കൗണ്‍സിലിങ്ങിലൂടെ മാനസിക കരുത്ത്

നവസമൂഹത്തില്‍ അധികം ആവശ്യക്കാരില്ലാത്ത വിഷയമാണ് ഉപദേശം. വ്യക്തിജീവിതത്തിലോ ഒരാളുടെ ഇടപെടലുകളില്‍ സംഭവിക്കുന്ന പിഴവോ പോരായ്മയോ അപാകതയോ അയാളെ ബോധ്യപെടുത്തുക എളുപ്പമല്ല. നിങ്ങള്‍ അങ്ങനെയാകരുത്, ഇങ്ങനെയാകണം തുടങ്ങിയിയ നിര്‍ദേശങ്ങള്‍ക്കു മുമ്പില്‍ തുറന്നിട്ടതല്ല പലരുടേയും മനസ്സിന്റെ വാതില്‍. സ്വന്തം കുറ്റങ്ങളും കുറവുകളും തിരിച്ചറിയുന്നവരല്ല അധികപേരും. ജീവിതത്തില്‍ താളപ്പിഴവുകളുണ്ടാവുമ്പോള്‍ മറ്റു വഴികള്‍ തേടുന്നവരാണ് പൊതുസ്വഭാവം. അപക്വമായ അത്തരം തീരുമാനങ്ങളാണ് പിന്നീട് തിരുത്താനാവാത്ത ദുരുന്തങ്ങളിലേക്ക് എത്തിക്കുന്നതും.

പ്രശ്‌നങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് തലയൂരാന്‍ പലരും സ്വീകരിക്കുന്ന എളുപ്പവഴി സ്വന്തം പോരായിമക്കുനേരെ ശ്രദ്ധനല്‍കാതിരിക്കുകയും മറ്റുള്ളവരേ കുറ്റപെടുത്തുകയുമാണ്. കൗണ്‍സിലിങ് വേളയില്‍ ഒരു മനശാസത്ര ചികിത്സകന്‍ അഭിമുഖീകരിക്കുന്ന ആദ്യ പ്രശ്‌നം ഇതാണ്. മനശാസ്ത്ര ചികിത്സയുടെ പ്രധാന ഘടകമാണ് കൗണ്‍സിലിങ്ങ്. പ്രശ്‌നങ്ങള്‍ തിരിച്ചറിയാന്‍ മനസിനെ സജ്ജമാക്കുകയാണ് കൗണ്‍സിലിങ്ങിന്റെ ആദ്യ ഘട്ടം. തുടര്‍ന്ന് എന്താണ് പ്രശ്‌നമെന്ന് കണ്ടെത്തുകയും സ്വാഭാവിക ഉപദേശങ്ങള്‍ക്കപ്പുറം അിതിതീവ്രമായ സ്വാധീനവും ബോധ്യപെടുത്തലുകളുമാണ് കൗണ്‍സിലിങ്ങ്. അതിലൂടെ ആ വ്യക്തിയെ പ്രശ്‌നം ബോധ്യപ്പെടുത്തുകയാണ് ചെയ്യുന്നത്.

മനുഷ്യന്റെ ജീവിതം സാര്‍ത്ഥകമാക്കുന്നത് അവന്റെ മനസാണ്. മനസ് ശരിയല്ലെങ്കില്‍ അവന് ആസ്വാദനങ്ങളില്ല. അനുഭവങ്ങളുമില്ല. ജീവിതത്തെ തിരിച്ചറിയാനുമാകുന്നില്ല. മനസ് എല്ലായിപ്പോഴും സുശക്തമായിരിക്കണെമെന്ന് ദൈവിക ഗ്രന്ധങ്ങള്‍ ഉണര്‍ത്തുന്നുണ്ട്. അതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അവയില്‍ വിവരിക്കുന്നുമുണ്ട്. ജനിക്കുന്ന ഒരോ കുഞ്ഞിനും മനസുണ്ട്. ആത്മാവുണ്ട്. ക്രമാനുഗതമായ ആ മനസിന്റെ വളര്‍ച്ചയില്‍ ഒരുപാട് ഘടകങ്ങള്‍ സ്വാധീനിക്കപ്പെടുന്നുണ്ട്. സാഹചര്യങ്ങള്‍ക്കനുസരിച്ച് മനസ് വിവേകമതിയാകാം. വികലമാക്കപെടുകയുമാകാം. അതുമല്ലെങ്കില്‍ നമ്മുടെ പ്രയത്‌നങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും വിരുദ്ധമായി മനസ് അനാരോഗ്യകരവുമായിത്തീരാം. മനസിന്റെ വളര്‍ച്ചയിലും തളര്‍ച്ചയിലും അജ്ഞാതമായ സ്വാധീനഘടകങ്ങള്‍ ധാരാളമുണ്ട്. അതിനാല്‍ മനസ് തളരാതിരിക്കാന്‍, കെല്‍പുറ്റതാക്കാന്‍ പലപ്രവര്‍ത്തനങ്ങളും ആവശ്യമാണ്. മനസിന് രോഗം ബാധിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ആ വ്യക്തിയുമായി കൂടുതല്‍ അടുത്തിടപെട്ട് കാരണം മനസിലാക്കാന്‍ സാധിക്കും. കൗണ്‍സിലിങ്ങ് സെന്ററുകളുടെ വളര്‍ച്ചാ നിരക്കുകള്‍ നോക്കിയാന്‍ തന്നെ എത്രത്തോളം രോഗാതുരമാണ് ഹൈടെക് യുഗത്തിലെ മനുഷ്യര്‍ എന്നു മനസിലാക്കാന്‍ സാധിക്കും.

കൗണ്‍സിലിങ്ങിന് ആവശ്യമായ ഒട്ടേറെ കാര്യങ്ങള്‍ സമൂഹത്തിലുണ്ട്. അവയ്ക്കു നേരെ പൊതുവായ തിരുത്തലുകള്‍ മാധ്യമങ്ങളും സംഘടനാ നേതാക്കളുമൊക്കെയാണ് നിര്‍വഹിക്കേണ്ടത്. സൂശ്മ തലത്തിലുള്ള ഇടപെടുലുകളാണ് ഒരു മനശാസ്ത്ര ചികിത്സകന്റെ ദൗത്യം. വ്യക്തികളുടെയും കുടുംബങ്ങളുടെയും പ്രശ്‌നമാണിത്. ഓരോ കുടുബത്തിനകത്തേയും താളപ്പിഴവുകള്‍ അപ്രത്യക്ഷമാകുമ്പോള്‍ സമൂഹം പൊതുവായ മാനസികാരോഗ്യം കൈവരിക്കും.