ഗര്‍ഭസ്ഥ ശിശുവിന്‍റെ വൈകല്യം നേരത്തെ അറിയാന്‍

ഗര്‍ഭാവസ്ഥയില്‍ ആദ്യത്തെ മൂന്നുമാസം വളരെ പ്രധാനപ്പെട്ടതായതിനാല്‍ ജനിതക വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനും അനുയോജ്യമായ സമയം ആദ്യമൂന്നു മാസമാണ്. അതായത് ഒന്നാം ട്രെമസ്റ്റര്‍. ജനിതകപരമായ വൈകല്യങ്ങള്‍ ആദ്യ ട്രൈമസ്റ്ററില്‍ (11- 12 ആഴ്ച) കണ്ടെത്തുന്നതാണ് ഉചിതം.

മൂന്നു മാസത്തിനുശേഷം ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകും. അതുകൊണ്ടുതന്നെ ആദ്യമൂന്നു മാസങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ആദ്യമൂന്നുമാസങ്ങളില്‍ നടത്തുന്ന ടെസ്റ്റുകളിലൂടെ അമ്മയ്ക്കും കുഞ്ഞിനും ദോഷമാകാത്ത രീതിയില്‍ ഗര്‍ഭസ്ഥശിശുവിന്റെ ജനിതക വൈകല്യങ്ങള്‍ കണ്ടെത്താന്‍ കഴിയണം.

 

ആദ്യ ട്രെമസ്റ്റര്‍ സ്‌ക്രീനിങില്‍ 11- 12 ആഴ്ചയില്‍ നടത്തുന്ന സ്‌കാനിങ് വളരെ പ്രധാനപ്പെട്ടതാണ്. ഗര്‍ഭസ്ഥശിശുവിന്റെ കഴുത്തിന്റെ എല്ല് മുതല്‍ ത്വക്ക് വരെയുള്ള ഭാഗം നൂക്കല്‍ ട്രാന്‍സുസെന്‍സി (എന്‍ റ്റി സ്‌കാന്‍) സ്‌കാനിങിലൂടെ കുഞ്ഞിനു ജനിതകപരമായ വൈകല്യമുണ്ടോയെന്നു കണ്ടെത്തുന്നതിനു സഹായിക്കുന്നു.

ഡൗണ്‍സിന്‍ഡ്രം ഉള്‍പ്പെടെയുള്ള വൈകല്യങ്ങള്‍ കണ്ടെത്തുന്നതിനു 11-12 ആഴ്ചയില്‍ സ്‌കാനിങ് നടത്തുന്നതാണ് ഏറ്റവും നല്ലത്. ഇതിനു ചില മെഷര്‍മെന്റുകള്‍ ഉണ്ട്.

അതിന്റെ അടിസ്ഥാനത്തിലായിരിക്കും കുഞ്ഞിന്റെ ജനിതക വൈകല്യങ്ങള്‍ കണ്ടെത്തുന്നത്. വളരെ വൈകി ഗര്‍ഭം ധരിക്കുന്ന സ്ത്രീകളില്‍ സ്‌കാനിങ്ങിനൊപ്പം ഡബിള്‍ മാര്‍ക്കര്‍ എന്ന രക്ത പരിശോധന കൂടി നിര്‍ദേശിക്കാറുണ്ട്.

 

അമ്മയുടെ ശരീരത്തില്‍നിന്നുള്ള് രണ്ടുഘടകങ്ങളാണ് ഡബിള്‍ മാര്‍ക്കര്‍ രക്ത പരിശോധനയിലൂടെ നിര്‍ണയിക്കുക. ഡബിള്‍ മാര്‍ക്കറിന്റെ അളവ് കൂടുതലാണോ കുറവാണോ എന്നതിനൊപ്പം എന്‍ റ്റി സ്‌കാനിന്റെ അളവ് കൂടി കണക്കാക്കിയാണ് ഗര്‍ഭസ്ഥശിശുവിനു ജനിതക വൈകല്യങ്ങള്‍ ഉണ്ടോയെന്നു കണ്ടെത്തുക. ഈ രണ്ടു ടെസ്റ്റുകളുടെ പിന്‍ബലത്തില്‍ എണ്‍പത്തിയഞ്ചു ശതമാനവും കുഞ്ഞിനു വൈകല്യമുണ്ടെന്ന നിഗമനത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

ആദ്യ മൂന്നു മാസത്തെ ടെസ്റ്റുകളില്‍ കണ്ടെത്താന്‍ കഴിയാത്ത ജനിതക പ്രശ്‌നങ്ങള്‍ രണ്ടാം ട്രെമസ്റ്ററില്‍ കണ്ടെത്താനാകും. അതായത് അമ്മയുടെ ശരീരത്തിലെ രക്തത്തില്‍ നിന്ന് മൂന്നു ഘടകങ്ങള്‍ പരിശോധിക്കും. ട്രിപ്പിള്‍ മാര്‍ക്കര്‍ എന്നറിയപ്പെടുന്ന ഈ പരിശോധനയില്‍ പ്രധാനമായും ജനിതകപരമായ ഘടകങ്ങളായിരിക്കും പരിശോധിക്കുക.

ഗര്‍ഭസ്ഥശിശുവിന്റെ കൈകളുടെയും കാലുകളുടെയും നീളം, മൂക്കിന്റെ പാലം, നെറ്റിത്തടത്തിന്റെ ആകൃതി, വൃക്കയുടെ വലിപ്പം തുടങ്ങി പത്തോളം ജനിതക ഘടകങ്ങള്‍ അമ്‌നിയോസിന്തസിസ് പരിശോധനയിലൂടെ കണ്ടെത്തുന്നു.