ഇനി പാഡിനു പകരം കപ്പ്‌ ഉപയോഗിക്കാം

സ്വാഭാവീകമായ ഒരു ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. എങ്കിലും ആര്‍ത്തവം ദിനങ്ങള്‍ ഇപ്പോഴും സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രയാസം നിറഞ്ഞതാണ്. ഉദ്യോഗസ്ഥരായ സ്ത്രീകള്‍ക്ക് ആര്‍ത്തവ ദിനങ്ങള്‍ മിക്കപ്പോഴും ബുദ്ധിമുട്ടുകളുണ്ടാക്കാറുണ്ട്. നൃത്തം ചെയ്യുന്നവര്‍, കായിക താരങ്ങള്‍ തുടങ്ങി ശാരീരിക അദ്ധ്വാനം കൂടുതല്‍ വേണ്ടി വരുന്നവര്‍ക്കാണ് ഈ ബുദ്ധിമുട്ടുകള്‍ കൂടുതല്‍. ഇടയ്ക്കിടെ സാനിട്ടറി നാപ്ക്കിനുകള്‍ മാറ്റേണ്ടി വരുന്നതും അവ കൃത്യമായി നശിപ്പിക്കാന്‍ സംവിധാനം ഇല്ലാത്തതുമാണ് മറ്റൊരു ബുദ്ധിമുട്ട്.

നമ്മുടെ സ്‌കൂളുകളില്‍ പോലും ഇവ കളയാന്‍ സംവിധാനമില്ല. അതുകൊണ്ട് തന്നെ ഇവ ഇടയ്ക്കിടെ മാറ്റാന്‍ മടിക്കുന്ന ധാരാളം പെണ്‍കുട്ടികളുണ്ട്. എന്നാല്‍ നാല് മണിക്കൂറിലധികം സാനിട്ടറി നാപ്ക്കിനുകള്‍ ഉപയോഗിച്ചാല്‍ അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടാക്കും. പൂര്‍ണ്ണമായി നനഞ്ഞില്ലെന്നു കരുതി പാഡ് മാറ്റാതിരിക്കരുത്. ഇത് അണുബാധയ്ക്കിടയാക്കും. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാണ് ആര്‍ത്തവ കപ്പുകള്‍ അഥവാ മെന്‍സ്ട്രല്‍ കപ്പുകള്‍…. ഇന്ത്യയില്‍ അധികം പ്രചാരമില്ലാത്തവയാണ് ആര്‍ത്തവകപ്പുകള്‍. വിദേശരാജ്യങ്ങളില്‍ ഇവ സര്‍വ്വസാധാരണമാണ്. സാനിട്ടറി നാപ്കിനുകളെയും ടാമ്പൂണുകളെയും അപേക്ഷിച്ച് ഇവയുടെ സുരക്ഷിതത്വം തന്നെയാണ് ഈ സ്വീകാര്യതയ്ക്ക് കാരണം.

ദീര്‍ഘയാത്രകള്‍ ചെയ്യുമ്പോഴും അല്ലാത്ത സന്ദര്‍ഭങ്ങളിലും ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. മണിക്കൂറുകള്‍ ഇടവിട്ട് പാഡ് മാറ്റുന്നതിന്റെ ബുദ്ധിമുട്ടോ വസ്ത്രങ്ങളില്‍ കറ പുരളുമെന്ന ഭയമോ ഇതുപയോഗിച്ചാല്‍ ആവശ്യമില്ല. സാനിട്ടറി പാഡുകളെയും ടാംമ്പൂണുകളെയും അപേക്ഷിച്ച് മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കുന്നത് കൊണ്ട് അലര്‍ജിയും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നില്ല. മാത്രമല്ല അവയേക്കാളെല്ലാം സുരക്ഷിതമാണു താനും. കൃത്യമായി ഉപയോഗിച്ചാല്‍ അല്‍പ്പം പോലും ലീക്കേജോ ബുദ്ധിമുട്ടോ ഉണ്ടാകുകയില്ല. മികച്ച ആഗിരണ ശേഷിയാണ് ഇവ അവകാശപ്പെടുന്ന മറ്റൊരു പ്രത്യേകത. എത്ര കഠിനമായ രക്തസ്രാവം ആണെങ്കിലും ആര്‍ത്തവ കപ്പ് ഫലപ്രദമായിരിക്കും. സാധാരണ രീതിയിലുള്ള ഒരു പാഡുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍ത്തവ കപ്പിന് അഞ്ച് മടങ്ങ് ശേഷി കൂടുതലാണ്. നന്നായി അകത്തേയ്ക്ക് വയ്ക്കുകയാണെങ്കില്‍ ടാംമ്പൂണും മറ്റ് ഉല്‍പന്നങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതിന് ചോര്‍ച്ച കുറവാണ്.

ലിയോണ ഡബ്‌ള്യൂ ചാല്‍മേഴ്‌സ് എന്ന അമേരിക്കന്‍ നടിയ്ക്കാണ് മെന്‍സ്ട്രല്‍ കപ്പുകളുടെ പേറ്റന്റ് ആദ്യം ലഭിച്ചത്. 1937 ല്‍ ആയിരുന്നു ഇത്. 1860 കളില്‍ തന്നെ ഇവയുടെ പുരാതന രൂപം ഉണ്ടായിരുന്നു. അമേരിക്കയില്‍ ഇവ ലഭ്യമായിരുന്നുവെങ്കിലും മാര്‍ക്കറ്റ് ചെയ്യപ്പെട്ടിരുന്നില്ല. 1960 കളില്‍ ഇവ മാര്‍ക്കറ്റില്‍ ലഭ്യമായിരുന്നെങ്കിലും ബിസിനസ്‌സ് എന്ന രീതിയില്‍ വിജയമായില്ല. ആദ്യ കാല മെന്‍സ്ട്രല്‍ കപ്പുകള്‍ റബ്ബര്‍ കൊണ്ടാണ് നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ഇക്കാലത്ത് ഹൈ ക്വാളിറ്റി സിലിക്കോണ്‍ കൊണ്ടാണ് മിക്കവാറും കമ്പനികള്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ നിര്‍മ്മിക്കുന്നത്. റബ്ബര്‍ കൊണ്ടുള്ളതും ലഭ്യമാണ്. പല നിറത്തിലുള്ള മെന്‍സ്ട്രല്‍ കപ്പുകള്‍ വിപണയില്‍ ലഭ്യമാണ്. രണ്ട് സൈസിലുള്ള കപ്പുകളാണ് ലഭ്യമാകുന്നത്. 30 വയസ്‌സിനു താഴെ ഉള്ള സ്ത്രീകള്‍ക്ക് വേണ്ടിയും 30 വയസ്‌സിന് ശേഷമുള്ളവര്‍ക്ക് വേണ്ടിയും.

ഉപയോഗിക്കേണ്ടവിധം

ബെല്‍ ഷേപ്പാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക്. അവയുടെ ഒരു ഭാഗം വിരല്‍ കൊണ്ട് അകത്തേയ്ക്ക് കയറ്റിയശേഷം യോനിക്കുള്ളിലേയ്ക്ക് വയ്ക്കുക. ആദ്യത്തെ ശ്രമത്തില്‍ തന്നെ ചിലപ്പോള്‍ ശരിയാകണമെന്നില്ല. വീണ്ടും ശ്രമിക്കുക. ക്രമേണ മെന്‍സ്ട്രല്‍ കപ്പ് ഏറ്റവും സുരക്ഷിതത്വം നല്‍കുമെന്ന് മനസ്‌സിലാകും. അകത്തേയ്ക്ക് കയറ്റി വയ്‌ക്കേണ്ട വിധം ഇതിന്റെ റാപ്പറില്‍ തന്നെയുണ്ടാകും. മാത്രമല്ല ഇവ ഉപയോഗിക്കുന്ന വിധം യു ടൂബില്‍ ലഭ്യമാണ്. സാധാരണ പാന്റീസ് ഉപയോഗിക്കുന്നതുപോലെ ലാഘവത്തോടെ എന്തു ജോലി ചെയ്യുന്നതിനും സാധിക്കുകയും ചെയ്യും.

സാനിട്ടറി പാഡ്
1. നിരന്തരമായ ഉപയോഗം ചൂടു കുരുക്കള്‍ പോലെ കുരുക്കളുണ്ടാക്കുന്നു.
2.അണു വിമുക്തമാക്കാന്‍ കഴിയില്ല.
3.ശരീരത്തിന്റെ സ്വാഭാവികമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു.
4.ഒരു സ്ത്രീ അവളുടെ ജീവിത കാലഘട്ടത്തില്‍ ഏകദേശം. 11,000 സാനിട്ടറി നാപ്കിന്‍സ് ഉപയോഗിക്കുന്നു.
ഏകദേശം 5-7 വരെയാണ് ഒരു സാനിട്ടറി നാപ്ക്കിന്റെ വില.
5.കൃത്യമായി നശിപ്പിക്കാത്തതിനാല്‍ അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്നു.

മെന്‍സ്ട്രല്‍ കപ്പ്
1.മിനുസമായ സിലിക്കണ്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ കുരുക്കള്‍ ഉണ്ടാക്കുന്നതു തടയുന്നു.
2.അണു വിമുക്തമാക്കാന്‍ കഴിയുന്നു.
3.ആര്‍ത്തവ രക്തം മാത്രം ശേഖരിക്കുന്നു ശരീരത്തിന്റെ മറ്റു പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നില്ല.
4. 1200 രൂപ വിലവരുന്ന ഒരു മെന്‍സ്ട്രല്‍ കപ്പ് 10 വര്‍ഷം വരെ ഉപയോഗിക്കാന്‍ കഴിയും.
5.പ്രകൃതിയോടിണങ്ങിയതാണ്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക. പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഉടന്‍ പേജ് ലൈക് ചെയ്യുക.

ആരോഗ്യം നന്നാക്കാന്‍ അടുക്കളയില്‍ കരുതേണ്ട സാധനങ്ങള്‍