ഹെയർ ഡൈ വില്ലനാകാതിരിക്കാൻ ഉപയോഗിച്ചിട്ടുള്ളവര്‍ ഈ വീഡിയോ കാണൂ

മനുഷ്യന്റെ മുടിയുടെ നിറം പലതാണ്. ഗോത്രങ്ങൾ മാറുന്നതനുസരിച്ച് കറുപ്പും തവിട്ടും മുതൽ സ്വർണവർണം വരെയുണ്ട്. മുടിയുടെ നിറം മാറ്റൽ നിത്യജീവിതത്തിലെ ഒരു സാധാരണ കാര്യമായി മാറി. നിറം മാറ്റാനുപയോഗിക്കുന്ന വസ്തുവാണ് ഹെയർ ഡൈ അഥവാ ഹെയർ കളർ. ഇവ രാസവസ്തുക്കളോ, പ്രകൃതിദത്തങ്ങളായ നിറങ്ങളോ ആവാം.

ശിരോചർമത്തിലെ മെലനോസൈറ്റ് എന്ന കോശങ്ങൾ. ഉൽപാദിപ്പിക്കുന്ന മെലാനിൻ എന്ന വർണവസ്തുവാണു മുടിക്കു നിറം നൽകുന്നത്. പ്രായമേറുമ്പോൾ മെലനോസൈറ്റ് കോശങ്ങളുടെ പ്രവർത്തനം കുറഞ്ഞ്, നിറം മങ്ങി, മുടി വെളുക്കാൻ തുടങ്ങുന്നു. പ്രവർത്തനശേഷിയുടെ അടിസ്ഥാനത്തിൽ ഹെയർഡൈകളെ നാലായി തിരിക്കുന്നു.

താൽക്കാലികമായി ഡൈ ചെയ്യാൻ ഉപയോഗിക്കുന്നവയാണ് ടെംപററി ഡൈ. വർണ തന്മാത്രകൾ വലുതായതിനാൽ ഇതു മുടിയിഴകളിലേക്ക് ആഴ്ന്നിറങ്ങാതെ പറ്റിപ്പിടിച്ചു നിൽക്കുകയേ ഉള്ളൂ. മാത്രമല്ല, ഡൈ ഉടനെ കഴുകിക്കളയാനും സാധിക്കും. ഏതാനും മണിക്കൂറുകളോ, ഏറിയാൽ ഒരു ദിവസമോ ഒരു തവണ ഷാംപൂ ഉപയോഗിക്കുന്നതുവരെയോ മാത്രം നീണ്ടുനിൽക്കുന്നവയാണ് ഇവ ഷാംപൂ, ജെല്ലുകൾ, റിൻസസ്, സ്പ്രേകൾ എന്നീ രൂപത്തിൽ ഇവ മാർക്കറ്റിൽ ലഭിക്കുന്നു.

അൽപം നീണ്ടു നിൽക്കുന്നവ: മുടിയിഴകളിൽ പുരട്ടിയാൽ അത്രപെട്ടെന്ന് നിറം നഷ്ടപ്പെടാത്തവയാണ് സെമി പെർമനൻറ് ഡൈകൾ. നാലഞ്ചു പ്രാവശ്യം ഷാംപൂ ഉപയോഗിച്ചു കഴുകിയാലേ നിറം പോകൂ. തിളക്കം കുറഞ്ഞു പൊട്ടിപ്പോകാൻ സാധ്യതയുള്ള മുടിക്കുപോലും ഈ തരം ഡൈ സുരക്ഷിതമാണ്. കാരണം, പെറോക്സൈഡ്, അമോണിയ തുടങ്ങി ഹെയർ ഡൈയിൽ പൊതുവേ കാണുന്ന ഡവലപ്പർ രാസവസ്തുവിന്റെ അളവ് കുറവാണ്.ഉപയോഗിച്ചിട്ടുള്ളവര്‍ താഴെ നൽകിയ വീഡിയോ കാണുക തുടർന്ന് വായിക്കുക.

നീണ്ടുനിൽക്കുന്നവ: ഒരർഥത്തിൽ പെർമനന്റു ഡൈയ്ക്കു തുല്യം തന്നെയാണ് നീണ്ടുനിൽക്കുന്ന ഡെമി പെർമനൻറ് ഡൈകളും. അമോണിയയ്ക്കു പകരം സോഡിയം കാർബണേറ്റ് പോലുള്ള ആൽക്കലൈൻ വസ്തുക്കളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. ഇവ മുടിയുടെ സ്വാഭാവിക നിറത്തെ പുറത്തുകളയാതെ, മുടിക്കു ക്ഷതംവരുത്താതെ നിറം കൊടുക്കുന്നു. ഇത്തരം ഡൈകൾ താരതമ്യേന സുരക്ഷിതമാണ്.

പെർമനൻറ് ഡൈ: ഇതിൽ അടങ്ങിയിരിക്കുന്ന ഓക്സിഡൈസിംഗ് ഘടകങ്ങളും ആൽക്കലൈൻ ഘടകങ്ങളും ഒരുമിച്ചു പ്രവർത്തിച്ചു നിറം മുടിയിഴയിലെ കോർട്ടകസ് എന്ന പാളിയിലേക്ക് പ്രവേശിക്കുന്നു. ഇത്തരം ഡൈ എളുപ്പം കഴുകിക്കളയാൻ പറ്റില്ല. മാത്രമല്ല, മുടി വളരുന്നതോടൊപ്പം ഡൈ ചെയ്ത നിറമുള്ള ഭാഗവും പുതിയ വളർന്ന നിറമില്ലാത്ത ഭാഗവും പ്രകടമായ വ്യത്യാസവും കാണിക്കും. അലർജി പ്രശ്നങ്ങൾ ഇവയ്ക്കു കൂടുതലുമാണ്.

അലർജി അറിയാൻ പാച്ച് ടെസ്റ്റ്

ചിലരിൽ ഡൈ ഉപയോഗിച്ചു കുറച്ചു കഴിഞ്ഞോ, അല്പം സമയത്തിനകമോ, അലർജിയുടെ ലക്ഷണങ്ങൾ കണ്ടുവെന്നു വരാം. അതായതു മുഖത്തും പുരികങ്ങളിലും ചെവി, കഴുത്ത്, തോൾഭാഗം, പുറം എന്നിവിടങ്ങളിലും ചൊറിച്ചിൽ, തടിപ്പ്, ചുവന്ന ഉണലുകൾ, നീരൊലിക്കൽ എന്നിവ കണ്ടാൽ അലർജിയാണെന്നു മനസിലാക്കാം. ഡൈയിലെ പാരഫിനൈൽ ഡയാമിൻ എന്ന രാസവസ്തുവാണ് കൂടുതലായും അലർജി ഉണ്ടാക്കുന്നത്. പെർമനൻറ് ഡൈയിലാണ് ഇതു സാധാരണ ഉണ്ടാകുക. ഈ ലക്ഷണം കണ്ടാൽ, ഡൈ ഉപയോഗിക്കാതിരിക്കലാണ് ഉത്തമം.

ഡൈ ചെയ്യാനൊരുങ്ങുമ്പോൾ ആ ഡൈ നിങ്ങൾക്ക് അലർജിയുണ്ടാക്കുമോ എന്നറിയാൻ പാച്ച് ടെസ്റ്റ് നടത്തണം. പ്രത്യേകിച്ചും പതിവില്ലാത്ത പുതിയ ഡൈ പരീക്ഷിക്കുമ്പോൾ. അൽപം ഡൈ എടുത്ത് ചെവിക്കു പുറകിലായി പുരട്ടി അൽപനേരം കാത്തിരിക്കുകയാണ് ഇതിനുവേണ്ടി ചെയ്യേണ്ടത്. ചൊറിച്ചിലോ പുകച്ചിലോ മറ്റോ ഉണ്ടെങ്കിൽ ആ ഡൈ നിങ്ങൾക്ക് അലർജിയുണ്ടാക്കുന്നതാണെന്നു മനസിലാക്കാം. അത് ഉപയോഗിക്കരുത്.

ഹെന്ന നല്ലതാണോ?

സിന്തറ്റിക് ഡൈയെപ്പോലെതന്നെ പ്രചാരമേറി വരികയാണ് ഹെർബൽ ഡൈകളും. ഹെന്നയാണ് ഇതിൽ പ്രസിദ്ധം. കുഴമ്പുരൂപത്തിലുള്ള ഇതു തലയിൽ പുരട്ടി 40—60 മിനിറ്റിനുശേഷം കഴുകാം. ഒരു ചുവപ്പുരാശിയും മുടിക്ക് കിട്ടും. ഇന്നു മാർക്കറ്റിൽ സിന്തറ്റിക് ഹെന്ന മിശ്രിതവും ലഭ്യമാണ്. ഇതിനും പാർശ്വഫലങ്ങൾ ഇല്ലാതില്ല. ചൊറിച്ചിൽ, ഉണലുകൾ, പൊന്തൽ, നീരൊലിപ്പ്, എക്സിമ തുടങ്ങിയ പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. മറ്റൊരു ചെടിയിൽ നിന്നും ഉണ്ടാകുന്ന ഇൻഡിഗോ ഹെയർഡൈ പ്രസിദ്ധമാണ്. ഹെന്നയുടെ കൂടെ ഇൻഡിഗോ ചേർത്താൽ നല്ല കറുപ്പുനിറം കിട്ടും. 24 മണിക്കൂറെങ്കിലും സെറ്റാവാൻ വേണം.

ഡൈ; എപ്പോൾ, എങ്ങനെ?

ഡൈ അഥവാ കളർ ചെയ്യുന്നതിനു മുമ്പായി, മുടി നന്നായി കഴുകിയശേഷം കണ്ടീഷണർ ഉപയോഗിച്ച് ഒന്നുകൂടി കഴുകണം. ആദ്യം കുറച്ചു മാത്രം ഡൈ എടുത്ത് മുടിയിഴകളായി എടുത്തു നിറം കൊടുക്കുക. പിന്നീട് മുഴുവനായും ചെയ്യുക. കടഭാഗം മുതൽ അറ്റം വരെ ഡൈ നന്നായി പുരട്ടണം. പിന്നീട് ചെറിയ പല്ലുകളുള്ള ചീപ്പെടുത്ത് നന്നായി ചീകി, നിറം എല്ലാഭാഗത്തും ഒന്നുപോലെ പടർത്തണം. 30 മുതൽ 60 മിനിറ്റു വരെ വച്ചശേഷം കഴുകിക്കളയാം. കഴുകിയ വെള്ളം നന്നായി തെളിയുന്നതുവരെ കഴുകണം.

ആവശ്യത്തിലധികം സമയം ഡൈ മുടിയിഴകളിൽ തങ്ങി നിന്നാൽ മുടിയുടെ കട്ടിയും തിളക്കവും ആരോഗ്യവും നശിച്ച് കൊഴിഞ്ഞുപോകാനിടയാകും. അധികമായി ഡൈ ചെയ്യരുത്. ഉപയോഗിച്ചതിന്റെ ബാക്കി പിന്നീട് പുരട്ടാൻ വേണ്ടി സൂക്ഷിക്കരുത്. ഡൈ ചർമത്തിൽ പുരണ്ടാൽ ആ ഭാഗം വരണ്ടുണങ്ങി കറുത്ത്, ചിലപ്പോൾ ചൊറിയാനും തുടങ്ങും. അതൊഴിവാക്കാൻ വാസ്ലൈനോ, എണ്ണയോ എടുത്ത് ഹെയർ ലൈനു ചുറ്റും പുരട്ടിയാൽ ഡൈ ചർമത്തിലിറങ്ങുകയില്ല. പുരണ്ടാലും എളുപ്പത്തിൽ നീക്കം ചെയ്യാം.

ഡോ. ഉമാരാജൻ

പ്രഫസർ ഓഫ് ഡർമറ്റോളജി വെനറോളജി,

മെഡിക്കൽ കോളജ്, കോഴിക്കോട്.