ഓസ്റ്റിയോപൊറോസിസ് കാരണവും പരിഹാരവും

ഓസ്റ്റിയോപൊറോസിസ് എന്നത് സാധാരണയായി എല്ലുകളെ ബാധിക്കുന്ന അസുഖമാണ്. ഇത് സംഭവിക്കുന്നത് അസ്ഥിക്ഷയം വര്‍ധിക്കുമ്പോഴോ, പുതിയ അസ്ഥികളുടെ നിര്‍മ്മാണം കുറയുമ്പോഴോ ഇവ രണ്ടുംകൂടി ഒരുമിച്ച് സംഭവിക്കുമ്പോഴോ ആണ്. എല്ലുകളുടെ സാന്ദ്രത നഷ്ടപ്പെടുമ്പോള്‍ അവയില്‍ സുഷിരങ്ങള്‍ വര്‍ധിക്കുകയും അവ സങ്കോചിക്കുന്നതിനും ദുര്‍ബ്ബലമാവുന്നതിനും എളുപ്പത്തില്‍ ഒടിയുന്നതിനും കാരണമാകുകയും ചെയ്യുന്നു.

ഓസ്റ്റിയോപൊറോസിസിനെ നിശബ്ദ കൊലയാളി എന്നാണ് വിളിക്കുന്നത്. കാരണം ഒരു സ്ത്രീയ്ക്ക് അല്ളെങ്കില്‍ പുരുഷന് തന്‍െറ അസ്ഥികള്‍ക്ക് ശക്തിക്ഷയം സംഭവിക്കുന്നത് നേരിട്ട് അനുഭവപ്പെടുന്നില്ല. ഇത് നിശബ്ദമായി വളരുകയും വര്‍ഷങ്ങളോളം തിരിച്ചറിയപ്പെടാതെയും ലക്ഷണങ്ങളും അസ്വസ്ഥതകളും ഇല്ലാതിരിക്കുകയും ചെയ്യുന്നു. ഓസ്റ്റിയോപൊറോസിസ് ബാധിച്ച എല്ലുകള്‍ ഒടിയുമ്പോള്‍ അല്ളെങ്കില്‍ പൊട്ടുമ്പോഴാണ് രോഗം ആദ്യമായി പ്രകടമാവുക. ഈ ഒടിവുകള്‍ സാധാരണയായി വീഴ്ചമൂലം ഉണ്ടാകാം. എന്നിരുന്നാലും ഓസ്റ്റിയോപൊറോസിസ് മൂലം എല്ലുകളുടെ ശക്തി ക്ഷയിച്ചതാണെങ്കില്‍ ചിലപ്പോള്‍ നിസാരമായ വീട്ടുജോലികള്‍ ചെയ്യുന്നതുപോലും നട്ടെല്ലിന്‍െറ ഒടിവിനു കാരണമാകും.

എല്ലാ എല്ലുകളേയും ബാധിക്കാമെങ്കിലും ഇടുപ്പ്, നട്ടെല്ല്, കൈത്തണ്ട എന്നിവിടങ്ങളിലാണ് കൂടുതലും ഒടിവുകളുണ്ടാകുന്നത്. ഇടുപ്പിനുണ്ടാകുന്ന ഒടിവുകള്‍ക്ക് മിക്കവാറും ആശുപത്രിവാസവും മേജര്‍ ശസ്ത്രക്രിയയും വേണ്ടിവരും. ഈ ഒടിവുകള്‍ വിട്ടുമാറാത്ത വേദനയ്ക്കും വൈകല്യങ്ങള്‍ക്കും ഇടയാക്കുതിനോടൊപ്പം ജീവിതനിലവാരം കുറക്കുകയും ചെയ്യും. സ്വയം നടക്കാനുള്ള കഴിവ് കുറയ്ക്കുകയും നീണ്ടുനില്ക്കുതോ അല്ളെങ്കില്‍ സ്ഥിരമായതോ ആയ വൈകല്യങ്ങള്‍ക്കും ചിലപ്പോള്‍ മരണത്തിനുപോലുമോ കാരണമാകുകയും ചെയ്യുന്നു. ഉയരം കുറയുക, ശക്തമായ പുറംവേദന, അംഗവൈകല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ അനന്തരഫലങ്ങളും ഉണ്ടായേക്കാം.

പ്രായമാണ് പ്രധാന വില്ലന്‍. എല്ലാവരിലും പ്രായം കൂടുന്നതിനനുസരിച്ച് അസ്ഥിക്ഷയം സംഭവിക്കാറുണ്ട്. 35 വയസുകഴിഞ്ഞാല്‍ പഴയ അസ്ഥികള്‍ക്ക് പകരമായി പുതിയ അസ്ഥികളുണ്ടാകുന്നത് കുറയുന്നു. ചുരുക്കത്തില്‍ നിങ്ങള്‍ക്ക് പ്രായം കൂടുന്തോറും നിങ്ങളുടെ മൊത്തത്തിലുള്ള അസ്ഥികളുടെ അളവ് കുറയുകയും നിങ്ങള്‍ക്ക് ഓസ്റ്റിയോപൊറോസിസിന്‍െറ സാധ്യതകള്‍ കൂടുകയും ചെയ്യുന്നു.

പാരമ്പര്യം മറ്റൊരു കാരണമാണ്. ഒടിവുകള്‍ സംഭവിച്ച പാരമ്പര്യമുണ്ടെങ്കില്‍ അത് ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിനുള്ള സാധ്യതകള്‍ കൂട്ടുന്നു.
കുറഞ്ഞ തോതില്‍ മാത്രം കാത്സ്യം ലഭ്യമാകുന്നതും പോഷകാഹരത്തിന്‍െറ കുറവും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിനുള്ള മറ്റു കാരണങ്ങളാണ്. അതോടൊപ്പം വിറ്റാമിന്‍ ഡി-യുടെ അളവ് കുറയുന്നതും ഭാരക്കുറവും എപ്പോഴും ഇരുന്നുകൊണ്ടുള്ള ജീവിതരീതിയും ഇതിന് കാരണമാകാം. പുകവലി, അമിത മദ്യപാനം എന്നിവയും ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നതിന് ആക്കം കൂട്ടുന്നു.

നല്ല പോഷകാഹാരം, കൃത്യമായ വ്യായാമം, ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങള്‍ എന്നിവ ഓസ്റ്റിയോപൊറോസിസ് ഉണ്ടാകുന്നത് തടയുകയും അസുഖത്തിന്‍െറ വളര്‍ച്ച കുറക്കുകയും ഒടുവുകളില്‍നിന്ന് സംരക്ഷിക്കുകയും ചെയ്യും.
കാത്സ്യം, വിറ്റാമിന്‍ ഡി, മാംസ്യം എന്നിവ എല്ലുകളുടെയും പേശികളുടെയും വളര്‍ച്ചക്ക് അത്യന്താപേക്ഷിതമാണ്. പാല്‍, പനീര്‍ പോലുള്ള പാല്‍ ഉല്‍പന്നങ്ങള്‍, ഇലക്കറികള്‍, വാള്‍നട്ട്, പരിപ്പുകള്‍, റാഗി പോലുളളവ, ഈന്തപ്പഴം, ഏത്തപ്പഴം, ആത്തച്ചക്ക തുടങ്ങിയ പഴങ്ങള്‍ എന്നിവ കാത്സ്യത്തിന്‍െറ നല്ല ഉറവിടങ്ങളാണ്.

കുട്ടിക്കാലം മുതല്‍ കൃത്യമായി ഭാര നിയന്ത്രണ വ്യായാമങ്ങള്‍ ചെയ്യുന്നത് എല്ലുകള്‍ക്ക് ഉയര്‍ന്ന സാന്ദ്രത ലഭിക്കുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും സഹായിക്കും. ആയാസരഹിതമായ ജീവിതശൈലി ഒടിവുകളുണ്ടാകാനുള്ള സാധ്യത കൂട്ടുമെന്നതിനാല്‍ കൃത്യമായി വ്യായാമം ചെയ്യുന്നത് വളരെ പ്രധാനമാണ്. വ്യായാമങ്ങള്‍ എല്ലുകളുടെയും പേശികളുടെയും ശക്തി നിലനിര്‍ത്തുവാന്‍ സഹായിക്കും. ഊര്‍ജ്ജസ്വലതയോടെയുള്ള നടത്തം, ജോഗിംഗ്, നീന്തല്‍, ബാഡ്മിന്‍റന്‍ പോലുള്ള കളികള്‍ എന്നിവ പേശികളെ ശക്തിപ്പെടുത്തുകയും എല്ലുകളുടെ സാന്ദ്രത വര്‍ധിപ്പിക്കുകയും ചെയ്യും.