പുളിയാറിലയുടെ ഔഷധ ഗുണങ്ങള്‍ അറിയൂ

പുളിരസമുള്ള ഇലകളും തണ്ടുകളുമുള്ള , പടർന്നു വളരുന്ന, ഒരു ചെറിയ സസ്യമാണ് പുളിയാറില.
പുളിരസം ഉള്ളതുകൊണ്ട് സംസ്കൃതത്തിൽ ഇതിനെ അമ്ളീക എന്ന് വിളിക്കുന്നു.
സംസ്കൃതത്തിൽ ചാർങ്ഗേരി എന്നും പേരുണ്ട്.
ശാസ്ത്രനാമം : ഓക്സാലിസ് കോർണിക്കുലേറ്റ
Family: oxalidaceae ( ഓക്സാലി ഡേസ്യേ)

ഓരോ ഇലയും ത്രികോണാകൃതിയിൽ മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. മൂന്നായി പിരിഞ്ഞ ഇലയുടെ ഓരോ ഭാഗവും അഗ്രഭാഗത്ത് രണ്ടായി പിരിഞ്ഞ പോലെ കാണുന്നു. ഒറ്റനോട്ടത്തിൽ ആറില പോലെ തോന്നും. പുളിരസമുള്ള ആറിലയാണ് മലയാളത്തിൽ പുളിയാറില എന്നറിയപ്പെടുന്നത്.
പൂക്കൾ മഞ്ഞ നിറമുള്ളതും തീരെ ചെറുതുമാണ്. ഓരോ പൂവിനും 5 ഇതളുകൾ ഉണ്ട്.
ഇതിൽ , പൊട്ടാഷ്യം, വൈറ്റമിൻ സി. ഇവ ധാരാളം അടങ്ങിയിരിക്കുന്നു.

ഔഷധ ഗുണങ്ങൾ
ദഹനശക്തി വർദ്ധിപ്പിക്കുന്നു. അഗ്നിമാന്ദ്യം , വയറിളക്കം , രക്താതിസാരം, രക്താർശസ്സ് ഇവ ശമിപ്പിക്കുന്നു.
ചെടി സമൂലമായാണ് ഔഷധാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
എഴുത്തുകാരി മൈന ഉമൈബാൻ ആത്മകഥയിൽ കൊത്തിപ്പെറുക്കി നടന്ന ബാല്യ കാലത്ത് ഈ ചെടിയുടെ ഇളം കായ്കൾ പറിച്ചു തിന്നിരുന്നതായി ഓർക്കുന്നു
ആ ചവച്ചു തിന്നലുകൾ ഇന്ന് ഒരു ഗുണവുമില്ലാത്ത ച്യൂയിംഗത്തിലേക്ക് മാറി.
പുളിയാറില വീട്ടിൽ നട്ടുവളർത്തിയാൽ ദഹനക്കേട്, വയറുകടി, വയറിളക്കം എന്നീ രോഗങ്ങൾ വരുമ്പോൾ, പുളിയാറില ഇട്ട് കറി വയ്ച്ച് ചോറിനൊപ്പം കഴിച്ചാൽ ചോറിന് കൂട്ടാനുമായി, രോഗത്തിന് ശമനവുമായി.
പുളിശ്ശേരി, മോര്, രസം എന്നിവ ഉണ്ടാക്കാം.
ചെറിയ മണമുള്ള പുളിരസമുള്ള ഇലകൾ ആയതു കൊണ്ട് ഇലകൾ സവാളയും ഉപ്പും ചേർത്ത് സാലഡ് ഉണ്ടാക്കാം .
രൂക്ഷമായ വയറിളക്കത്തില്‍ പോലും പുളിയാറിലനീരോ, പുളിയാറില അരച്ചതോ, മോരില്‍ ചേര്‍ത്ത് കഴിച്ചാല്‍ മതിയാകും.
വൈറ്റമിൻ സി ധാരാളം അടങ്ങിയിട്ടുള്ളതുകൊണ്ട് സ്കർവിയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
നാടൻ കോഴികൾക്ക് ഇതിന്റെ തളിരില വിരിയുമ്പോഴേക്കും കൊത്തി തിന്നൽ പ്രധാനമാണ്. പറമ്പിലുള്ള എല്ലാം തിന്നുന്ന കൂട്ടത്തിൽ കോഴികൾ വിഷാംശമുള്ളതും കഴിച്ചു പോയാൽ അത് നിർഹരിക്കാനുള്ള പ്രകൃതിയറിവാണ് ആ കോഴിത്തീറ്റയെന്ന് പഴമക്കാർ പറയുന്നു
ഓക്സാലിക് ആസിഡ് ധാരാളമുള്ളതുകൊണ്ട് മുരിങ്ങയില,ചീര പോലെ സ്ഥിരം കറിയാക്കുന്നത് ഉചിതമല്ല.

പുളിയാറില കഞ്ഞി
പൊടിയരി : 250 ഗ്രാം
പുളിയാറില : ഒരു കപ്പ്
ഉപ്പ് : പാകത്തിന് വെള്ളം : ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം വെള്ളം തിളപ്പിച്ചശേഷം അതിലേക്ക് കഴുകി വാരിയ പൊടിയരി ഇടുക. തിളയ്ക്കുമ്പോൾ ഒരു കപ്പ്
പുളിയാറില അരിഞ്ഞത് ചേർത്ത് വേവിക്കുക. വെന്തശേഷം പുളിയാറില കഞ്ഞി ഇറക്കിവെക്കുക. തണുത്തശേഷം ഉപയോഗിക്കാം. എന്തു കഴിച്ചാലും ടോയ്ലറ്റിൽ പോകണമെന്ന ശീലമുള്ളവർക്ക് ഈ കഞ്ഞി ഫലപ്രദമാണ് .

പുളിയാറില മോര്
പുളിയാറില എണ്ണയിൽ വഴറ്റി അതിൽ തേങ്ങ, ജീരകം ,പച്ചമുളക് ഇവ നന്നായി അരച്ചത് ചേർത്ത് ,മോരും ചേർത്ത് ഇളക്കി തിളച്ച് വരുന്നതിന് മുൻപ് വാങ്ങി വച്ച് ഉപയോഗിക്കാം. ഉലുവ ,കറിവേപ്പില ,ഉണക്കമുളക് ഇവ ചേർത്ത് താളിച്ചാൽ സ്വാദേറും.
പുളിയാറില ചമ്മന്തി
കാന്താരിമുളകും നാളികേരവും ചേർത്ത് ചമ്മന്തിയരക്കുമ്പോൾ പുളിക്കു പകരം ഈ ഇല ചേർത്താൽ വയറിനും നന്ന്.
ഇവയെ ചട്ടിയിൽ വളർത്തിയാൽ ഉദ്യാനസസ്യം ആയി പരിഗണിക്കാം.
ഉറികളിൽ ചട്ടി വച്ച് തൂക്കിയിട്ടാൽ ഭംഗിയായി താഴോട്ട് വളരും.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഇത് നിങ്ങളുടെ കൂട്ടുകാര്‍ക്കും ഷെയര്‍ ചെയ്യുക . കൂടുതല്‍ ഉപകാരപ്രദമായ പോസ്റ്റുകള്‍ ടൈം ലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക്ക് ചെയ്യുക.

പഴക്കം ചെന്ന നോണ്‍ സ്റ്റിക്ക് പാത്രങ്ങള്‍ ഉപയോഗിക്കല്ലേ