പനിയെക്കുറിച്ച് അനാവശ്യ പരിഭ്രാന്തി വേണ്ട- വേണം അതീവ ജാഗ്രത

പനിയെക്കുറിച്ച് അനാവശ്യ പരിഭ്രാന്തി വേണ്ട. എന്നാല്‍ ജീവിതശൈലി രോഗമുള്ളവരുടെയും വയോജനങ്ങളുടെയുമെല്ലാം കാര്യത്തില്‍ അതീവ ജാഗ്രത ആവശ്യമാണ്

സംസ്ഥാനത്ത് ഇത്തവണയും പനി പിടിമുറുക്കുകയാണ്. പനി ബാധിതരുടെ എണ്ണവും പനിയെ തുടര്‍ന്നുള്ള മരണങ്ങളും ആശങ്ക ഉയര്‍ത്തും വിധം വര്‍ധിച്ചിട്ടുണ്ട്. ഇത്തവണ എച്ച് വണ്‍ എന്‍ വണ്‍ പനിയും ഡെങ്കിപ്പനിയുമാണ് ഇതിനകം കൂടുതല്‍ അപകടകരമായി മാറിയത്.

പനി വന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാന്‍ താഴെ പോയി വീഡിയോ കാണുക

മഴക്കാലമെത്തിയാല്‍ കേരളം പനിയുടെ പിടിയിലാവുക എന്നത് പതിവ് കാര്യമല്ലേ എന്ന് ചിന്തിച്ചേക്കാം. ശരിയാണ്, കുറേ വര്‍ഷങ്ങളായി കേരളത്തിന് മഴക്കാലം പനിക്കാലമാണ്. പനിയെക്കുറിച്ച് അനാവശ്യ പരിഭ്രാന്തികളോ പേടിയോ ആവശ്യമില്ല താനും. എന്നാല്‍ ചില മാറ്റങ്ങള്‍ ഇക്കാര്യത്തില്‍ വന്നുകൊണ്ടിരിക്കുന്നുണ്ട് എന്ന കാര്യം തിരിച്ചറിയണം. അതിനനുസരിച്ച് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. കാരണം സാധാരണ ജലദോഷപ്പനി മാത്രമല്ല നമുക്ക് ചുറ്റുമുള്ളത്. എച്ച് വണ്‍ എന്‍ വണ്‍, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ എലിപ്പനി, മലമ്പനി തുടങ്ങി വിവധതരം പകര്‍ച്ചവ്യാധികളുണ്ട്.

അവ പടരാനുള്ള അനുകൂല സാഹചര്യങ്ങളും കേരളത്തിലുണ്ട്. ഇവയുടെയെല്ലാം ലക്ഷണങ്ങള്‍ എറെക്കുറേ സമാനവുമാണ്. അതുകൊണ്ട് പനിയെ പ്രതിരോധിക്കുന്നതിലും പനിവന്നാല്‍ ചികിത്സ തേടുന്നതിലും കൂടുതല്‍ കരുതല്‍ ആവശ്യമാണ്. ഇതിന് പുറമേ സിക്ക പനിക്കെതിരെയും കേരളം അതിവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

പനി സങ്കീര്‍ണമാകാന്‍ ഇടയാക്കുന്ന ചില സഹാചര്യങ്ങള്‍ കേരളത്തില്‍ കൂടുതലാണ്് എന്നത് വലിയ വെല്ലുവിളിയാണ്. അതില്‍ പ്രധാനമാണ് ജീവിതശൈലി രോഗങ്ങള്‍. പ്രമേഹം, അമിത ബി.പി, കരള്‍ രോഗങ്ങള്‍ എന്നിവ ബാധിച്ചവര്‍ പനിക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. മാത്രമല്ല വയോജനങ്ങളും കുഞ്ഞുങ്ങളും ഗര്‍ഭിണികളും പനിക്കെതിരെ കരുതല്‍ സ്വീകരിക്കണം. അല്ലെങ്കില്‍ അത് സങ്കീര്‍ണതയിലേക്ക് നീങ്ങിയേക്കും.

പ്രമേഹരോഗികള്‍ക്ക് രോഗപ്രതിരോധ ശേഷി കുറവായതുകൊണ്ട് പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ സങ്കീര്‍ണതിയിലേക്ക് നീങ്ങാനും ഇടയുണ്ടെന്ന് തിരുവന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. ബി. പദ്മകുമാര്‍ പറയുന്നു. പ്രമേഹരോഗികള്‍ക്ക് പനി ബാധിച്ചാല്‍ ഷുഗര്‍ നില കൂടാനോ കുറയാനോ സാധ്യതയുണ്ട്. അതുകൊണ്ട് പനി ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ ഡോക്ടറെ നേരില്‍ കണ്ട് ചികിത്സ ചെയ്യണം.

കരള്‍ രോഗികളുടെ എണ്ണവും കേരളത്തില്‍ കൂടുന്നുണ്ട്. ഡെങ്കിപ്പനിയും എലിപ്പനിയും എച്ച് വണ്‍ എന്‍ വണ്‍ പനിയും കരളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാനിടയുള്ള രോഗങ്ങളാണ്. അതുകൊണ്ട് എത് വിധത്തിലുള്ള കരള്‍ രോഗമുള്ളവരായാലും പനിവന്നാല്‍ ചികിത്സ വൈകിക്കരുത്.
ഗര്‍ഭിണികളികള്‍ പനി ചിലപ്പോള്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഇടവരുത്തിയേക്കാം. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെതന്നെ ബാധിക്കാനും സാധ്യതയുണ്ട്.
വൃദ്ധജനങ്ങളില്‍ രോഗാണുബാധ ഉണ്ടാകുമ്പോള്‍ തന്നെ പനി ഉണ്ടാകണമെന്നില്ല. അതുകൊണ്ട് തന്നെ അവ്യക്തമായ പനി ലക്ഷണങ്ങള്‍ രോഗനിര്‍ണയത്തെയും ബാധിച്ചേക്കാം. പനി ഉണ്ടാകുമ്പോള്‍ ഗ്ലൂക്കോസ് നിലയിലും സോഡിയത്തിന്റെ അളവിലുമെല്ലാം മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും വയോജനങ്ങളില്‍ കൂടുതലാണ്.

ഇതിനെല്ലാം പുറമേ, ഡെങ്കിപ്പനി രണ്ടാമത് വന്നാലുള്ള സങ്കീര്‍ണതകള്‍ മറ്റൊരു വെല്ലുവിളിയാണ്. കേരളത്തില്‍ ഡെങ്കിപ്പനി വ്യാപകമാകുന്ന സഹാചര്യത്തില്‍ ഒരിക്കല്‍ ഡെങ്കിപ്പനി വന്നവര്‍ക്ക് വീണ്ടും വരാതിരിക്കാന്‍ അതീവ ജാഗ്രതതന്നെ വേണം. ഡെങ്കിവൈറസുകള്‍ നാലുതരമുണ്ട്. അതുകൊണ്ട് ഒരിക്കല്‍ രോഗം വന്നവര്‍ക്കും വീണ്ടും വരാനുള്ള സാധ്യതയുമുണ്ട്. അങ്ങനെ ഉണ്ടായാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയേക്കും.