കുട്ടികളിലെ കേൾവിക്കുറവ് മനസ്സിലാക്കാം

കുട്ടികളിലെ കേൾവിക്കുറവ് നേരത്തേ തന്നെ ചികിത്സിച്ചു ഭേതമാക്കാം. ഒരു ഇ.എൻ.ടി ഡോക്‌ടറുടെയോ, ഓഡിയോളജിസ്റ്റിന്റേയോ സഹായത്തോടെയോ കേൾവിക്കുറവ് കണ്ടെത്തണമെന്ന് മാത്രം

വലുതോ ചെറുതോ ആയ ശബ്‌ദങ്ങൾക്ക് കുട്ടി പ്രതികരിക്കുന്നില്ലേ എന്നും ചെവിയുടെ വശത്തുനിന്ന് ശബ്‌ദം വരുന്നത് അനുസരിച്ച് തലതിരിക്കുകേയാ നോക്കുകയോ ചെയ്യുന്നില്ലേ എന്നും ആദ്യം തന്നെ ശ്രദ്ധിക്കണം. ആറുമുതൽ എട്ടുമാസം വരെ പുറപ്പെടുവിച്ചിരുന്ന ശബ്‌ദം പിന്നീട് പ്രകടിപ്പിക്കാതിരിക്കുന്നത് കേൾവിക്കുറവു കൊണ്ടാകാം. അതേ പോലെ ശബ്‌ദം പുറപ്പെടുവിക്കുന്ന കളിപ്പാട്ടങ്ങളിൽ താത്പര്യം കാണിക്കാതിരിക്കുന്നതും ശ്രദ്ധിക്കണം. ഒന്നര വയസുള്ള കുട്ടി അർത്ഥ പൂർണ്ണമായി അച്ഛൻ, അമ്മ, റ്റാറ്റ എന്നീ വാക്കുകൾ ഉപയോഗിക്കുന്നില്ലെങ്കിലും പരിശോധന നടത്തണം.


കുട്ടിക്ക് ലളിതമായ പദം ആംഗ്യഭാഷയില്ലാതെ സ്വയം മനസ്സിലാക്കാൻ കഴിയാത്ത അവസ്ഥയുണ്ടെങ്കിലും സംസാരിക്കുന്പോൾ തുടർച്ചയായി കുട്ടി മുഖത്തേക്ക് നോക്കുന്നത് പതിവാണെങ്കിലും ഉടൻ ഡോക്‌ടറെ സമീപിക്കണം. ഇക്കാര്യങ്ങളിൽ കുട്ടിക്ക് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ പ്രത്യേക പരിശോധന ആവശ്യമാണ്. കുട്ടികൾക്കായി പലതരം പരിശോധനകളുണ്ട്. കുട്ടിയുടെ പ്രായം, സഹകരണം, ബുദ്ധിവളർച്ച തുടങ്ങിയവയെ പരിഗണിച്ചുള്ള പരിശോധനകളാണിത്.