സൗന്ദര്യം ക്രീമുകള്‍ പുരട്ടിയാല്‍

ത്വക്കിന്റെ സൗന്ദര്യം കൂട്ടാനുപയോഗിക്കുന്ന ക്രീമുകളിനി ധൈര്യമായി വാങ്ങിക്കോളൂ. കാരണം ഇവയ്ക്ക് നിങ്ങളെ ഗുരുതരമായ പാര്‍ക്കിന്‍സണ്‍സില്‍ നിന്ന് രക്ഷിക്കാനാകുമത്രേ. തലച്ചോറിലെ കോശങ്ങളിലെ പാര്‍ക്കിന്‍സണ്‍ ബാധയെ മന്ദഗതിയിലാക്കാനോ ഇവ ഉണ്ടാകുന്നത് തടയാനോ പോലുമുളള ശക്തി ക്രീമുകളിലടങ്ങിയിരിക്കുന്ന പല ഘടകങ്ങള്‍ക്കുമുണ്ടത്രേ. പാര്‍ക്കിന്‍സണ്‍ ബാധിച്ച മൃഗങ്ങളില്‍ കിനെറ്റിന്‍ എന്ന ഇത്തരം മരുന്നുകള്‍ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.

ഉഷ്ണമേഖലാ രാഷ്ഠ്രങ്ങളില്‍ തൊലി ചുളിയുന്നതിന് പുരട്ടുന്ന സൗന്ദര്യവര്‍ദ്ധക വസ്തുവാണ് കിനെറ്റിന്‍. ഇത് മിക്ക മരുന്ന് കടകളിലും ലഭിക്കും. സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹോവാര്‍ഡ് ഹഗ്‌സ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഗവേഷകന്‍ കേവന്‍ ഷൊകാത്താണ് ഈ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കിനെറ്റില്‍ എന്ന ഈ മരുന്ന് വളരെ സുരക്ഷിതവും ആളുകളുപയോഗിക്കുന്നതുമാണ്.

പാര്‍ക്കിന്‍സണ്‍സ് ഒരു ജനിതകരോഗമാണ്. തലച്ചോറിലെ നാഡികളുടെ നാശമാണ് പാര്‍ക്കിന്‍സണ്‍സ് ബാധയുണ്ടാക്കുന്നത്. ഇത് നമ്മുടെ ചലനശേഷിയെ ബാധിക്കുന്നു. ക്രമേണ നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ടാകുന്നു. രോഗബാധ മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നതോടെ മറവിയും ഗുരുതരമായ മറ്റ് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും നാം അടിപ്പെടുന്നു.

2004ല്‍ ഇറ്റാലിയന്‍ കുടുംബത്തെ ശാസ്ത്രജ്ഞര്‍ പഠന വിധേയമാക്കിയപ്പോള്‍ ഇത് പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെടുന്ന പിങ്ക് വണ്‍ എന്ന മാംസ്യതന്മാത്ര രോഗം തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നത് തടയുമെന്ന് കണ്ടെത്തിയിരുന്നു. പിങ്ക് വണ്‍ എന്ന ഈ മാംസ്യം നശിപ്പിക്കപ്പെട്ട മൈറ്റോകോണ്‍ട്രിയ കോശങ്ങളുമായി സമ്പര്‍ക്കത്തില്‍ വരികയും പാര്‍ക്കിന്‍ എന്ന മറ്റൊരു മാംസ്യതന്‍മാത്ര മൈറ്റോകോണ്‍ട്രിയയില്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഇത് ഊര്‍ജ്ജോത്പാദനത്തെ സഹായിക്കുന്ന മൈറ്റോകോണ്‍ട്രിയെ പുനരുജ്ജീവിപ്പിക്കുന്നു. നാഡികള്‍ക്ക് ഉയര്‍ന്ന ഊര്‍ജ്ജം അത്യാവശ്യമാണ്. മൈറ്റോകോണ്‍ട്രിയ നശിക്കുന്നതോടെ നാഡികോശങ്ങളും നശിപ്പിക്കപ്പെടുന്നു. പിങ്ക് വണ്ണിന്റെ സ്വാധീനം പാര്‍ക്കിന്‍സണ്‍ ബാധയെ തടയുന്നു. പിങ്ക് വണ്‍ കൂടുതല്‍ ഉത്പാദിപ്പിച്ച് കോശങ്ങള്‍ നശിക്കാതെ സംരക്ഷിക്കാനുളള മാര്‍ഗങ്ങള്‍ തേടുകയാണ് ശാസ്ത്രലോകം.