വിട്ടുമാറാത്ത ശരീരവേദനയെ സൂക്ഷിക്കണം

വിട്ടുമാറാത്ത ശരീരവേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുക, വിശദമായ പരിശോധനകള്‍ക്കുശേഷം രോഗമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചുപറയുക, മാറിമാറിയുള്ള ചികിത്സകളെല്ലാം തന്നെ ഫലപ്രദമാകാതെയിരിക്കുക – ഫൈബ്രോമയാള്‍ജിയ എന്ന പേശീവാതരോഗത്തിന്റെ സാമാന്യലക്ഷണമാണിതൊക്കെ.

സ്ത്രീകളാണ് ഫൈബ്രോമയാള്‍ജിയയുടെ പ്രധാന ഇരകള്‍. 25-നും 65-നുമിടയ്ക്ക് പ്രായമുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. അരക്കെട്ടിന് മുകളിലും താഴെയുമായി ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന വേദന മൂന്നുമാസത്തിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോമയാള്‍ജിയ സംശയിക്കാം. അതോടൊപ്പം ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോഴും കഠിനമായ വേദനയനുഭവപ്പെടാവുന്നതാണ്.

രോഗാരംഭത്തില്‍ ശരീരത്തിന്റെ ഒരുഭാഗത്തുമാത്രം പ്രത്യക്ഷപ്പെടുന്ന പേശീവേദന, ക്രമേണ മറ്റു ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പേശീവേദനകളോടൊപ്പം സന്ധിവേദനകളുമുണ്ടാകാം. ചര്‍മം പുകയുന്നതുപോലെയുള്ള അസ്വസ്ഥതകളും രോഗികള്‍ പരാതിപ്പെടാറുണ്ട്. തീരാവേദനയ്ക്കുപുറമെ അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, വിഷാദം, നിദ്രാവൈകല്യങ്ങള്‍, തലവേദന, കൈകാല്‍ മരവിപ്പ്, അമിതാകാംക്ഷ തുടങ്ങിയവയും പേശീവാതരോഗികളില്‍ സാധാരണയാണ്.

സന്ധിവാത രോഗങ്ങളായ റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, എസ്.എല്‍.ഇ, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഫൈബ്രോമയാള്‍ജിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഹൈപ്പോ തൈറോയിഡിസം എന്ന തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാന്ദ്യം, പ്രമേഹം, ചിലതരത്തിലുള്ള അര്‍ബുദം തുടങ്ങിവയൊക്കെ മാറാത്ത ശരീരവേദനയായി പ്രത്യക്ഷപ്പെടാറുണ്ട്.

രോഗചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നുകളാണ് വിഷാദരോഗത്തിനുപയോഗിക്കുന്ന ട്രൈസൈക്ലിക് മരുന്നുകള്‍. കൂടാതെ വേദനസംഹാരികളും ഉപകരിക്കും. ക്രമമായ വ്യായാമം, യോഗ, ധ്യാനം തുടങ്ങിയവയും ആശ്വാസം നല്‍കുന്ന ഇതരമാര്‍ഗങ്ങളാണ്.

വേദനയുടെ ചികിത്സ

ഒരു നൂറ്റാണ്ട് പിന്നിട്ട ആസ്പിരിന്‍ മുതല്‍ അടുത്തയിടെ വിപണിയിലെത്തിയ കോക്‌സിബുകള്‍ വരെയുള്ള വിപുലമായ ശേഖരമാണ് വേദനസംഹാരികളുടെ ശ്രേണിയിലുള്ളത്.

വേദനക്കും നീര്‍ക്കെട്ടിനും കാരണമായ പ്രോസ്റ്റോഗ്ലാന്‍ഡിനുകളുടെ ഉത്പാദനത്തെ തടഞ്ഞുകൊണ്ടാണിവ പ്രവര്‍ത്തിക്കുന്നത്. ആസ്പിരിനും പാരസിറ്റമോളുമാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന മരുന്നുകള്‍. മോര്‍ഫിന്‍ പോലെ ശക്തമായ മരുന്നുകളല്ല ഇവയെങ്കിലും പേശികളുടെയും സന്ധികളുടെയും വേദനയ്ക്കും തലവേദനയ്ക്കും ഇവ ഫലപ്രദമാണ്.

വളരെ ശക്തിയേറിയ വേദനാസംഹാരികളാണ് മോര്‍ഫിനടക്കമുള്ള ഒപ്പിയോയിഡുകള്‍. പല മാര്‍ഗങ്ങളിലൂടെയും ഒപ്പിയോയിഡുകള്‍ നല്‍കാം. ഇഞ്ചക്ഷനായി സിരകളിലൂടെ മരുന്നു നല്‍കിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ വേദന അപ്രത്യക്ഷമാകും. ഇവ കൂടാതെ വിഷാദരോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും മാറാവേദനയ്ക്ക് പരിഹാരമായി ഉപയോഗിക്കാറുണ്ട്. പ്രമേഹരോഗികളിലെ ന്യൂറോപ്പതി, ഹെര്‍പിസ് രോഗികളിലെ നാഡീവേദന, കൊടിഞ്ഞിതലവേദന, ഫൈബ്രോമയാള്‍ജിയ തുടങ്ങിയ അവസ്ഥകളില്‍ ഇവ ഉപയോഗിക്കുന്നു.

പൊതുവെ സുരക്ഷിതമായ മരുന്നുകളാണ് വേദനസംഹാരികള്‍. എന്നാല്‍ ഇവയുടെ അമിത ഉപയോഗമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഉദരരക്തസ്രാവം, വൃക്കത്തകരാറുകള്‍, രക്താതിസമ്മര്‍ദം, കരളിന്റെ പ്രവര്‍ത്തനത്തകരാറുകള്‍, തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന പ്രശ്‌നങ്ങള്‍. ചര്‍മത്തില്‍ ചുവന്നു തടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക, ചൊറിച്ചില്‍, ആമാശയവ്രണങ്ങള്‍, അന്നനാളത്തിലെ നീര്‍ക്കെട്ട്, ആസ്ത്മ അധികരിക്കുക തുടങ്ങിയവയാണ് വേദനാസംഹാരികളുടെ മറ്റു പാര്‍ശ്വഫലങ്ങള്‍.

വേദന സംഹാരികള്‍ ഉപയോഗിക്കുമ്പോള്‍
ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കരുത്. സ്വയം ചികിത്സ ഒഴിവാക്കുക.
പഴയ പ്രിസ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് തുടര്‍ച്ചയായി മരുന്നു വാങ്ങിക്കഴിക്കരുത്.
മരുന്ന് ഭക്ഷണത്തിന് ശേഷം മാത്രം കഴിക്കുക.
മരുന്നുപയോഗിക്കുമ്പോള്‍ വയറുവേദന, ഛര്‍ദ്ദില്‍, മലം കറുത്തുപോവുക തുടങ്ങിയവ ഉണ്ടായാല്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുക.
വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ രക്തസമ്മര്‍ദം പരിശോധിക്കണം.
പ്രായമേറിയവര്‍, ഉദരരോഗങ്ങള്‍, വൃക്കത്തകരാറുകള്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മരുന്ന് ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാവൂ.
ആസ്ത്മ രോഗികള്‍ക്ക് അസുഖം അധികരിക്കാനിടയുണ്ട്. പ്രത്യേകം ശ്രദ്ധ വേണം.

ഉപയോഗപ്രദമായി തോന്നുന്നുവെങ്കില്‍ നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്തു നല്‍കൂ. നിങ്ങള്‍ ഈ പേജ് ഇതുവരെ ലൈക്ക് ചെയ്തില്ലായെങ്കില്‍ ഉടന്‍തന്നെ ലൈക് ചെയ്യൂ.

ഇത്രയും കാര്യങ്ങള്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ആശുപത്രിയില്‍ പോകേണ്ടി വരില്ല