ഗര്‍ഭകാലം, ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജന്മം പൂര്‍ണതയിലെത്തി എന്നതിന്റെ അടയാളമാണ്. ഗര്‍ഭിണിയായാല്‍ പിന്നെ അമ്മയ്ക്കും കുഞ്ഞിനും ലഭിക്കേണ്ട പരിചരണവും ശുശ്രൂഷയും എല്ലാം പ്രധാനമാണ്. നാല്‍പ്പത് ആഴ്ച അഥവാ 280 ദിവസമാണ് ഗര്‍ഭകാലം. ഇതിനെ മൂന്ന് ഘട്ടങ്ങളായാണ് തിരിച്ചിരിയ്ക്കുന്നത് .ആദ്യത്തെ മൂന്ന് മാസം ഒന്നാം ഘട്ടം നാല് മുതല്‍ ആറ് മാസം വരെ രണ്ടാം ഘട്ടം ഏഴ് മുതല്‍ പ്രസവം വരെയാണ് മൂന്നാം ഘട്ടം. ഓരോ ഘട്ടത്തിലും അതിന്റേതായ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് ഒന്നാം ഘട്ടത്തിലാണ്. ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ക്ഷീണം, ഛര്‍ദ്ദി എന്നിവ സാധാരണമാണെങ്കിലും അമിതമായി ഇവ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.കുഞ്ഞിന് ഓരോ അവയവങ്ങളും ഉണ്ടാകുന്ന സമയമായതിനാല്‍ അതീവ ശ്രദ്ധ നല്‍കണം. അതുകൊണ്ട് തന്നെ അമ്മ ഉപയോഗിക്കുന്ന മരുന്നുകള്‍ ഭക്ഷണം എന്നിവയെല്ലാം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇത് കുഞ്ഞിന്റെ ഹൃദയം തലച്ചോര്‍ എന്നിവയെയെല്ലാം കാര്യമായി തന്നെ ബാധിയ്ക്കും.ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ അത്യാവശ്യമാണ്. ആദ്യത്തെ മൂന്ന് മാസങ്ങളില്‍ കുറച്ച് കുറച്ചായി ഭക്ഷണം കഴിയ്ക്കുക. പഴങ്ങള്‍ കൂടുതലായ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ഗര്‍ഭിണികളാരും തന്നെ മടിപിടിച്ച് ഇരിയ്ക്കാന്‍ പാടുള്ളതല്ല. രാവിലെ എഴുന്നേറ്റ് അല്‍പം നടന്നതിനു ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല അത്താഴം കഴിച്ച് കഴിഞ്ഞും നടക്കുന്നത് നല്ലതാണ്. ഗര്‍ഭിണികളില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ ഉടന്‍ തന്നെ മൂത്രമൊഴിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും അണുബാധയ്ക്ക് കാരണമാകും. ഗര്‍ഭത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ശാരീരിക മാറ്റങ്ങള്‍ ഗര്‍ഭിണിയില്‍ കണ്ടു തുടങ്ങുക. സ്തനങ്ങളുടെ വലിപ്പം വര്‍ദ്ധിക്കാനും കുഞ്ഞിന്റെ വളര്‍ച്ച വേഗത്തിലായതിനാല്‍ ഗര്‍ഭം പുറത്തേക്ക് പ്രകടമാകാനും തുടങ്ങും.ഗര്‍ഭിണിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളിലും പ്രകടമായ മാറ്റം ഉണ്ടാകും. ഹൃദയമിടിപ്പ് വേഗത്തിലാകുകയും ശ്വാസോഛ്വാസത്തിന്റെ തോത് വര്‍ദ്ധിക്കുകയും ചെയ്യും.ആയാസരഹിതമായ വ്യായാമങ്ങള്‍ ശീലമാക്കുക. ഇത് പ്രസവം സുഗമമാക്കാന്‍ സഹായിക്കും. മാത്രമല്ല രണ്ടാം ഘട്ടത്തില്‍ ലൈംഗിക ബന്ധം സുരക്ഷിതവുമാണ്.

ഗര്‍ഭത്തിന്റെ അവസാന ഘട്ടമാണ് മൂന്നാം ഘട്ടം . ഏഴാം മാസത്തോടെ കുഞ്ഞിന്റെ ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. ഈ ഘട്ടത്തിലും ചെറിയ വ്യായാമങ്ങള്‍ചെയ്യാവുന്നതാണ്.ഗര്‍ഭിണികളില്‍ പ്രത്യേകിച്ച് ആദ്യപ്രസവമാണെങ്കില്‍ ആശങ്കകളും ഉത്കണ്ഠകളും കൂടുതലായിരിക്കും. എന്നാല്‍ കഴിവതും സന്തോഷത്തോടെ ഇരിയ്ക്കാന്‍ ശ്രമിക്കുക. ഭര്‍ത്താവിന്റെ സാമിപ്യമായിരിക്കും ഈ അവസരത്തില്‍ ഭാര്യമാര്‍ ആഗ്രഹിക്കുന്നത്.എട്ടാം മാസമാവുമ്പോഴേക്കും കുഞ്ഞ് പൂര്‍ണവളര്‍ച്ചയെത്തിയിരിക്കും. അമ്മയില്‍ നിന്നും വേറിട്ട് എല്ലാ അവയവങ്ങളോടും കൂടിയ കുഞ്ഞായി ഗര്‍ഭസ്ഥശിശു മാറിയിരിക്കും. ഒമ്പത് മാസമായാല്‍ എല്ലാ ആഴ്ചയിലും ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ച് ഗര്‍ഭത്തിന്റെ അവസാന നാളുകളില്‍ ഡോക്ടറെ കാണണം. മാത്രമല്ല ഇതു കൂടാതെ തന്നെ എന്തെങ്കിലും അസ്വസ്ഥത തോന്നുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്.