അടുക്കളയിൽ ചെറിയ ഉള്ളിയും മഞ്ഞളും ഇരിപ്പുണ്ടോ?

അടുക്കള രുചിയുള്ള ആഹാരമുണ്ടാക്കുന്ന പാചകത്തിനുള്ള ഇടം മാത്രമല്ല. നിരവധി രോഗങ്ങൾക്ക്‌ പ്രതിവിധിയുള്ള ഔഷധ കലവറ കൂടിയാണെന്ന് അറിയാമോ! അടുക്കളയിലുളള പലവ്യഞ്ജനങ്ങളില്‍ പലതിനും ഔഷധഗുണമുണ്ട്. വീട്ടമ്മമാര്‍ക്ക് കൂട്ടായി കൈയെത്തും ദൂരത്ത് അവയുണ്ട്. പക്ഷേ, അവയുടെ ഔഷധഗുണം തിരിച്ചറിയണമെന്നു മാത്രം. മുറിവിനും പൊളളലിനും ഗ്യാസിനും വയറിളക്കത്തിനും മുടികൊഴിച്ചിലിനും തൊണ്ടവേദനയ്ക്കുമെല്ലാമുളള മരുന്നുകള്‍ നമ്മുടെ അടുക്കളയില്‍ സുലഭം.

 

കറിക്കരിയുന്നതിനിടെ കൈ മുറിഞ്ഞാല്‍ അല്പം ചെറിയ ഉള്ളി ചതച്ച് മുറിവില്‍ വച്ചു കെട്ടുക. ഉളളിയുടെ ആന്റി സെപ്റ്റിക് ഗുണമാണ് മുറിവുണക്കുന്നത്. ബാക്ടീരിയ, മൈക്രോബുകള്‍ എന്നിവയെ തടയുന്നതിനും ഫലപ്രദം. നീര്‍വീക്കം തടയുന്നതിനും സഹായകം. വിറ്റാമിന്‍ സി, ബി1, കെ, ബയോട്ടിന്‍, കാല്‍സ്യം, ക്രോമിയം, ഫോളിക്കാസിഡ്, ഡയറ്ററി നാരുകള്‍ എന്നിവയും ഉളളിയില്‍ ധാരാളം. ജലദോഷം, ചുമ, ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ആസ്ത്മ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയ്ക്കും ഉളളി ഗുണപ്രദം. വിവിധതരം കാന്‍സറുകള്‍ തടയുന്നതിനും ഉളളി ഗുണപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹബാധിതരില്‍ രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിതമാക്കുന്നതിന് ഉളളിയിലടങ്ങിയ ക്രോമിയം സഹായകം. ഉളളി പച്ചയ്ക്കു കഴിക്കുന്നതു കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനു ഗുണപ്രദം.

ആന്റി സെപ്റ്റിക്കാണ് മഞ്ഞള്‍. മുറിവുണക്കും. ബാക്ടീരിയയ്‌ക്കെതിരേ പോരാടും. ശരീരഭാഗങ്ങളിലെ നീര്‍വീക്കം കുറയ്ക്കും. ആന്റി ഓക്‌സിഡന്റ് സാന്നിധ്യം കൊണ്ടും മഞ്ഞള്‍ മനുഷ്യശരീരത്തിനു പ്രിയങ്കരം. ചര്‍മകോശങ്ങളെ തകര്‍ക്കുന്ന ഫ്രീ റാഡിക്കലുകളെയും ഓക്‌സിഡന്റുകളെയും തുരത്തുന്ന ആന്റി ഓക്‌സിഡന്റുകള്‍ മഞ്ഞളില്‍ ഉളളതിനാല്‍ ചര്‍മത്തിന്റെ അഴകിനും ആരോഗ്യത്തിനും ഉത്തമം. കുര്‍ക്യുമിന്‍ ആണ് മഞ്ഞളിന്റെ ഔഷധസിദ്ധികളുടെ അടിസ്ഥാനം. സ്തനാര്‍ബുദം, കുടലിലെ അര്‍ബുദം, ശ്വാസകോശ അര്‍ബുദം, ലുക്കേമിയ തുടങ്ങിയയുടെ ചികിത്സയ്ക്ക് മഞ്ഞളിന്റെ ആന്റി ഓക്‌സിഡന്റ് സ്വഭാവം ഗുണപ്രദമാണെന്നു ഗവേഷണങ്ങള്‍ പറയുന്നു.

 

ചെറിയ മുറിവുകള്‍, പൊളളലുകള്‍ എന്നിവയെ അണുബാധയില്‍ നിന്നു രക്ഷിക്കുന്നു. ജലദോഷം, ചുമ, സന്ധിവേദന, സന്ധിവാതം, മുഖക്കുരു, വിവിധതരം ആമാശയ പ്രശ്‌നങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കു മഞ്ഞള്‍ ഉപയോഗിക്കുന്നു. ചെറുചൂടുവെളളത്തില്‍ മഞ്ഞള്‍പ്പൊടി കലക്കിക്കുടിച്ചാല്‍ കൃമിശല്യം അകറ്റാം.

ആൾഷിമേഴ്സ്‌ തടയുന്നതിനും മഞ്ഞള്‍ ഫലപ്രദമെന്നു ഗവേഷകര്‍. മദ്യാസക്തി, വേദനസംഹാരികള്‍ ശീലമാക്കല്‍ എന്നിവകൊണ്ട് കരളിനുണ്ടാകുന്ന കേടുപാടുകളുടെ തോതു കുറയ്ക്കുന്നതിനും മഞ്ഞള്‍ ഉത്തമം. ജൈവരീതിയില്‍ കൃഷി ചെയ്ത മഞ്ഞള്‍ വാങ്ങി പുഴുങ്ങി ഉണക്കി പൊടിപ്പിച്ചെടുക്കണം. പാചകത്തിന് അത്തരം മഞ്ഞള്‍പ്പൊടി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.