മുതിരയും ഉഴുന്നും മരുന്നായി ഉപയോഗിക്കേണ്ട വിധം

കുതിരയുടെ ഭക്ഷണമായിട്ടാണ് മുതിര അറിയപ്പെടുന്നത്. ഇങ്ങനെയാണ് ഹോഴ്സ് ഗ്രാം (Horse gram) എന്ന ഇംഗ്ലീഷ് പദം മുതിരക്ക് കിട്ടിയത്.മുതിര ഉഷ്ണമാണ്‌. ദഹനരസം പുളിപ്പാണ്. മലബന്ധം ഉണ്ടാക്കും, രക്തപിത്തത്തെ വര്‍ധിപ്പിക്കും. വിയര്‍പ്പിനെ കുറയ്ക്കും കഫം ,വാതംഎന്നിവ ശമിപ്പിക്കും. പീനസം, അര്‍ശസ്, കാസം, ചുമ എന്നിവയ്ക്ക് മുതിര ഫലപ്രദമാണ്. മൂത്രക്കല്ല് വയറുവീര്‍പ്പ്,പ്രമേഹം എന്നീ രോഗങ്ങള്‍ക്കും മുതിര വളരെ നല്ലതാണ്. മൂത്രത്തെ വര്‍ദ്ധിപ്പിക്കും.തടിച്ചവര്‍ മെലിയുന്നതിന് മുതിര നല്ലതാണ്.വണ്ണമുള്ളവര്‍ കഴിക്കുമ്പോള്‍ ആരോഗ്യം ഉണ്ടാവുകയും ക്ഷീണം തോന്നുകയുമില്ല.

പ്രസവം കഴിഞ്ഞ സ്ത്രീകള്‍ക്ക് ഗര്‍ഭാശയശുദ്ധിക്കുവേണ്ടി കൊടുക്കുന്ന ഔഷധങ്ങളില്‍ പ്രഥമഗണനീയമായിട്ടുള്ളത് മുതിരയാണ്. മുതിര കഷായംവെച്ച് കഴിക്കുകയാണ് പതിവ്. സ്ത്രീകള്‍ക്ക് വെള്ളപോക്കിന് മുതിരക്കഷായം നല്ലതാണ്. 60 ഗ്രാം മുതിര ഇടങ്ങഴി വെള്ളത്തില്‍ കഷായംവെച്ച് കുറുക്കി നാഴിയാക്കിയെടുക്കുക. ആ കഷായം 2 നേരം കഴിക്കുക.

മുതിര വറുത്ത് പൊടിച്ച് കിഴിയാക്കി ചൂടുള്ള മുതിര കഷായത്തില്‍ മുക്കി കിഴിവെച്ചാല്‍ കൈക്ക് സ്വാധീനം കുറയല്‍, കൈകാലുകളുടെ വേദന, നീര്, കടച്ചില്‍ എന്നിവയെ ശമിപ്പിക്കും. മുതിരപ്പൊടി വാതരോഗികള്‍ക്ക് ഉദ്വര്‍ത്തനത്തിന് നല്ലതാണ്. ഈ ഉദ്വര്‍ത്തനം അമിത വിയര്‍പ്പിനെ ഇല്ലാതാക്കും.
60 ഗ്രാം മുതിര കഷായംവെച്ച് 6 ഔണ്‍സ് നല്ലെണ്ണ ചേര്‍ത്ത് കാച്ചിയെടുക്കുന്ന തൈലം വാതത്തിനും തണുപ്പിനും തരിപ്പിനും പുറമേപുരട്ടി തലോടിയാല്‍ പെട്ടെന്ന് ഫലം കിട്ടും.

മുതിരകഷായമുണ്ടാക്കി അതില്‍ സ്വല്‍പ്പം മല്ലിയും ജീരകവും വെളുത്തുള്ളിയും കടുകും ചേര്‍ത്ത് വെളിച്ചെണ്ണയില്‍ വറുത്ത് കഷായം വറവില്‍ ഒഴിച്ച് കഴിച്ചാല്‍ രക്താര്‍ബുദത്തില്‍ ഉണ്ടാകുന്ന പ്ലീഹാവീക്കവും മഞ്ഞപിത്തവും മാറുന്നതാണ്.
മുതിരക്കഷായം കഴിച്ചാല്‍ മൂത്രക്കല്ല് പൊടിഞ്ഞ് പോകുമെന്നു മാത്രമല്ല വൃക്കയില്‍ കല്ല്‌ ഉണ്ടാകുന്നത് തടയുകയും ചെയ്യും. രണ്ട് ഔണ്‍സ് മുതിരക്കഷായത്തില്‍ സമം മുള്ളങ്കിനീര് ചേര്‍ത്ത് കഴിച്ചാല്‍ മൂത്രക്കല്ല് പെട്ടെന്ന് പൊടിഞ്ഞു പോകും.

ഉഴുന്ന് വാതത്തെ ശമിപ്പിക്കുകയും പിത്തത്തെ വര്‍ധിപ്പിക്കുകയും ചെയ്യുന്നു വായു കോപത്തെ ഉണ്ടാക്കുന്നതിനാല്‍ അല്‍പ്പം കായം ചേര്‍ത്ത് ഉപയോഗിക്കുന്നത് കൂടുതല്‍ ഗുണകരമാകും.

അഗ്നിമന്ദ്യം തീര്‍ക്കുന്നതിന് ഉഴുന്ന് വളരെ നല്ലതാണ് ഉഴുന്നുകൊണ്ടുള്ള ഏതു ഭക്ഷ്യവസ്തുക്കളും മെലിഞ്ഞശരീരമുള്ളവര്‍ക്ക് ഉത്തമമായ ആഹാരമാണ്. പ്രമേഹരോഗികള്‍ക്ക് രാത്രി ഭക്ഷണത്തിന് ഉഴുന്നുകൊണ്ടുള്ള ഇഡലി നല്ലതാണ്.ഇഡലിയുടെ മാവ് അധികം പുളിപ്പിക്കാതെ ഉപയോഗിക്കുകയാണ് വേണ്ടത്.
ഞരമ്പുരോഗങ്ങള്‍, വയറുകടി , പക്ഷാഘാതം, അതിസാരം എന്നിവയ്ക്ക് ഉഴുന്ന് വളരെ ഫലപ്രദമാണ്.
ഗ്ര്ഭാപാത്രസംബന്ധമായ രോഗങ്ങള്‍ക്ക് ഉഴുന്ന് വറുത്ത് കഴിക്കുന്നത്‌ നല്ലതാണ്. സ്ത്രീകള്‍ക്ക് മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിനും ഉഴുന്ന് ഫലപ്രദമാണ്.

ഉഴുന്ന് കഷായംവെച്ച് ഇരട്ടിമധുരം അരച്ചുകലക്കി എണ്ണ കാച്ചി തേയ്ക്കുകയും രാത്രി നെയ്യില്‍ ഉണ്ടാക്കിയ ഉഴുന്നുവട കഴിച്ച് മീതെ പാല്‍ കഴിക്കുകയും ചെയ്‌താല്‍ തലവേദന എത്ര പഴകിയതായാലും കുറയുന്നതാണ്.
60 ഗ്രാം ഉഴുന്ന് കിഴികെട്ടി ഉരി പാലില്‍ രണ്ടു നാഴി വെള്ളം ചേര്‍ത്ത് കിഴി അതില്‍ ഇട്ട് കുറുക്കി പാലളവായാല്‍ കിഴി പിഴിഞ്ഞ് പഞ്ചസാര ചേര്‍ത്ത് രാത്രി കുടിക്കുക. നല്ല ഉറക്കം കിട്ടും.

ഉഴുന്ന്,ഇരട്ടിമധുരം, പാല്‍ ,മുതുക്കിന്‍കിഴങ്ങ് എന്നിവ ശീലപൊ ടിയാക്കി പഞ്ചസാര ചേര്‍ത്ത് തേനില്‍ കുഴച്ച് അതിരാവിലെ വെറും വയറ്റില്‍ കഴിച്ചതിനുശേഷം പാല്‍ കുടിക്കുക. അസ്ഥിസ്രാവം ശമിക്കും.
ഉഴുന്ന്,നായ്ക്കുരണവേര്, വെളുത്ത ആവണക്കിന്‍ വേര് ഇവകൊണ്ടുള്ള കഷായം ഇന്തുപ്പും കായവും മേമ്പൊടി ചേര്‍ത്ത് കഴിച്ചാല്‍ പക്ഷാഘാതത്തിന്‌ ആശ്വാസം ലഭിക്കും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ റെസിപ്പികള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

ഈ സൗന്ദര്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം വെളിച്ചെണ്ണയില്‍