തൈര് കഴിച്ചാല്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കാം

സ്ത്രീകളില്‍ സ്തനാര്‍ബുദ സാധ്യത പൊതുവെ കൂടുതലാണ്. തുടക്കത്തിലെ കണ്ടെത്തുകയാണെങ്കില്‍ ചികിത്സിച്ച് മാറ്റാനാകുന്നതാണിത്. സ്തനാര്‍ബുദം തടയുന്നതെങ്ങനെയെന്ന് പല പരീക്ഷണങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. ആരോഗ്യകരമായ ജീവിതശൈലി പുലര്‍ത്തുകയെന്നതാണ് ഒരു പരിഹാരം. കൂടാതെ ഇടയ്ക്ക് പരിശോധനകള്‍ നടത്തുകയും ചെയ്യണം.

തൈര് സ്തനാര്‍ബുദ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അടുത്തിടെ പുറത്തുവന്ന പഠനം പറയുന്നത്. തൈരിലടങ്ങിയിരിക്കുന്ന ലാക്ടോബാസിലസ്, സ്‌ട്രെപ്‌റ്റോകോക്കസ് ബാക്ടീരിയകള്‍ സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്.
ആരോഗ്യം നിലനിര്‍ത്താന്‍ അവശ്യമായ ബാക്ടീരിയ ശൃംഖലകളിലൂടെ ചികിത്സ നടത്തുന്ന രീതി ഇപ്പോള്‍ പ്രചാരം നേടുകയാണ്. ഇത്തരം ബാക്ടീരിയകളെ പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും ചേര്‍ക്കുന്നത് അംഗീകരിച്ചു കഴിഞ്ഞു.

തൈരിലും മോരിലും കാണപ്പെടുന്ന ലാക്ടോബാസിലസ്സ് ആണ് ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍. അര്‍ബുദ കോശങ്ങളിലെ ഡി.എന്‍.എ തകരാര്‍ പരിഹരിക്കാന്‍ ഈ ബാക്ടീരീയകള്‍ ഉല്‍പ്പാദിപ്പിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ക്കു കഴിയുമെന്ന് പറയുന്നു. അപ്ലൈഡ് ആന്റ് എന്‍വയണ്‍മെന്റല്‍ മൈക്രോബയോളജി ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.