ജാതി തൈലം

ജാതിക്കയും ജാതിപത്രിയും ജാതിക്കയുടെ പുറന്തോടുമാണ് ജാതിമരത്തില്‍ നിന്നും ലഭിക്കുന്ന ആദായകരമായ ഭാഗങ്ങള്‍. ജാതിക്കയില്‍ നിന്നും ജാതിയെണ്ണ, ജാതിവെണ്ണ, ജാതി സത്ത്, ജാതിപ്പൊടി, ഒളിയോറെസിന്‍ എന്നീ ഉത്പന്നങ്ങളും ജാതിപത്രി വാറ്റി തൈലവും കറിക്കൂട്ടുകള്‍ക്ക് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനവും ആയി ഉപയോഗിക്കുന്നു. ജാതിക്കയുടെ പുറന്തോട് അച്ചാര്‍ നിര്‍മ്മിക്കുന്നതിനും ഉപയോഗിക്കുന്നു. ബേക്കറിയിലെ ആഹാരസാധനങ്ങളുടെ നിര്‍മ്മാണത്തില്‍ മണവും രുചിയും കൂട്ടുന്നതിനും ഉപയോഗിക്കപ്പെടുന്നു.

നല്ലതുപോലെ വിളഞ്ഞ കായകളില്‍ നിന്നും മാത്രമേ ഗുണനിലവാരമുള്ള കായും പത്രിയും ലഭ്യമാകുന്നുള്ളൂ. വിളഞ്ഞ കായകള്‍ പറിച്ചെടുത്തതിനുശേഷം കായ് പൊതിഞ്ഞിരിക്കുന്ന മാംസളമായ പുറന്തോട് നീക്കം ചെയ്തതിനുശേഷം കൈ കൊണ്ട് വിത്തില്‍ നിന്നും പത്രി വേര്‍പെടുത്തിയെടുക്കുന്നു. രണ്ടും വെവ്വേറെ ഉണക്കി സംരക്ഷിക്കുന്നു.

കായയില്‍ നിന്നും അടര്‍ത്തി പത്രി വേര്‍പെടുത്തിയ കുരു തോടോടുകൂടി ഉണക്കുന്നു. അകത്തെ കുരു കുലുങ്ങുന്നതാണ് നല്ലതുപോലെ ഉണങ്ങിയതിന്റെ ലക്ഷണമായി കണക്കാക്കുന്നത്. വെയില്‍ ഇല്ലാത്ത അവസരങ്ങളില്‍ വൈദ്യുതി ഉപയോഗിച്ചും കുരു ഉണക്കാറുണ്ട്. 40 ഡിഗ്രി താപനില നിയന്ത്രിച്ച് ഓവനിലും കുരു ഉണക്കാന്‍ സാധിക്കുന്നു. 1 കിലോ കുരു ലഭിക്കുന്നതിനായ് ഏകദേശം 200 മുതല്‍ 250 വരെ കായകള്‍ വേണ്ടിവരും. കായകളുടെ വലിപ്പവും തൂക്കവും അനുസരിച്ചാണ് വില ലഭിക്കുന്നത്.

പത്രി ഉണക്കുന്നതിനായ് കൈകള്‍ക്ക് ഉള്ളില്‍ വച്ചോ മറ്റേതെങ്കിലും വസ്തുകൊണ്ടോ പൊട്ടാതെ പരത്തി എടുക്കുന്നു. ഇങ്ങനെ പരത്തിയെടുക്കുന്ന പത്രി നല്ലതുപോലെ വെയിലത്ത് വച്ച് ഏകദേശം അഞ്ച് ദിവസം കൊണ്ട് ഉണക്കിയെടുക്കുന്നു. ഇങ്ങനെ ഉണക്കിയെടുക്കുന്ന പത്രികള്‍ക്ക് മഞ്ഞകലര്‍ന്ന ചുവപ്പ് നിറമായിരിക്കും ഉണ്ടാകുന്നത്. ഏകദേശം 1000 കായകളില്‍ നിന്നും ശരാശരി 1 കിലോ ഉണങ്ങിയ ജാതിപത്രി ലഭിക്കും.

ജാതി കുരു ശരാശരി 30 മുതല്‍ 40 ശതമാനം വരെ തൈലം അടങ്ങിയിട്ടുണ്ട്. നീരാവിയോ ലായകങ്ങളോ ഉപയോഗിച്ച് പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന യന്ത്രങ്ങള്‍ വഴി വെണ്ണ വേര്‍തിരിക്കുന്നു. ഓറഞ്ച് നിറത്തിലും നല്ല മണവും ഗുണവും ഉള്ള ഈ ഉത്പന്നം ഔഷധങ്ങള്‍ക്കായി പ്രധാനമായും ഉപയോഗിക്കുന്നു.

ജാതി വിത്ത് പത്രി എന്നിവയില്‍ നിന്നും വാണിജ്യപരമായി വാറ്റിയെടുക്കുന്ന ഉത്പന്നമാണ് ജാതി തൈലം. ഗുണനിലവാരം കുറഞ്ഞ് വില്‍ക്കാന്‍ കഴിയാത്ത ജാതിക്കയും പൊടിഞ്ഞ ജാതിപത്രിയുമാണ് ഇതിലേക്ക് തിരഞ്ഞെടുക്കുന്നത്. ഈ പ്രക്രിയയുടെ ആദ്യപടിയായി റോളാര്‍ മില്ലില്‍ അധികം പൊടിയാത്തരീതിയില്‍ ഒരു പ്രാവശ്യം ചതച്ചെടുക്കുന്ന വിത്ത് പിന്നീട് വാറ്റുന്ന ഉപകരണങ്ങളിലേക്ക് മാറ്റുന്നു. അതില്‍ ഏകദേശം 6 മുതല്‍ 8 മണിക്കൂര്‍ വരെ നീരാവി ഉപയോഗിച്ച് വാറ്റി തൈലം എടുക്കുന്നു. ജാതിക്കയില്‍ നിന്നും 11% എണ്ണയും ജാതിപത്രിയില്‍ നിന്നും 12% എണ്ണയും ലഭിക്കുന്നു. പശ്ചിമ യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയുമാണ് ജാതി തൈലത്തിന്റെ മുഖ്യ ഉപഭോക്താക്കള്‍. മിരിസ്റ്റിസിന്‍, എലെമിസിന്‍, സാഫ്‌റോള്‍ എന്നീ രാസഘടകങ്ങള്‍ ജാതി തൈലത്തില്‍ അടങ്ങിയിരിക്കുന്നു.

ചിലഔഷധപ്രയോഗങ്ങൾ
ജാതിക്കായോ പത്രിയോ അരച്ച് തേനിലോ, ജീരകവെള്ളത്തിലോ കഴിച്ചാൽ വയറുവേദനയും ദഹനക്കേടും മാറും. അരച്ച് തലയിൽ പുരട്ടിയാൽ വിട്ടുമാറാത്ത തലവേദന ശമിക്കും. മോണപഴുപ്പ്, പല്ലുവേദന ഇവക്ക് ജാതിക്കായും ഇന്തുപ്പും ചേർത്ത് അരച്ച് തേച്ചാൽ മറും.

അതിസാരം, വാതം, കഫം എന്നിവയെയും ഇല്ലാതാക്കാൻ ഇതിനു കഴിവുണ്ട്. വിഷൂചിക(കോളറ) ചികിത്സയ്ക്കും ജാതിക്ക അരച്ചു പുരട്ടാറുണ്ട്. ആമാശയ കുടൽ രോഗങ്ങൾക്കുള്ള ഭുക്താഞ്ജരി ഗുളിക, പാഠാദി ഗുളിക, ജാതിലവംഗാദി ചൂർണം എന്നിവയിലെല്ലാം ജാതിക്ക ചേർന്നിട്ടുണ്ട്.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഇഷ്ട്ടമായെങ്കില്‍ ഇത് ഷെയര്‍ ചെയ്യുക . കൂടുതല്‍ ഉപയോഗപ്രദമായ പോസ്റ്ക്കുകള്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക .

അമ്മയാകും മുന്‍പ് അറിയാന്‍