ഈ സൗന്ദര്യവര്‍ധകങ്ങള്‍ ആശുപത്രിയിലേയ്ക്കുള്ള വഴികാട്ടികള്‍

മനം കവരും സൗന്ദര്യം വാഗ്ദാനം ചെയ്യുന്ന നിരവധി സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ഇവ വന്‍തോതില്‍ വില്‍ക്കപ്പെടുകയും ചെയ്യുന്നു. പല ആളുകളും സൗന്ദര്യ വര്‍ധക വസ്തുക്കള്‍ മാറിമാറി പരീക്ഷിക്കുന്നവരാണ്. ഇങ്ങനെ പുതിയ പുതിയ ഉല്പന്നങ്ങള്‍ പരീക്ഷിക്കുന്നത് അത്ര നല്ലതല്ല. ക്രീമുകളും മറ്റും മാറിമാറി ഉപയോഗിക്കുന്നത് തൊലിയുടെ നിറം മാറുന്നതിനും മുഖക്കുരു ഉണ്ടാവുന്നതിനും കാരണമാകും. ഈ സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലെല്ലാം ഏതെല്ലാം തരത്തിലുള്ള രാസവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ?

സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ കാര്യത്തില്‍ മാത്രമല്ല, നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ടൂത്ത്‌പേസ്റ്റ്, കേശസംരക്ഷണ ഉത്പന്നങ്ങള്‍, ക്രീമുകള്‍, ലോഷനുകള്‍, സ്‌പ്രേകള്‍ എന്നിവയെല്ലാം ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ചും പ്രായമാകലിനെ തടയുന്ന ക്രീമുകളുടെ ഉപയോഗം സ്ത്രീകളില്‍ വന്ധ്യതയ്ക്കും മറ്റ് നിരവധി പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകുന്നതായി വിദഗ്ധര്‍ തന്നെ അഭിപ്രായപ്പെടുന്നു. ഉയര്‍ന്ന അളവില്‍ രാസവസ്തുക്കളടങ്ങിയ നെയില്‍പോളിഷ്, ആന്റിബാക്ടീരിയല്‍ സോപ്പ്, സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ അടങ്ങിയ രാസവസ്തുക്കള്‍ എന്നിവ സ്ത്രീകളില്‍ ഹോര്‍മോണ്‍ തകരാറിനു കാരണമാകുകയും പ്രത്യുല്പ്പാദന വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.

അണ്ഡാശയത്തിന്റെ പ്രവര്‍ത്തന തകരാറിനും ഗര്‍ഭമലസലിനും സ്ത്രീ വന്ധ്യതയ്ക്കും ആന്തരികഗ്രന്ഥികളുടെ പ്രവര്‍ത്തന തടസ്സത്തിനും ഈ രാസവസ്തുക്കള്‍ കാരണമാകും. ആന്റിബാക്ടീരിയല്‍ സോപ്പ് ഗര്‍ഭധാരണ സാധ്യതയെ ഇല്ലാതാക്കും. ജനനവൈകല്യത്തിനും വന്ധ്യതയ്ക്കും കാരണമാകുന്ന നിരവധി രാസവസ്തുക്കളാണ് നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്നത്.
ആന്റിബാക്ടീരിയല്‍ സോപ്പിലടങ്ങിയ ട്രൈക്ലോസാന്‍ എന്ന രാസവസ്തു ആന്തരിക ഗ്രന്ഥി വ്യവസ്ഥയുമായി ബന്ധപ്പെട്ട ഹോര്‍മോണുകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്നു. ഈ രാസവസ്തു പ്രത്യുല്പ്പാദന വ്യവസ്ഥയെയും ബാധിക്കുന്നു.
ചര്‍മ്മ കേശ സംരക്ഷണ ഉത്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ഒരു രാസപദാര്‍ത്ഥമാണ് പാരാബെന്‍. ഷാംപൂ, മോയ്‌സ്ച്വറൈസറുകള്‍, ടൂത്ത്‌പേസ്റ്റുകള്‍, ലൂബ്രിക്കന്റ്‌സ് എന്നിവയിലെല്ലാം പാരാബെന്‍ അടങ്ങിയിട്ടുണ്ട്. ഇത് ക്യാന്‍സറിന് വരെ കാരണമാകുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ചൊറിച്ചില്‍, എക്‌സിമ,താരന്‍, സോറിയാസിസ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളില്‍ പൊതുവെ കാണപ്പെടുന്നതാണ് കോള്‍ടാര്‍. ഇത് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ട് വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.
ക്യാന്‍സറിന് കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ് മെര്‍ക്കുറി. ചില ലിപ്സ്റ്റിക്കുകള്‍ മണിക്കൂറുകളോളം ഒളിമങ്ങാതെ നില്‍ക്കുന്നതായി കാണാം. ഇതിനു കാരണം അതില്‍ ഉപയോഗിച്ചിട്ടുള്ള മെര്‍ക്കുറിയാണ്. ഇത്തരം ലിപ്സ്റ്റിക് ഉപയോഗിക്കുമ്പോള്‍ നിങ്ങള്‍ അറിയാതെ മെര്‍ക്കുറി ഉള്ളിലെത്തും. ഇത് അലര്‍ജിക്കും ക്യാന്‍സറിനും കാരണമാകുന്നു.
ടൂത്ത്‌പേസ്റ്റ്, സോപ്പുകള്‍, ഡിറ്റര്‍ജന്റുകള്‍, ഷേവിംഗ് ക്രീം എന്നിവയിലെല്ലാം അടങ്ങിയിട്ടുള്ളതാണ് സോഡിയം ല്വാറൈല്‍ സള്‍ഫേറ്റ്.പത (ഫോം) ഉണ്ടാകാന്‍ സഹായിക്കുന്ന ഇത് ക്യാന്‍സര്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു.
അണുനാശിനികള്‍, ആന്റിമൈക്രോബിയില്‍ സോപ്പുകള്‍, ഡിഷ്‌വാഷ് ബാറുകള്‍, ഹാന്‍ഡ് വാഷ് ലിക്വിഡുകള്‍ എന്നിവയിലെല്ലാം അടങ്ങിയിട്ടുള്ള മീഥൈല്‍ ഐസോതിയാസോലിനോണ്‍ നാഡീവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന ഒരു രാസവസ്തുവാണ്.

കാജല്‍ ഉപയോഗിക്കുന്നത് വഴി കണ്ണിന് പല പ്രശ്‌നങ്ങളും ഉണ്ടാകാം. കെമിക്കല്‍, ടോക്‌സിക് സമ്പര്‍ക്കം മൂലം നേത്രരോഗങ്ങള്‍, ഗ്ലൂക്കോമ,നിറങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടല്‍ എന്നിവ ഉണ്ടാകാം. കണ്ണിനുള്ളില്‍ സുറുമ, കാജല്‍ തുടങ്ങിയ മേക്കപ്പ് സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

കടുത്ത നിറമുള്ള നെയില്‍ പോളിഷുകള്‍ നഖത്തിന്റെ നിറം മഞ്ഞയാകാന്‍ ഇടയാക്കും.നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്ന അസെറ്റോണ്‍ എന്ന കടുപ്പമുള്ള രാസവസ്തുവിന്റെ ഫലമായാണ് നഖത്തിന്റെ നിറം മാറുന്നത്. നെയില്‍ പോളിഷ് റിമൂവറുകളിലും അസെറ്റോണ്‍, മീഥൈല്‍ മെഥാക്രിലേറ്റ്, ടൗളിന്‍, ഈഥൈല്‍ അസെറ്റേറ്റ് തുടങ്ങിയ വിഷഹാരികളായ രാസവസ്തുക്കള്‍ ആണ് അടങ്ങിയിരിക്കുന്നത്.നഖങ്ങള്‍ക്ക് തിളക്കം നല്‍കുന്ന ടൗളിന്‍, പ്രത്യുല്പ്പാദന വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നു.

എല്ലാ സൗന്ദര്യ വര്‍ധക വസ്തുക്കളിലും അടങ്ങിയിരിക്കുന്ന രാസവസ്തുവായ താലേറ്റുകള്‍, ഹോര്‍മോണ്‍ വ്യതിയാനം, വന്ധ്യത എന്നിവ കൂടാതെ മുലപ്പാല്‍ കുറയാനും കാരണമാകും.
ഈ രാസവസ്‌ക്കളുമായുള്ള സമ്പര്‍ക്കം, സ്ത്രീകളില്‍ ഗര്‍ഭമലസലിനും കുട്ടികളില്‍ ശാരീരികവും മാനസികവുമായ ജനനവൈകല്യങ്ങള്‍ക്കും കാരണമാകും.