മഴക്കാലത്ത് ഭക്ഷണ ശീലത്തില്‍ മാറ്റങ്ങള്‍ വരുത്തണം

മഴക്കാലത്ത് എപ്പോഴും ഭക്ഷണ ശീലത്തില്‍ അല്‍പം കൂടുതല്‍ മാറ്റങ്ങള്‍ വരുത്തണം. കാരണം രോഗങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള കാലമാണ് എന്നത് തന്നെ കാര്യം. ഭക്ഷണ ശീലത്തില്‍ അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ മതി മഴക്കാല രോഗങ്ങളെ നമുക്ക് ദൂരെ നിര്‍ത്താം.

ഭക്ഷണവും ശുചിത്വവുമാണ് ഏറ്റവും ശ്രദ്ധ നല്‍കേണ്ട കാര്യങ്ങള്‍. ഭക്ഷണ കാര്യത്തില്‍ വച്ച് പുലര്‍ത്തുന്ന തെറ്റായ ധാരണകളും ശീലങ്ങളുമാണ് പലപ്പോഴും രോഗങ്ങളെ കൂടെക്കൂട്ടുന്നതും.

അതുകൊണ്ട് തന്നെ മഴക്കാലത്ത് ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില ചെറിയ കാര്യങ്ങള്‍ ഉണ്ട്. ഇവ ശ്രദ്ധിച്ചാല്‍ തന്നെ നമുക്ക് ഒരു പരിധി വരെ പല രോഗങ്ങളേയും നേരിടുകയും ആരോഗ്യം വളരെയധികം സൂക്ഷിക്കുകയും ചെയ്യാം.

പ്രഭാത ഭക്ഷണം മഴക്കാലമല്ലെങ്കിലും ആണെങ്കിലും പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍ അശ്രദ്ധ വേണ്ട പലരും പ്രഭാത ഭക്ഷണം കഴിക്കാന്‍ വിട്ടു പോവുന്നു. എന്നാല്‍ ഒരിക്കലും ഒരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുത്. ഇത് മഴക്കാലത്താണെങ്കില്‍ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കും. വെറുവയറ്റിലെ കാപ്പികുടി വെറും വയറ്റില്‍ തന്നെ കാപ്പിയോ ചായയോ കുടിക്കുന്നതാണ് നമ്മളില്‍ പലരുടേയും ശീലം. എന്നാല്‍ കാപ്പി കുടിക്കുന്നത് നല്ലതാണ്. പക്ഷേ കാപ്പി കുടിക്കുമ്പോള്‍ അതിന് കടുപ്പം കൂടുതല്‍ നല്ലതല്ല. ഇത് ആരോഗ്യ പ്രശ്‌നങ്ങളെ ക്ഷണിച്ച് വരുത്തും.

ഭക്ഷണത്തിന്റെ ബാക്കി തലേ ദിവസം രാത്രിയിലുള്ള ഭക്ഷണത്തിന്റെ ബാക്കി കഴിക്കാന്‍ പാടുള്ളതല്ല. അത് ചൂടാക്കി കഴിക്കുകയാണെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.

ഭക്ഷണം കഴിക്കുമ്പോള്‍ രാവിലെ ഒരു കാരണവശാലും കട്ടിയുള്ള ഭക്ഷണം കഴിക്കരുത്. ഒരു ഗ്ലാസ്സ് പച്ചവെള്ളം വെറുംവയറ്റില്‍ കഴിച്ചതിനു ശേഷം മാത്രമേ കട്ടിയുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടുകയുള്ളൂ.

ഭക്ഷണം പാകം ചെയ്ത ഉടന്‍ തന്നെ കഴിക്കുന്നതാണ് നല്ലത്. തണുത്ത ശേഷം ഭക്ഷണം കഴിക്കുന്ന ശീലം മഴക്കാലത്ത് പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കുക.

ഭക്ഷണത്തില്‍ അമിതമായ മസാലകള്‍ ഉപയോഗിക്കുന്നത് പരമാവധി കുറക്കുക. ഇത് ദഹനസംബന്ധമായ പ്രശ്‌നങ്ങളോ വയറ്റില്‍ അസ്വസ്ഥതകളും ഉണ്ടാക്കും.

അസിഡിറ്റി ഉള്ളവര്‍ പ്രഭാത ഭക്ഷണം അധികം വൈകിപ്പിക്കുന്നത് നല്ലതല്ല. ഇത് ആരോഗ്യകരമായ പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് ഭക്ഷണം കൃത്യസമയത്ത് തന്നെ കഴിക്കാവുന്നതാണ്.

പലപ്പോഴും പല സാഹചര്യങ്ങള്‍ കൊണ്ടും ജോലിത്തിരക്കുകള്‍ കൊണ്ടും പട്ടിണിയിരിക്കുന്നവരുണ്ട്. എന്നാല്‍ മഴക്കാലത്ത് ഇത്തരം ശീലങ്ങള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം രോഗപ്രതിരോധ ശേഷി കുറയുന്ന കാലമാണിത്. അതുകൊണ്ട് തന്നെ മഴക്കാലത്ത് പട്ടിണിയിരിക്കാന്‍ ശ്രമിക്കരുത്.