കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ അമ്മമാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നമ്മുടെ കുട്ടികളിൽ പ്രധാനമായും കണ്ടുവരുന്ന രണ്ട് പ്രശ്‌നങ്ങളാണ് അമിത വണ്ണവും ഭാരക്കുറവും. നമ്മുടെ തെറ്റായ ആഹാര ശീലങ്ങളുടെയും പോഷണ കാര്യങ്ങളിലെ അവബോധമില്ലായ്മയുടെയും നേർതെളിവുകളാണ് തളരുകയും വിളറുകയും ചെയ്യുന്ന ഈ ബാല്യങ്ങൾ.

പോഷകങ്ങൾ തുലോം കുറഞ്ഞ പിസ്സയും ബർഗറും പോലുള്ള ഊർജ്ജസാന്ദ്രമായ റെഡിമെയ്ഡു ഭക്ഷണങ്ങൾ ഒരു നിയന്ത്രണവുമില്ലാതെ പതിവായി കഴിക്കുന്നതും ശരീരമനങ്ങാതെയുള്ള ജീവിതവുമാണ് നമ്മുടെ കൗമാരക്കാരെ പൊണ്ണത്തടിയുടെ കെണിയിൽ വീഴ്ത്തുന്നത്. പത്തു വയസ്സുകാരന് ഒരു ദിവസം വേണ്ട ഊർജ്ജത്തിന്റെ 60 ശതമാനം ലഭിക്കേണ്ടത് കാർബോഹൈഡ്രേറ്റിൽ നിന്നാണ്. കാർബോ ഹൈഡ്രേറ്റ് സ്രോതസ്സായ ഭക്ഷണങ്ങൾ മിക്കതും തന്നെ സസ്യങ്ങളിൽ നിന്നുള്ളതാണ്. അവയിൽ കാർബോ ഹൈഡ്രേറ്റിനൊപ്പം മറ്റു പോഷകങ്ങളും കൂടി അടങ്ങിയിട്ടുണ്ട്. എന്നാൽ ഇന്നത്തെ പത്തു വയസ്സുകാരനു ലഭിക്കുന്ന ദൈനംദിനോർജ്ജത്തിന്റെ 50 ശതമാനവും ലഭിക്കുന്നത് കൊഴുപ്പും മധുരവും മാത്രം നിറഞ്ഞ പോഷകങ്ങളില്ലാത്ത വറപൊരികളിൽ നിന്നും ശീതള പാനീയങ്ങളിൽ നിന്നുമാണ്. ശരീരത്തിൽ ഇങ്ങനെ കുമിഞ്ഞുകൂടുന്ന കൊഴുപ്പിളക്കാൻ പ്രത്യേകിച്ചും ശരീരമനങ്ങിയുള്ള ജോലികളൊന്നുമില്ല താനും.

കേരളം മൊത്തത്തിൽ പരിശോധിക്കുമ്പോൾ അമിത ഭാരത്തെയും പൊണ്ണത്തടിയെക്കാളും വലിയ വിഷയമാണ് പോഷകാഹാരക്കുറവു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരിൽ ഇതിന്റെ കാരണം ശരിയായ പോഷകങ്ങളടങ്ങിയ ഭക്ഷണം കിട്ടാത്തതാണെങ്കിൽ സമ്പന്നരിലും മധ്യവർഗക്കാരിലും ശരിയായ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കാത്തതാണ് പ്രശ്‌നം. വിറ്റാമിനുകളും ധാതുക്കളും പോഷകങ്ങളുമില്ലാത്ത ഭക്ഷണം മാത്രം കഴിക്കുന്ന പൊണ്ണത്തടിയന്മാരായ കുട്ടികളിലും പോഷകാഹാരക്കുറവ് കണ്ടുവരുന്നുണ്ട്. ഇന്ത്യയിൽ നടത്തിയ നാഷണൽ ഹെൽത്ത് സർവെയിൽ ആറു മാസം മുതൽ അഞ്ചു വയസ്സു വരെയുള്ള കുട്ടികളിൽ 70 ശതമാനം പേരും പോഷകക്കുറവുള്ളവരാണെന്നു പറയുന്നു.

നഗരങ്ങളിലെ സ്‌കൂളുകളിലെ കുട്ടികളിലെ പ്രശ്‌നം അമിത ഭാരമാണെങ്കിൽ നാട്ടുമ്പുറങ്ങളിലൊക്കെ ഹൈസ്‌കൂളിലെ കുട്ടികളെക്കണ്ടാൽ പ്രായത്തിനനുസൃതമായ വലുപ്പമില്ല എന്നതാണ്. പോഷകക്കുറവുള്ള കുട്ടികളിൽ കാണുന്ന പ്രധാന പ്രശ്‌നമാണ് വേണ്ടത്ര തൂക്കവും പൊക്കവുമില്ലാത്ത ‘സ്റ്റാണ്ടിങ്’ എന്ന ഈ അവസ്ഥ. എല്ലാ പ്രായത്തിലും കുട്ടികൾ വളരാറില്ല. കൈക്കുഞ്ഞായിരിക്കുമ്പോഴേ പോഷകക്കുറവു വന്ന കുട്ടിക്ക് അതു മറികടക്കാൻ അനുയോജ്യമായ സമയമാണ് കൗമാര വളർച്ചയുടെ ആദ്യഘട്ടം. ഈ സമയത്തു പോഷക സമൃദ്ധമായ ഭക്ഷണം ആവശ്യമുള്ള അളവിൽ കഴിച്ചാൽ വന്നുപോയ പോഷക നഷ്ടം ഒരു പരിധിവരെ പരിഹരിക്കാം.ഇലക്കറികള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതലായി കൊടുക്കുക.മൈദാ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും കുട്ടികള്‍ക്ക് കൊടുക്കാതിരിക്കുക.

നമ്മൾ ആധുനിക ഭക്ഷണ സംസ്‌കാരത്തിന്റെ സമ്മർദ്ദത്തിൽ മറന്നുപോകുന്ന ഇനമാണ് കേരളീയ പാരമ്പര്യ ഭക്ഷണം. കേരളത്തിന്റേതായ അവിയലും സാമ്പാറും തീയലും കൂട്ടുകറിയും പുഴുക്കും ഇഡ്ഡലിയും പുട്ടും ദോശയും തുടങ്ങി സമ്പുഷ്ടങ്ങളും സമ്പൂർണങ്ങളുമായ വിഭവങ്ങൾക്കു പകരം, പരിഷ്‌കാരത്തിന്റെ പേരു പറഞ്ഞ് റൊട്ടിയും വെണ്ണയും ജാമും കഴിക്കുന്നവർക്ക് അതിൽനിന്ന് ശരീരത്തിനാവശ്യമായ ഊർജ്ജമോ കുട്ടികളുടെ വളർച്ചക്കാവശ്യമായ മാംസ്യമോ മറ്റു പോഷകമൂല്യങ്ങളോ ലഭിക്കുന്നില്ല. സംസ്‌കരിച്ചു മാർദവപ്പെടുത്തിയ മാവുകൊണ്ടുണ്ടാക്കിയ റൊട്ടിയിൽ നിന്നും കൊഴുപ്പു മാത്രമുള്ള വെണ്ണയിൽ നിന്നും പഞ്ചസാര മുഖ്യഘടകമായ ജാമിൽ നിന്നും അതിവേഗം സ്വതന്ത്രമാക്കപ്പെടുന്ന ഗ്ലൂക്കോസ് ഒരു മണിക്കൂർ സമയത്തേക്കുപോലും തികയാതെ വരികയും പെട്ടെന്ന് വിശപ്പും ദാഹവും അനുഭവപ്പെടുകയും ചെയ്യുന്നു.

പലപ്പോഴും പട്ടണങ്ങളിലെ ചെറിയ കുട്ടികളുടെ പ്രാതലും ലഞ്ചും ഡിന്നറും എല്ലാം ഇതുതന്നെയാവും. അവരുടെ വളർച്ചക്കോ ആയാസകരമായ ദിനചര്യക്കോ ആവശ്യമായ പോഷണമൂല്യങ്ങളൊന്നും കിട്ടാത്തതിനാൽ കുട്ടികളുടെ വളർച്ച മുരടിക്കുന്നു.

കുട്ടികൾ കളിയിലേർപ്പെടാനുള്ള ഉത്സാഹം കാണിക്കുന്നില്ല. പഠിത്തത്തിൽ ശ്രദ്ധിക്കാനും കഴിയുന്നില്ല. ജീവിതത്തിലുടനീളം അനുകരിക്കേണ്ട ഒരു നല്ല ഭക്ഷണശീലം കരുപ്പിടിപ്പിക്കേണ്ട ഈ ഘട്ടത്തിൽ അവർക്ക് ശരിയായ ഭക്ഷണത്തിന്റെ പാഠങ്ങൾ നൽകുന്നതിൽ രക്ഷാകർത്താക്കൾ പരാജയപ്പെടുന്നു. ഫലമോ? കേരളീയ പാരമ്പര്യ ഭക്ഷണത്തിന് പിൻമുറക്കാരില്ലാതെ പോകുന്നു. കൂടാതെ, യുവത്വം വിടപറയുന്നതിനു മുമ്പേ വൃദ്ധരും രോഗികളുമായ ഒരു ജനതയെ നാം സൃഷ്ടിക്കുകയും ചെയ്യുന്നു.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ജീവിതത്തില്‍ ഉപകാരപ്രദമായ ഒറ്റമൂലികള്‍