ഔഷധ ഗുണത്തില്‍ ചെറുതല്ല കാ‍ന്താരി

കാണാൻ ഇത്തിരി കുഞ്ഞൻ മുളക് ആണെങ്കിലും, എരിവിന്റെ കാര്യത്തിൽ രാജാവാണ് നമ്മുടെ നാടൻ മുളകിനമായ കാ‍ന്താരി എന്നാ കാര്യത്തിൽ ആർക്കും സംശയം ഉണ്ടാകില്ല.

കറികളിൽ കൂടുതലായി ചേർത്ത് കാണാറില്ല എങ്കിലും, അച്ചാറുകളിലും ചമ്മന്തിയിലുമെല്ലാം ഉസ്താദ് ആണ് കാ‍ന്താരി. പച്ചമുളകിനെ അപേക്ഷിച്ച് കാന്തരിക്കുള്ള രുചിപ്പെരുമ പിന്നെ പറയുകയും വേണ്ട.

രണ്ടു കാന്താരി മുളകും ഇത്തിരി ഉപ്പും അര ടീസ്പൂണ്‍ വെളിച്ചണ്ണയും ഉണ്ടെങ്കിൽ എത്ര ചോറ് വേണമെങ്കിലും ഉണ്ണാം എന്നാണ് പൊതുവെ പറയപ്പെടുന്നത്.

എന്നാൽ ഈ പറയുന്ന രുചിപ്പെരുമക്ക് അപ്പുറമാണ്, കാന്താരിയുടെ ഔഷധ ഗുണം. എരിവ് കൂടുന്തോറും ഔഷധമൂല്യവും കൂടും എന്നാണ് പറയപ്പെടുന്നത്.

കാന്താരിയിൽ അടങ്ങിയിരിക്കുന്ന  രസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്. കാന്താരിയിലെ ‘ജീവകം സി’ ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.

മാത്രമല്ല ,  ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കും. കൊളസ്‌ട്രോൾ കുറയ്‌ക്കാനും രക്തക്കുഴലുകൾ കട്ടിയാവുന്നത്  തടയുകയും ചെയ്യുന്നു ഈ ഇത്തിരി കുഞ്ഞൻ മുളക്

ഉമിനീരുൾപ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിച്ച്  അതുവഴി ദഹന പ്രക്രിയയെ  ത്വരിതപ്പെടുത്തുന്ന കാ‍ന്താരി , തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.

അത് കൊണ്ട്, കേവലമൊരു മുളക് എന്ന് പറഞ്ഞ കാന്താരിയെ അങ്ങനങ്ങ് തള്ളിക്കളയണ്ട, ആരോഗ്യ സംരക്ഷണത്തിൽ മികച്ച പങ്ക് വഹിക്കാൻ ഈ ഇത്തിരിക്കുഞ്ഞന് പറ്റും