എന്താണ് ടൈപ്പ് 1 പ്രമേഹം ?

ടൈപ്പ് 1 പ്രമേഹം
കുട്ടികളിലും ചെറുപ്രായക്കാരിലും കാണപ്പെടുന്ന പ്രമേഹമാണിത്. ഇന്‍സുലിന്‍ ആശ്രിത പ്രമേഹം എന്നാണ് മുന്‍കാലങ്ങളില്‍ ടൈപ്പ് 1 പ്രമേഹം അറിയപ്പെട്ടിരുന്നത്. ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാ കോശങ്ങള്‍ പൂര്‍ണമായും നശിക്കുന്നതാണ് ടൈപ്പ് 1 പ്രമേഹത്തിന് കാരണം. അതിനാല്‍ ഗുളിക കഴിക്കുന്നതുകൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഒരു മാറ്റവും സംഭവിക്കുന്നില്ല.

പ്രമേഹരോഗികള്‍ കഴിക്കുന്ന ഗുളികകള്‍ പ്രധാനമായും ബീറ്റാ കോശങ്ങളില്‍ നിന്ന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കുവാന്‍ സഹായിക്കുന്നവയാണ്. ടൈപ്പ് 1 പ്രമേഹരോഗികളില്‍ ബീറ്റാകോശങ്ങള്‍ പൂര്‍ണമായും നശിച്ചുപോയതുകാരണം ഗുളികകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാതെ വരുന്നു. അതിനാല്‍ ഇന്‍സുലിന്‍ കുത്തിവയ്പാണ് ഏകചികിത്സ. ടൈപ്പ് 1 പ്രമേഹമുള്ളവരില്‍ 95 ശതമാനത്തിലധികം പേര്‍ക്കും ഇന്‍സുലിന്‍ കുത്തിവയ്പ് കൂടിയേതീരൂ. ഫലവത്തായ മറ്റൊരു ചികിത്സയും നിലവില്‍ കണ്ടെത്തിയിട്ടില്ല.

അകാരണമായി ശരീരം മെലിയുക, കടുത്ത ക്ഷീണവും ദാഹവും, കൂടുതലായി മൂത്രമൊഴിക്കുക, പെട്ടെന്നുള്ള തൂക്കക്കുറവ് എന്നിവയാണ് ടൈപ്പ് 1 പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. മുതിര്‍ന്നവരെ അപേക്ഷിച്ച് കുഞ്ഞുങ്ങളില്‍ പ്രമേഹം അത്രത്തോളം സാധാരണമല്ലാത്തതിനാല്‍ പലപ്പോഴും രോഗം കണ്ടെത്തുന്നതു വളരെ വൈകിയാണ്. എന്നാല്‍ എത്ര ചെറുപ്രായത്തിലും ടൈപ്പ് 1 പ്രമേഹം വരാം എന്ന് അറിയണം.

രണ്ടുവയസില്‍ താഴെയുള്ള കുട്ടികളില്‍പോലും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്. അവര്‍ക്ക് ആ പ്രായം മുതല്‍തന്നെ ഇന്‍സുലിന്‍ കുത്തിവയ്പ് തുടങ്ങേണ്ടിവരും. സാധാരണഗതിയില്‍ 18-20 വയസിന് മുമ്പായിട്ടാണ് രോഗം കാണാറുള്ളത്. 35-40 വയസിനു മുകളിലുള്ളവരില്‍ ടൈപ്പ് 1 പ്രമേഹം അത്യപൂര്‍വമായി മാത്രമാണ് കാണുന്നത്. കംപ്യൂട്ടര്‍ ഗെയിമുകള്‍, ടെലിവിഷന്‍, ടാബുകള്‍, മൊബൈല്‍ ഫോണ്‍ മുതലായവ കുട്ടികളുടെ പ്രിയവിനോദങ്ങളായതോടെ കായികാധ്വാനവും വ്യായാമവും കുറഞ്ഞത് കുട്ടികളിലെ പ്രമേഹം കൂടാന്‍ കാരണമായിട്ടുണ്ട്.

അതേസമയം പ്രമേഹമുള്ള കുട്ടികള്‍ കളിക്കുന്നതിനും കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ചിട്ടകള്‍ ഉണ്ടാകുന്നതാണ് നല്ലത്. കാരണം ഓടിച്ചാടി കളിക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴും ശരീരത്തിലെ ഗ്ലൂക്കോസ് കുറയാന്‍ സാധ്യതയുണ്ട്. അധിക വ്യായാമം മൂലം ഷുഗര്‍ പെട്ടെന്ന് കുറഞ്ഞാല്‍ ജീവനുതന്നെ ഭീഷണിയുണ്ടാകാം. ടൈപ്പ് 1 പ്രമേഹം ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ യാതൊരുവിധ പ്രതിബന്ധങ്ങളും സൃഷ്ടിക്കുന്നില്ല. കൃത്യമായ അളവില്‍ ഇന്‍സുലില്‍ എടുത്ത് ചിട്ടയായി ജീവിക്കണം എന്നുമാത്രം. രോഗത്തെ ഫലപ്രദമായി നിയന്ത്രിച്ച് നിര്‍ത്താനായാല്‍ ഒരു തരത്തിലുള്ള വിഷമതകളും വരാതെ മുന്നേറാനാവും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക. കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

മുട്ട് വേദനയ്ക്ക് വീട്ടില്‍ ചെയ്യാവുന്ന ഒറ്റമൂലി