ഇന്‍ഹേലര്‍ അഡിക്ഷന്‍ ആവുമോ

എല്ലാ ഡോക്ടര്‍മാരും പലവട്ടം കേള്‍ക്കേണ്ടിവരുന്നതാണ് ഈ ചോദ്യം”വലിക്കുന്ന മരുന്ന്” അഡിക്ഷന്‍ ആവും എന്നത് തികച്ചും അവാസ്തവം ആയ ഒരു കാര്യം ആണ്. യഥാര്‍ത്ഥത്തില്‍ ഇന്‍ഹേലര്‍ വഴിയുള്ള മരുന്ന് പ്രയോഗം കൂടുതല്‍ ഫലവത്തും രോഗികള്‍ക്ക് പല വിധത്തിലും ഗുണകരവും ആണെന്നതുമാണ് സത്യം. എന്നാല്‍ മിഥ്യാധാരണ കൊണ്ട് പലരും ഈ ചികിത്സാരീതി തമസ്കരിക്കുന്നു.

Inhaler വഴി ശ്വാസകോശത്തിലേക്ക് ഏറ്റവും സാധാരണമായി മരുന്ന് പ്രയോഗിക്കുന്നത് ആസ്ത്മ രോഗത്തിനായിരിക്കും. അതിനാല്‍ ആസ്ത്മ ചികിത്സയ്ക്ക് ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിനെപ്പറ്റിയുള്ള ചില മിഥ്യാധാരണകളും അവയുടെ പിന്നിലെ ശാസ്ത്ര സത്യങ്ങളും അപഗ്രഥിക്കാന്‍ ശ്രമിക്കാം.

അഡിക്ഷന്‍-തെറ്റായ ധാരണ
Inhaler ഉപയോഗിച്ച് മരുന്ന് ഉള്ളിലേക്ക് വലിക്കുന്നത് അഡിക്ഷന്‍ ഉണ്ടാക്കും-തെറ്റായ ധാരണ
ഇത് തെറ്റായ ധാരണ എന്ന് പറഞ്ഞുവല്ലോ, എന്ത് കൊണ്ടാണ് എന്ന് വിശദീകരിക്കാം.മരുന്ന് രോഗിയുടെ ശരീരത്തിന് ഉള്ളില്‍ പ്രയോഗിക്കാന്‍ പല മാര്‍ഗ്ഗങ്ങള്‍ ( Route of administration) അവലംബിക്കാറുണ്ട്. ഉദാ:ഗുളികയോ മരുന്നോ ആയി വായിലൂടെ കഴിക്കുന്നത്, ഇന്‍ജെക്ഷന്‍ ആയി സിരകളിലൂടെയോ പേശികളിലൂടെയോ കുത്തി വെയ്പ്പ് വഴി, തുടങ്ങി…ഇത്തരം മാര്‍ഗ്ഗങ്ങളില്‍ താരതമ്യേന പുതിയ ഒരു മാര്‍ഗ്ഗം മാത്രം ആണ് inhalation അഥവാ മരുന്ന് കണികകള്‍ ((aerosol))ആയി ശ്വാസകോശത്തിലേക്ക് നേരിട്ട് എത്തിക്കുന്നത്.

മുന്‍പ് ആസ്ത്മയ്ക്ക് ഗുളികയായും കുടിക്കുന്ന മരുന്നായും ഒക്കെ കൊടുത്തിരുന്ന പല മരുന്നുകളും തന്നെ ആണ് ഇപ്പോള്‍ ഇന്‍ഹേലര്‍ വഴി കൊടുക്കുന്നത്. (ഉദാ:സാല്‍ബ്യുട്ടമോള്‍)ഈ മരുന്നുകള്‍ക്ക് ഒന്നും അഡിക്ഷന്‍ അല്ലെങ്കില്‍ ലഹരി വസ്തുവിനോടും മറ്റും ഉണ്ടാവുന്ന പോലുള്ള ആസക്തി, ശാരീരികമായ ആശ്രയത്വം ഇല്ല.മരുന്ന് ഇന്‍ഹേലര്‍ വഴി എടുക്കുമ്പോള്‍ മരുന്ന് പ്രവര്‍ത്തിക്കേണ്ട അവയവം ആയ ശ്വാസകോശത്തിലേക്ക് നേരിട്ട് എത്തിക്കുക ആണ്. അതിനാല്‍ മരുന്നിന്റെ അളവ് കുറച്ചു മതിയാവും. മാത്രമല്ല നേരിട്ട് മരുന്ന് എത്തുന്നതിനാല്‍ അതിവേഗം ഉദ്ദേശിക്കുന്ന പ്രയോജനം ഉണ്ടാവുകയും ചെയ്യുന്നു. ശ്വാസം മുട്ടല്‍ ഉള്ള ഒരു രോഗിക്ക് ഇത് എത്രത്തോളം ആശ്വാസകരം ആണെന്നത് പറയേണ്ടതില്ലല്ലോ.

കൂടുതല്‍ മരുന്ന് ശരീരത്തില്‍ എത്തുന്നു-തെറ്റായ ധാരണ.
ഇന്‍ഹേലര്‍ വഴി പ്രയോഗിക്കുമ്പോള്‍ കൂടുതല്‍ മരുന്ന് ശരീരത്തില്‍ എത്തുന്നു.
ഇതും തെറ്റായ ധാരണയാണ്. ഇന്‍ഹേലര്‍ വഴി പ്രയോഗിക്കുമ്പോള്‍ മറ്റു രീതിയില്‍ പ്രയോഗിക്കുന്നതിനേക്കാള്‍ കുറഞ്ഞ അളവിലാണ് മരുന്ന് ശരീരത്തില്‍ എത്തുന്നത്ചില മരുന്നുകളുടെ കാര്യത്തില്‍ ഏകദേശം നാല്പതില്‍ ഒന്ന് അളവില്‍ ഒക്കെ ഡോസ് കുറവാണ് ഇന്ഹെലര്‍ ചികിത്സയില്‍.
സാല്‍ബ്യുട്ടമോള്‍ ഗുളിക 4 മില്ലി ഗ്രാം ഗുളിക ആയി കഴിക്കേണ്ടി വരുന്ന ആള്‍ക്ക് ഇന്‍ഹേലര്‍ ആവുമ്പോള്‍ 100 മൈക്രോ ഗ്രാം ആയി കുറയ്ക്കാന്‍ കഴിയുന്നു.

പാര്‍ശ്വഫലങ്ങള്‍-കുറവായിരിക്കും
ഇന്‍ഹേലര്‍ ചികിത്സയില്‍ പാര്‍ശ്വഫലങ്ങള്‍ കൂടുതലായിരിക്കും.
മറിച്ചാണ് യാഥാര്‍ത്ഥ്യം. ഇന്‍ഹേലര്‍ ചികിത്സയില്‍ പാര്‍ശ്വഫലങ്ങള്‍ വളരെ കുറവായിരിക്കും.ഗുളിക ആയി കഴിക്കുമ്പോള്‍ മരുന്ന് ദഹന വ്യവസ്ഥയിലൂടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന് ശ്വാസകോശത്തില്‍ എത്തുന്നതിനു കൂടുതല്‍ സമയം എടുക്കുന്നു. അതിലുപരി ഈ മരുന്നിന്റെ ആക്ഷന്‍ ആവശ്യം ഇല്ലാത്ത മറ്റെല്ലാ അവയവങ്ങളിലും ഈ മരുന്ന് എത്തിച്ചേരുകയും നമ്മള്‍ക്ക് താല്പര്യം ഇല്ലാത്ത പ്രവര്‍ത്തങ്ങള്‍/പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവാന്‍ ഉള്ള സാദ്ധ്യതകള്‍ കൂടുതല്‍ നില നില്‍ക്കുകയും ചെയ്യുന്നു.

ദീര്‍ഘകാല ഉപയോഗം
ദീര്‍ഘകാലം ഉപയോഗിക്കേണ്ടി വരുന്നത് ശീലം ആവുന്നത് കൊണ്ടാണ്.
പലരുടെയും കാര്യത്തില്‍ ദീര്‍ഘകാലം മരുന്ന് വേണ്ടി വരുന്നത് ആസ്ത്മ രോഗത്തിന്റെ പ്രത്യേകതകള്‍ കൊണ്ടാണ്. പിന്നീട് ഉണ്ടാവാത്ത വിധം പരിശ്ചേദം ഇല്ലാതാക്കാന്‍ പറ്റുന്ന ഒരു രോഗം അല്ല, എന്നാല്‍ ആസ്ത്മ ഫലപ്രദമായി ചികിത്സിച്ചു നിയന്ത്രിച്ചു തികച്ചും സാധാരണ നിലയില്‍ ആരോഗ്യം നിലനിര്‍ത്താന്‍ ഫലപ്രദമായ മരുന്നുകളും ചികിത്സയും ഇന്ന് ഉണ്ട്.ആസ്ത്മ എന്നത് ശ്വാസ കോശത്തെ ബാധിക്കുന്ന ദീര്‍ഘകാല അലെര്‍ജിയുടെ ബാഹ്യ ആവിഷ്കാരം ആണ്.

അതിനാല്‍ പലപ്പോഴും ദീര്‍ഘകാല ചികിത്സ ആവശ്യമായി വരും. ഉയര്‍ന്ന അളവില്‍ ഗുളിക ആയും മറ്റും മരുന്ന് കഴിക്കേണ്ടി വരുന്ന അവസ്ഥയെക്കാളും വളരെ അധികം രോഗിക്ക് അഭികാമ്യമാണ് കുറഞ്ഞ ഡോസില്‍ ഇന്‍ഹേലര്‍ വഴി മരുന്നുകള്‍ എടുക്കുന്നത്. പാശ്വഫലങ്ങള്‍ ഗണ്യമായി കുറയ്ക്കാനും കൃത്യമായി ചികിത്സ എടുക്കുന്നത് വഴി ശ്വാസം മുട്ടല്‍ പെട്ടെന്ന് കൂടുന്നത് തടയാനാകും. അത്യാഹിത വിഭാഗത്തിലേക്കും ആശുപത്രിയിലേക്കും പോവേണ്ടി വരുന്നതിന്റെയും ആശുപത്രിയില്‍ കിടക്കേണ്ടിവരുന്നതിന്റെയും തവണകള്‍ ഗണ്യമായി കുറയ്ക്കാനും കഴിയുന്നു.

ഒരു ശ്വാസകോശരോഗ വിദഗ്ധന്‍ നിശ്ചയിക്കുന്ന രീതിയില്‍ ചികിത്സ എടുക്കാതെ ഇരുന്നാല്‍ ശ്വാസനാളത്തില്‍ തിരികെ നേരെ ആക്കാന്‍ കഴിയാത്ത രീതിയില്‍ മാറ്റങ്ങള്‍ വരുകയും ലക്ഷണങ്ങളും രോഗാതുരതയും വര്‍ദ്ധിക്കുകയും രോഗിയുടെ ബുദ്ധിമുട്ടുകള്‍ തീവ്രമാവുകയും രോഗം മൂര്‍ഛിക്കുന്നത് വേഗത്തിലാകുകയും ചെയ്യും. ഇന്‍ഹേലര്‍ ചികിത്സ തിരസ്കരിക്കുന്നതു വഴി പലപ്പോഴും ഈ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ എത്തുക.

ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ.

സ്ത്രീകളിലെ ചേലാകര്‍മം ആരോഗ്യത്തിന് ദോഷകരം