്റുകള്‍  നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കും..

കുതിര്‍ത്തിയ ബദാം കഴിക്കണമെന്ന് പറയുന്നതിന്‍റെ കാരണം