കര്‍ക്കടകമാസത്തില്‍ സുഖജീവിതത്തിനു ചികിത്സ

രോഗമില്ലാത്തവരിൽ വാർധക്യത്തെ അകറ്റിനിർത്താനും ശരീരപുഷ്ടിക്കും രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും സഹായിക്കുന്ന ആയുർവേദ ചികിത്സാരീതിയാണ് പഞ്ചകർമം. കർക്കടകം, തുലാം, കുംഭം എന്നീ മാസങ്ങളിലാണ് ഇതു സാധാരണയായി നടത്തുക. എന്നാൽ ഇന്ന് സുഖചികിത്സ എന്നപേരിൽ കർക്കടകമാസത്തിൽ പഞ്ചകർമം കൂടുതലായും ചെയ്തുവരുന്നു. വാതരോഗം പോലെ ദീർഘകാലം നീണ്ടുനിൽക്കുന്ന അസുഖങ്ങൾക്ക് ഏറ്റവും ഫലപ്രദമായ ചികിത്സാവിധിയാണിത്. ശരീരത്തിൽ പലവിധത്തിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ പുറത്തുകളഞ്ഞ്, ശരീരത്തെ ശുദ്ധീകരിച്ച് ആരോഗ്യവും പ്രതിരോധശക്തിയും വീണ്ടെടുക്കാനുള്ള ചികിത്സാവിധികളാണ് പഞ്ചകർമ ചികിത്സയിലുള്ളത്.

<യ> ആയുർവേദചികിത്സയിലെ വിഭജനങ്ങൾ

ആയുർവേദ ചികിത്സകൾ പ്രധാനമായും രണ്ടായി തരം തിരിച്ചിരിക്കുന്നു. ശോധനം, ശമനം എന്നിവയാണവ.

<യ> ശോധനചികിത്സ

ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവ ശരീരത്തിൽ തുല്യമായുള്ള അവസ്ഥയാണ് ആരോഗ്യം. തുല്യമല്ലാത്ത അവസ്ഥയിൽ ഈ ത്രിദോഷങ്ങളിൽ വർധിച്ചവയെ ശരീരത്തിൽ നിന്ന് പുറത്തുകളഞ്ഞ് വീണ്ടും സമതുലനാവസ്ഥയിൽ എത്തിച്ചു രോഗശാന്തി വരുത്തുകയും ആരോഗ്യാവസ്ഥ കൈവരിക്കുകയും ചെയ്യുക എന്നതാണ് ശോധനചികിത്സയുടെ ലക്ഷ്യം. അതുകൊണ്ട് ശോധനചികിത്സയ്ക്ക് ആയുർവേദത്തിൽ വലിയ പ്രാധാന്യമാണുള്ളത്.

വമനം (ഛർദിപ്പിക്കൽ), വിരേചനം (വയറിളക്കൽ), കഷായവസ്തി (ഔഷധദ്രവ്യങ്ങൾ ചേർത്ത കഷായം മലദ്വാരത്തിലൂടെ കുടലിലേക്ക് കയറ്റിവിടുക), നസ്യം (മൂക്കിലൂടെ ഔഷധങ്ങൾ ശരീരത്തിലേക്ക് കടത്തിവിടുക), രക്തമോക്ഷം (ഞരമ്പ് മുറിച്ചോ കുളയട്ട മുതലായവ ഉപയോഗിച്ചോ ദുഷിച്ച രക്തത്തെ ശരീരത്തിൽ നിന്നും പുറത്തുകളയുക) എന്നിങ്ങനെ അഞ്ചു വിധമാണ് ശോധന ചികിത്സകൾ.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ18്യമ2.ഷുഴ മഹശഴി=ഹലളേ>

മുകളിൽ പറഞ്ഞിരിക്കുന്നവയിൽ രക്തമോക്ഷം ഒഴികെയുള്ള നാലു ചികിത്സാക്രമങ്ങളും അതോടൊപ്പംതന്നെ സ്നേഹവസ്തിയും (ഔഷധങ്ങൾ ചേർത്തുണ്ടാക്കിയ തൈലങ്ങൾ മലദ്വാരത്തിലൂടെ കുടലിലേക്ക് കടത്തിവിടുക) കൂടിയുള്ള അഞ്ചു പ്രധാന ചികിത്സാക്രമങ്ങളെയാണ് പഞ്ചകർമങ്ങൾ എന്നു പറയുന്നത്.

മേൽപ്പറഞ്ഞിരിക്കുന്ന അഞ്ചു ശോധന ചികിത്സാക്രമങ്ങളുടെയും പഞ്ചകർമ ചികിത്സാക്രമങ്ങളുടെയും മുമ്പായി ചെയ്യുന്ന ഉപകർമങ്ങളാണ് സ്നേഹ സ്വേദങ്ങൾ (ശരീരത്തിൽ തൈലങ്ങളുപയോഗിച്ച് സ്നിഗ്ധത വരുത്തുകയും വിയർപ്പിക്കുകയും ചെയ്യുക).

<യ> ശമന ചികിത്സ

രോഗി അത്യധികം ക്ഷീണിതനായിരിക്കുമ്പോൾ ശോധന ചികിത്സകൾ ചെയ്യാൻ പാടില്ലാത്തതിനാലും ത്രിദോഷങ്ങളുടെ കോപം അൽപ്പമായിരിക്കുമ്പോൾ ശോധന ചികിത്സയുടെ ആവശ്യം ഇല്ലാത്തതിനാലും അത്തരം സന്ദർഭങ്ങളിൽ ശോധന ചികിത്സ ചെയ്യാതെ ഔഷധം, ആഹാരം, പാകപഥ്യം എന്നിവകൊ്ണ്ട് വാതപിത്ത കഫങ്ങളെ സമാവസ്ഥയിൽ എത്തിക്കുന്ന ചികിത്സാരീതിയാണ് ശമനചികിത്സ.

<യ> സ്നേഹന കർമങ്ങൾ

ശരീരത്തിൽ സ്നിഗ്ധത ഉണ്ടാകുന്നതിനു വേണ്ടി ചെയ്യുന്ന ചികിത്സാവിധിയാണ് സ്നേഹനം. ഇത് പ്രധാനമായും സ്നേഹപാനം (ഔഷധങ്ങൾ ചേർത്ത് ഉണ്ടാക്കിയ നെയ്യ്, തൈലം എന്നിവ നിശ്ചിത അളവിൽ നിശ്ചിത ദിവസത്തേക്ക് സേവിക്കുക), ശിരോവസ്തി (ഔഷധങ്ങൾ ചേർത്ത് ഉണ്ടാക്കിയ തൈലം പ്രത്യേക രീതിയിൽ തലയിൽ ഒഴിച്ചു നിർത്തുക), പിചു (തൈലത്തിൽ മുക്കിയ തുണിക്കഷണം നെറുകയിൽ ഇട്ടുവയ്ക്കുക), ധാര (തലയിലോ ശരീരത്തിലോ ചൂടാക്കിയ തൈലം പ്രത്യേക ഉയരത്തിൽ നിന്ന് തുടർച്ചയായി ഒഴിച്ചുകൊണ്ടിരിക്കുക), പിഴിച്ചിൽ (ചൂടാക്കിയ തൈലം, കുഴമ്പ് എന്നിവയിൽ തുണി മുക്കി ശരീരത്തിൽ പിഴിഞ്ഞ് ഒഴിച്ചുകൊണ്ടിരിക്കുകയും ശരീരം തലോടുകയും ചെയ്യുക), അഭ്യംഗം (തൈലം, കുഴമ്പ് എന്നിവ ശരീരത്തിൽ പുരട്ടി തലോടുക) എന്നിങ്ങനെ ആറുവിധത്തിൽ ഉണ്ട്.

<യ> സ്വേദകർമങ്ങൾ

സ്നേഹന കർമങ്ങൾക്കുശേഷം ശരീരം വിയർപ്പിക്കുന്നതിനായി ചെയ്യുന്ന ചികിത്സാവിധികളാണ് ഇവ. നവരക്കിഴി (നവരയരിച്ചോറ് കിഴികെട്ടി കഷായവും പാലും കൂട്ടി തിളപ്പിച്ചതിൽ കിഴി മുക്കി ശരീരത്തിൽ കിഴികുത്തി തലോടുക), ഇലക്കിഴി (ഔഷധ സസ്യങ്ങളുടെ ഇല വാട്ടി കിഴികെട്ടി, ചൂടാക്കിയ തൈലത്തിൽ കിഴി ചൂടാക്കി ശരീരത്തിൽ തലോടുക), ആവികൊണ്ട് വിയർപ്പിക്കുക (സ്റ്റീം ബാത്ത്) എന്നിങ്ങനെ മൂന്നു തരം പ്രക്രിയകളാണ് വിയർപ്പിക്കുന്നതിനായി പ്രധാനമായും ഉപയോഗിക്കുന്നത്.
പഞ്ചകർമ ചികിത്സയിൽ ഏതെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ ആദ്യമായി സ്നേഹപാനം ചെയ്യണമെന്ന് ആയുർവേദം വിധിക്കുന്നു.

<യ> സ്നേഹപാനം

നെയ്യ്, എണ്ണ, വെട്ടുനെയ്യ്, മജ്ജ എന്നിവ ഔഷധങ്ങൾ ചേർത്തു പാകപ്പെടുത്തി എടുക്കുന്നവയാണിത്. ഇവ പ്രധാനമായും നാലു വിധത്തിലുണ്ട്. ഇതിൽ ഏതെങ്കിലും ഒരു സ്നേഹദ്രവ്യം പ്രത്യേക അളവിൽ നിശ്ചിത കാലത്തേക്ക് രോഗിയെ സേവിപ്പിക്കുന്നതാണു സ്നേഹപാനം. മേൽപ്പറഞ്ഞിരിക്കുന്നവയിൽ നെയ്യും എണ്ണയുമാണ് കൂടുതൽ പ്രാധാന്യം ഉള്ളവ. മറ്റ് സ്നേഹദ്രവ്യങ്ങളും ചില പ്രത്യേക സന്ദർഭങ്ങളിൽ ഉപയോഗിക്കാറുണ്ട്. 24 മണിക്കൂർ, 12 മണിക്കൂർ, മൂന്നു മണിക്കൂർ എന്നീ സമയങ്ങൾകൊണ്ട് ദഹിക്കുന്ന തരത്തിൽ മൂന്നു മാത്രകളാണ് സ്നേഹപാനത്തിന് പറഞ്ഞിട്ടുള്ളത്.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ18്യമ3.ഷുഴ മഹശഴി=ഹലളേ>

വിയർപ്പിക്കേണ്ടുന്നവർ, ഛർദിപ്പിക്കേണ്ടവർ, വയറിളക്കേണ്ടവർ, വാതരോഗികൾ, ഉന്മാദം, അപസ്മാരം, കുഷ്ഠരോഗം (ത്വക്ക്രോഗങ്ങൾ) എന്നിവയുള്ളവരെയാണ് സ്നേഹപാനം ചെയ്യേണ്ടത്.

അധികം വിശപ്പുള്ളവരിലും തീരെ വിശപ്പു കുറഞ്ഞവരിലും അധികം തടിയുള്ളവരിലും തീരെ മെലിഞ്ഞിരിക്കുന്നവരിലും സ്നേഹപാനം ചെയ്യാൻ പാടില്ല.

<യ> സ്വേദനം (വിയർപ്പിക്കൽ)

വമനം, വിരേചനം മുതലായ ശോധന ചികിത്സയ്ക്ക് മുമ്പായി സ്നേഹനം ചെയ്തതിനുശേഷം സ്വേദനം നിർബന്ധമാണ്. ശരീരത്തിെൻറ പല ഭാഗങ്ങളിലായി നിൽക്കുന്നതും സ്നേഹപാനംകൊണ്ട് അൽപം ചലനം സംഭവിച്ചതുമായ ത്രിദോഷങ്ങളെ ദ്രവിപ്പിച്ച് ദഹനവ്യവസ്ഥയിൽ എത്തിക്കാൻ സാധിക്കുന്നു എന്നതാണ് സ്വേദനത്തിെൻറ മുഖ്യപ്രാധാന്യം. ഇപ്രകാരം ചെയ്യുന്നതുകൊണ്ട് ദഹന വ്യവസ്ഥയിൽ എത്തുന്ന ത്രിദോഷങ്ങളെ വമനം, വിരേചനം എന്നിവ വഴി എളുപ്പത്തിൽ ശരീരത്തുനിന്നു പുറംതള്ളാൻ സാധിക്കുന്നു.

താപം, ഉപദാഹം, ഊഷ്മാവ്, ദ്രവം എന്നിങ്ങനെ സ്വേദനം നാലു വിധത്തിൽ ഉണ്ട്. മണൽ, തവിട്, തുണി, പ്ലാവില മുതലായവ ചൂടാക്കി അതുകൊണ്ട് വിയർപ്പിക്കുന്നത് താപസ്വേദം. വയമ്പ്, ശതകുപ്പ മുതലായ ഔഷധദ്രവ്യങ്ങൾ ചേർത്തരച്ച് പുറമേ വച്ചുകെട്ടി വിയർപ്പിക്കുന്നത് ഉപനാഹസ്വേദം. മുതിര, ഉഴുന്ന്, ഞവര മുതലായവ വേവിച്ച് കിഴികെട്ടി, പാൽ, കഷായം എന്നിവയിൽ കിഴി തിളപ്പിച്ച് ശരീരത്തിൽ ഉഴിഞ്ഞ് വിയർപ്പിക്കുന്നത് ഊഷ്മസ്വേദം. ഔഷധങ്ങളിട്ടു തിളപ്പിച്ച വെള്ളത്തിൽ ഇരുത്തിയോ ശരീരത്തിൽ ഒഴിച്ചോ അതിെൻറ ആവി തട്ടിച്ചോ വിയർപ്പിക്കുന്നതാണ് ദ്രവസ്വേദം.
വാതം, കഫം എന്നിവയുടെ ഉപദ്രവങ്ങൾ കൊണ്ടുണ്ടാകുന്ന രോഗങ്ങളിൽ സ്വേദിപ്പിക്കൽ പ്രധാനംതന്നെയാകുന്നു.

ശരീരത്തിെൻറ ചില ഭാഗങ്ങൾ മാത്രം ചലിപ്പിക്കാനാകാത്ത അവസ്ഥ, താടിയെല്ല് ചലിപ്പിക്കാൻ സാധിക്കാതിരിക്കുക, പീനസം, മൂത്രംപോകാൻ തടസം, ശരീരവേദന, അരക്കെട്ടിലും പുറത്തും വേദന, ശരീരത്തിനു ഭാരം, ഒച്ചയടപ്പ്, ശ്വാസംമുട്ടൽ, ചുമ എന്നിവയ്ക്കെല്ലാം സ്വേദനം ചെയ്യുന്നത് ഗുണപ്രദമാണ്.
തിമിരം, ചില ത്വക്രോഗങ്ങൾ, നീര്, രക്തവാതം, മഞ്ഞപ്പിത്തം, പ്രമേഹം എന്നീ രോഗങ്ങൾ ഉള്ളവർക്കും ഗർഭിണികൾ, പ്രസവിച്ചിരിക്കുന്നവൾ, അധികം വണ്ണമുള്ളവർ, ശരീരത്തിന് രൂക്ഷതയുള്ളവർ, ദുർബലന്മാർ, കുട്ടികൾ, നെഞ്ചിൽ ക്ഷതം ഏറ്റിട്ടുള്ളവർ എന്നിവരും പാൽ, തൈര്, തേൻ, നെയ്യ് എന്നിവ കഴിച്ചത് ദഹിക്കുന്നതിനു മുൻപും വയറിളക്കിയതിനുശേഷവും സ്വേദനം ചെയ്യരുത്.

<യ> പിചു

ശിരസിൽ ചെയ്യുന്ന തൈലപ്രയോഗങ്ങളിൽ പിചുവിനാണ് ശിരോവസ്തി കഴിഞ്ഞാൽ പ്രാധാന്യമുള്ളത്. ശിരോവസ്തിയുടെ കുറെ ഗുണങ്ങൾ ഇതിനുമുണ്ട്. കൂടാതെ മുടികൊഴിച്ചിൽ, തലപുകച്ചിൽ എന്നിവ മാറുന്നതിന് ഫലപ്രദവുമാണ്. തൈലത്തിൽ മുക്കിയ തുണിക്കഷണം നെറുകയിൽ വയ്ക്കുകയും അതിനു മീതെ തൈലം ഒഴിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതാണ് ഈ ചികിത്സാരീതി. ശിരോവസ്തി ചെയ്യുന്നത്ര സമയംതന്നെ ഇതും ചെയ്യാം.

<യ> ശിരോവസ്തി

കഴുത്തിനു മേൽപ്പോട്ടുള്ള രോഗങ്ങൾക്ക് പ്രധാനമായും ചെയ്യുന്ന ബാഹ്യമായ സ്നേഹപ്രയോഗങ്ങളാണ് ശിരോവസ്തി, അഭ്യംഗം, ധാര, പിചു എന്നിവ. അതിൽ പ്രധാനം ശിരോവസ്തിയാണ്.

സൂര്യാവർത്തം, തലയുടെ പകുതി വേദനിക്കുക, വാതംകൊണ്ടുണ്ടാകുന്ന തിമിരം, ചെവിവേദന, ചെവിയിൽ മൂളൽ, കേൾവിക്കുറവ്, മുഖം ഒരു വശത്തേക്ക് കോടുക, നാക്ക് തരിക്കുക, തല വിറയ്ക്കുക, തലയ്ക്ക് മരവിപ്പ് എന്നീ അവസ്ഥകളിലും മറ്റ് ശിരോരോഗങ്ങൾക്കുമാണു തലയിൽ സ്നേഹപ്രയോഗങ്ങൾ നടത്തുന്നത്.

മൃഗങ്ങളുടെ തോൽ ഉപയോഗിച്ച് മിനുസമായ കുഴൽപോലെ തൊപ്പിയുണ്ടാക്കി, അതു തലയിൽ ഇറക്കിവച്ച് ഉഴുന്നുമാവുകൊണ്ടു തൊപ്പിയും തലയും തമ്മിൽ ചേരുന്ന ഭാഗത്തെ ദ്വാരങ്ങൾ അടച്ച്, അതിൽ രോഗാവസ്ഥയ്ക്കനുസരിച്ച് ഉപയോഗിക്കേണ്ടണ്ടതായ തൈലം ശിരസിൽ നിന്ന് ഒരു വിരൽ ഉയർന്നുനിൽക്കത്തക്കവിധം ചെറുചൂടോടെ ഒഴിച്ചുനിർത്തുന്നു.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ18്യമ4.ഷുഴ മഹശഴി=ഹലളേ>

തൈലം തണുക്കുന്നതിനനുസരിച്ച് മുക്കിയെടുത്തു പകരം ചെറുചൂടോടെയുള്ള തൈലം വീണ്ടും ഒഴിച്ചു നിർത്തുന്നു. എപ്പോഴും ശിരസിൽ നിൽക്കുന്ന തൈലത്തിൽ ഇളംചൂട് നിലനിർത്തുന്നു. രോഗാവസ്ഥയ്ക്കനുസരിച്ച് 45 മിനിറ്റ് മുതൽ ഒന്നര മണിക്കൂർ വരെ 3, 5, 7 എന്നീ ദിവസങ്ങൾ തുടർച്ചയായി ശിരോവസ്തി ചെയ്യാറുണ്ട്. ഒരിക്കലും തുടർച്ചയായി ഏഴു ദിവസത്തിലധികം ശിരോവസ്തി ചെയ്യരുത് എന്ന് ആയുർവേദം വിധിക്കുന്നുണ്ട്.

<യ> ധാര

ശിരസിൽ മാത്രമോ ശരീരം മുഴുവനോ ശരീരത്തിെൻറ ഏതെങ്കിലും ഒരു ഭാഗത്തോ നിശ്ചിത ഉയരത്തിൽ നിന്നും ഇടമുറിയാതെ ഔഷധദ്രവ്യം ഒഴിച്ചുകൊണ്ടിരിക്കുക എന്നതാണ് ഈ ചികിത്സാസമ്പ്രദായം. ഇതിനായി മോര്, തൈലം, നെയ്യ്, പശുവിൻപാൽ, മുലപ്പാൽ, ഇളനീർ, വയ്പ്പുകാടി, കഷായം എന്നിവയെല്ലാം ഔഷധദ്രവ്യമായി ഉപയോഗിക്കുന്നു.

ധാര ശിരസിൽ ചെയ്യുമ്പോൾ മൂർദ്ധധാര എന്നും ദേഹം മുഴുവൻ ചെയ്യുമ്പോൾ സർവാംഗധാര എന്നും ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് ചെയ്യുമ്പോൾ ഏകാംഗധാര എന്നും കണ്ണിൽ ചെയ്യുമ്പോൾ നേത്രധാര എന്നും പറയപ്പെടുന്നു.

ദോഷകോപത്തിനനുസരിച്ചും അതത് രോഗാവസ്ഥകൾക്കനുസരിച്ചും മേൽപ്പറഞ്ഞ ഔഷധദ്രവ്യങ്ങളിൽ നിന്നും യുക്തമായവ തെരഞ്ഞെടുത്താണു ധാര ചെയ്യുന്നത്.

ധാര ചെയ്യുന്നത് സാധാരണയായി ഒന്നര മണിക്കൂർ സമയം ആണ്. 7, 14, 21 എന്നീ ദിവസങ്ങൾ തുടർച്ചയായി ധാര ചെയ്യാറുണ്ട്. ഏഴുദിവസത്തിൽ കുറയാതെയും 21 ദിവസത്തിൽ അധികമാകാതെയുമാണ് ധാര ചെയ്യാറുള്ളത്.

<യ> പിഴിച്ചിൽ

സ്നേഹദ്രവ്യങ്ങൾ കൊണ്ടു ശരീരത്തിൽ കഴുത്തിനു താഴേക്ക് ചെയ്യുന്ന സർവാംഗ ധാരയായിത്തന്നെ പിഴിച്ചിലിനെ കണക്കാക്കാം. എന്നാൽ സാധാരണ ധാരയിൽ ചെയ്യുന്നതുപോലെ ഉയരത്തിൽ നിന്നു സ്നേഹദ്രവ്യം ശരീരത്തിലേക്ക് വീഴ്ത്തുകയല്ല ഇവിടെ ചെയ്യുന്നത്.

തലയിൽ എണ്ണതേച്ച് ശരീരത്തിൽ കുഴമ്പു പുരട്ടി മെല്ലെ തടവിയതിനുശേഷം പ്രത്യേകം തയാർ ചെയ്തിരിക്കുന്ന തടികൊണ്ടുള്ള പാത്തിയിൽ രോഗിയെ കിടത്തിയതിനുശേഷം ചൂടാക്കിയ തൈലത്തിലോ കുഴമ്പിലോ തുണിക്കഷണം മുക്കി രോഗിയുടെ ശരീരത്തിൽ പിഴിഞ്ഞൊഴിക്കുകയും അതോടൊപ്പം സാവധാനം തലോടുകയുമാണ് പിഴിച്ചിലിൽ ചെയ്യാവുന്നത്. കുഴമ്പായാലും തൈലമായാലും ഇടയ്ക്കിടെ ചൂടാക്കിക്കൊണ്ടിരിക്കും. രോഗിയെ മലർത്തിയും കമഴ്ത്തിയും കിടത്തിയാണു പിഴിച്ചിലിൽ ചെയ്യുന്നത്. ധാര ചെയ്യുന്ന അത്രയും സമയവും ദിവസവും പിഴിച്ചിലിനും ആവശ്യമാണ്.

<യ> നവരക്കിഴി

വാതരോഗങ്ങളിലും മറ്റും പിഴിച്ചിലിനു ശേഷം വിയർപ്പിക്കുന്നതിനായി ചെയ്യുന്ന പ്രധാന ചികിത്സയാണ് നവരക്കിഴി. ശരീരത്തിെൻറ ഒരു ഭാഗം തളരുക, കൈ ഉയർത്താനാവാതെ വരിക, ശോഷിപ്പ് മുതലായ രോഗങ്ങളിൽ പിഴിച്ചിലിന് ശേഷം നവരക്കിഴി ചെയ്യുന്നത് ഗുണപ്രദമാണ്. ശരീരപുഷ്ടി ഉണ്ടാകുന്നതിനും നവരക്കിഴി ഫലപ്രദമാണ്.

സാധാരണയായി നവരക്കിഴി കുറുന്തോട്ടി കഷായം ചേർത്താണ് ഉണ്ടാക്കുക. ഏതെങ്കിലും രോഗാവസ്ഥയ്ക്കനുസരിച്ച് മറ്റ് മരുന്നുകളുടെ കഷായവും അതേപോലെതന്നെ വയ്പുകാടിയും ഉപയോഗിക്കാറുണ്ട്. നവരയരി മാത്രം ഉപയോഗിക്കുന്നതിനു പകരം ഗോതമ്പ്, ഉഴുന്ന്, ഉലുവ, മുതിര, ചതകുപ്പ, കടുക് തുടങ്ങിയ ധാന്യങ്ങളും മാംസങ്ങളും പൊടിച്ച മരുന്ന് മുതലായവയും പ്രത്യേക സന്ദർഭങ്ങളിൽ നവരക്കിഴിക്ക് ചേർക്കാറുണ്ട്.

രോഗിയുടെ തലയിൽ എണ്ണയും ശരീരത്തിൽ കുഴമ്പും പുരട്ടി കുറച്ചുസമയം തലോടിയതിനു ശേഷമാണ് നവരക്കിഴി ഉഴിയൽ ആരംഭിക്കുന്നത്. കിഴി ഉഴിയുന്നതിനോടൊപ്പം തന്നെ കൈകൊണ്ടു തലോടുകയും ചെയ്യുന്നു. കിഴിയുടെ ചൂടാറുന്നതിനനുസരിച്ച് കിഴി ചൂടാക്കി ഉപയോഗിക്കുന്നു. അധികം അമർത്താതെ കീഴ്പോട്ട് മാത്രമാണ് കിഴി ഉഴിയുന്നത്. കിഴിക്കു ചൂടുള്ളപ്പോൾ വേഗത്തിലും ചൂട് കുറയുമ്പോൾ സാവധാനത്തിലുമാണ് കിഴി ഉഴിയുന്നത്.

<ശാഴ െൃര=/ളലമേൗൃല/െവേൃലലബ2016ഖൗഹ്യ18്യമ5.ഷുഴ മഹശഴി=ഹലളേ>

രോഗിയെ ഇടയ്ക്കിടെ തിരിച്ചും മറിച്ചും കിടത്തി കിഴി ഉഴിയുന്നു. ഇപ്രകാരം ഇടതടവില്ലാതെ കിഴി ഉഴിഞ്ഞ് നിശ്ചിത സമയം കഴിയുമ്പോൾ കിഴി ചൂടാക്കാനുപയോഗിച്ച പാത്രത്തിൽ ബാക്കിവരുന്ന ദ്രവവും എടുത്ത് ശരീരത്തിൽ തേച്ച് തലോടിയതിനുശേഷം ശരീരത്തിൽ നിന്ന് അവ വടിച്ചുമാറ്റുന്നു. അതിനുശേഷം ചൂടാക്കിയ തൈലമോ കുഴമ്പോ വീണ്ടും പുരട്ടി അൽപസമയം തലോടുന്നു. പിന്നീട് ചെറുചൂടുള്ള വെള്ളത്തിൽ കുളിപ്പിക്കുന്നു.

<യ> വമനം (ഛർദിപ്പിക്കൽ)

ശരീരത്തിന് ആവശ്യമായ ആഹാരാദികൾ ആദ്യം ആമാശയത്തിലെത്തുകയും അതിനുശേഷം അതിന്റെ പ്രവർത്തനത്തെത്തുടർന്ന് ശരീരപോഷകങ്ങൾ ആവുകയും ചെയ്യുന്നു. അതിനാൽ ആമാശയം ദുഷിച്ച് മലിനമായാൽ ആ മാലിന്യം സർവ അവയവങ്ങളിലും വ്യാപിച്ച് പലവിധ രോഗങ്ങളെ ഉണ്ടാക്കും. കൂടാതെ ഹൃദയം മുതലായ പ്രധാന അവയവങ്ങൾ ആമാശയത്തിെൻറ സമീപത്തായതുകൊണ്ട് അവ ദുഷിക്കാതിരിക്കുന്നതിനും ആമാശയശുദ്ധി ആവശ്യമാണ്.

വമനംകൊണ്ടല്ലാതെ ആമാശയശുദ്ധി സാധ്യമല്ല. അതുകൊണ്ടു ശോധന ചികിത്സയിൽ വമനത്തിന് പ്രാധാന്യം ഏറുന്നു. കഫരോഗങ്ങളെ ചികിത്സിക്കുന്നതിന് വമനം അത്യധികം സഹായകമാണ്.

<യ> വിരേചനം (വയറിളക്കൽ)

കഫരോഗങ്ങളിൽ വമനം എന്നതുപോലെ പിത്തരോഗങ്ങളിൽ വിരേചനവും പ്രധാന ചികിത്സയാകുന്നു. ശരീരത്തിെൻറ മധ്യഭാഗമായ നാഭിയാണ് പിത്തത്തിെൻറ പ്രധാന സ്ഥാനവും. വിരേചനംകൊണ്ട് പ്രധാനമായി ഉദ്ദേശിക്കുന്നത് ദഹനവ്യവസ്ഥയുടെ ശുദ്ധീകരണമാണ്. ശരീരം മുഴുവൻ വ്യാപിച്ചു കിടക്കുന്നതും അധികരിച്ചിരിക്കുന്നതുമായ ത്രിദോഷങ്ങളെ സ്നേഹസ്വേദങ്ങൾ കൊണ്ട് ദ്രവിപ്പിച്ച് അവിടെനിന്ന് ഇളക്കി ദഹനവ്യവസ്ഥയിൽ എത്തിച്ച് വിരേചനം മൂലം ശരീരത്തിൽ നിന്ന് പുറംതള്ളാൻ സഹായിക്കുന്നു എന്നതാണ് ഈ ചികിത്സയുടെ പ്രധാന പ്രയോജനം.

<യ> വസ്തി

ത്രിദോഷങ്ങളിൽ ഏറ്റവും പ്രധാനവും മറ്റു ദോഷങ്ങളെ പ്രവർത്തിപ്പിക്കുന്നതും വാതമാണ്. വാതത്തിന്റെ പ്രധാന സ്ഥാനം പക്വാശയമാണ്. അതുകൊണ്ടുതന്നെ പക്വാശയത്തിൽ പ്രയോഗിക്കപ്പെടുന്ന വസ്തിചികിത്സ വാതത്തിെൻറ പ്രധാന ചികിത്സയുമാകുന്നു.

ഇപ്രകാരം ചെയ്യുന്ന വസ്തി വാതത്തെ സമസ്ഥിതിയിലാക്കുകയും ശരീരം മുഴുവൻ വ്യാപരിച്ച് കഫം, പിത്തം എന്നിവയെ നിയന്ത്രിച്ച് സർവരോഗങ്ങളെയും നശിപ്പിക്കുകയും ശരീരത്തിന് പുതുജീവൻ നൽകുകയും ചെയ്യുന്നു. വെറും വാതരോഗത്തിലും വാതപ്രധാനമായ മറ്റു രോഗങ്ങളിലും മാത്രമല്ല ത്രിദോഷ കോപജന്യമായി ഉണ്ടാകുന്ന എല്ലാവിധ രോഗങ്ങളിലും വസ്തികർമം പ്രധാന ചികിത്സയാകുന്നു.
കഷായവസ്തി, സ്നേഹവസ്തി, ഉത്തരവസ്തി എന്നിങ്ങനെ വസ്തികളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു. ഇതിൽ കഷായവസ്തി, സ്നേഹവസ്തി എന്നിവ മലദ്വാരം വഴിയും ഉത്തരവസ്തി മൂത്രമാർഗേനയും യോനിമാർഗേനയും ശരീരത്തിൽ കടത്തിവിടുന്നു.

വാതരോഗങ്ങൾ, ശരീരത്തിനു വരൾച്ച, വിശപ്പ് കൂടുതൽ എന്നിവയിലെല്ലാം സ്നേഹവസ്തി ചെയ്യപ്പെടുന്നു. വയറു വീർപ്പ്, രക്തവാതം, അതിസാരം, പീനസ്സം, കല്ലു രോഗങ്ങൾ, പ്ലീഹാരോഗങ്ങൾ, വയറ്റിലെ പലതരം വേദനകൾ, ചികിത്സിച്ച് ഭേദമാക്കാൻ പ്രയാസമുള്ള വാതരോഗങ്ങൾ എന്നിവയിൽ എല്ലാംതന്നെ കഷായവസ്തി പ്രധാന ചികിത്സയായി ചെയ്യുന്നു.

മൂത്രാശയ രോഗങ്ങളിലും യോനി, ഗർഭാശയം എന്നിവയെ സംബന്ധിച്ചുണ്ടാകുന്ന രോഗങ്ങളിലും ഉത്തരവസ്തി ചെയ്യപ്പെടുന്നു. ഉത്തരവസ്തി ചെയ്യപ്പെടേണ്ടുന്ന രോഗിക്ക് ആദ്യം രണ്ടോ മൂന്നോ കഷായ വസ്തി ചെയ്തതിനുശേഷമാണ് ഉത്തരവസ്തി ചെയ്യുക.

<യ> നസ്യം

കഴുത്തിനു മേൽപോട്ട് ഉണ്ടാകുന്ന രോഗങ്ങളിൽ നസ്യം പോലെ ഫലപ്രദമായ ശോധനചികിത്സ വേറെയില്ല. തലവേദന, ശരീരം വെട്ടിവിറയ്ക്കുക, മുഖത്തിെൻറയും ശരീരത്തിെൻറയും ഒരുവശം തളരുക മുതലായ രോഗങ്ങളിൽ നസ്യചികിത്സ വളരെ ഫലപ്രദമാണ്.

നസ്യം ചെയ്ത് ഉടനെ കുളിക്കുകയോ ഭക്ഷണം കഴിക്കുകയോ, വെള്ളം കുടിക്കുകയോ ചെയ്യരുത്. ഇതേ പോലെ തന്നെ കുളിച്ച ഉടനെയും ആഹാരം കഴിച്ച ഉടനെയും വെള്ളം കുടിച്ച ഉടനെയും നസ്യം ചെയ്യരുത്.

മദ്യം, നെയ്യ് മുതലായവ ഉപയോഗിക്കുന്നതിനു തൊട്ടുമുൻപും പിൻപും നസ്യം ചെയ്യരുത്. മഴക്കാലത്ത് ഒഴികെ മഴയും മൂടലും ഉള്ള ദിവസങ്ങളിൽ നസ്യം ചെയ്യാൻ പാടില്ല.

രോഗത്തിെൻറയും രോഗിയുടെയും അവസ്‌ഥയ്ക്കനുസരിച്ച് 5, 7, 9 ദിവസങ്ങൾ വരെ നസ്യം ചെയ്യാമെങ്കിലും സാധാരണയായി 7 ദിവസം ആണ് നസ്യം ചെയ്യാറുള്ളത്.

ശ്വാസോഛ്വാസത്തിനു തടസമില്ലാതെയിരിക്കുക, സുഖമായ ഉറക്കം, പഞ്ചേന്ദ്രിയങ്ങളും സുഖമായി പ്രവർത്തിക്കുക, രോഗശമനം എന്നിവ കൃത്യമായി നസ്യം ചെയ്യുന്നതു മൂലം ലഭിക്കുന്ന ഗുണങ്ങളാണ്.

<യ> രക്തമോക്ഷം

രക്തദോഷം കൊണ്ടും രക്താധിക്യം കൊണ്ടും ഉണ്ടാകുന്ന രോഗങ്ങളിലാണ് രക്തമോക്ഷം ചെയ്യുന്നത്. ശരീരത്തിലെ ചില ഭാഗങ്ങളിൽ വരിഞ്ഞുമുറുക്കിയതിനുശേഷം കുളയട്ടയെ കടിപ്പിച്ചും പ്രത്യേകതരം കുഴൽ ഉപയോഗിച്ചും സിരമുറിച്ചുമാണ് രക്തമോക്ഷം ചെയ്യുന്നത്. രോഗാനുസരേണ ഇവയിൽ യുക്തമായതു തെരഞ്ഞെടുക്കും.

പ്രത്യേക ഭാഗത്ത് ദുഷിച്ചിരിക്കുന്ന രക്തത്തെ കൊത്തിക്കളയുകയും കല്ലിച്ചുകിടക്കുന്ന രക്തത്തെ അട്ടയെക്കടിപ്പിച്ചും ത്വക്കിനു സ്പർശന ശേഷിയില്ലാത്തവിധം ദുഷിച്ച രക്തത്തെ കുഴൽ ഉപയോഗിച്ചും ശരീരം മുഴുവൻ വ്യാപിച്ചു ദുഷിച്ചിരിക്കുന്ന രക്തത്തെ സിര മുറിച്ചുമാണു കളയുന്നത്.

16 വയസ് തികയാത്തവരിലും 70 വയസ് കഴിഞ്ഞവരിലും സിരമുറിച്ച് രക്തം കളയാറില്ല. അതിസാരം, ഛർദി, വിളർച്ച, ശരീരം മുഴുവൻ നീര്, വാതരോഗം എന്നിവയുള്ളവർക്കും ഗർഭിണികൾ, പ്രസവിച്ചിരിക്കുന്നവർ, രക്തം നഷ്ടപ്പെട്ടവർ എന്നിവർക്കും രക്തമോക്ഷം ചെയ്യാറില്ല.

<യ> പഥ്യാചരണങ്ങൾ

പഞ്ചകർമ ചികിത്സ ചെയ്യുമ്പോഴും തുടർന്ന് അത്രയും കാലവും പാകപഥ്യം കൃത്യമായി ആചരിക്കണം. പിന്നീട് 7 ദിവസം കൂടി പാകപഥ്യങ്ങൾ ക്രമത്തിൽ കുറച്ചുവന്ന് സാധാരണ ദിനചര്യയിലേക്ക് മടങ്ങാവുന്നതാണ്. ഇപ്രകാരം ചെയ്യുന്നതുകൊണ്ട് ചികിത്സയുടെ പൂർണഫലം ലഭിക്കുന്നതാണ്.

പഴക്കം ചെന്ന പൊടിയരി, നവര ഗോതമ്പ് ഇവയിൽ ഏതെങ്കിലും കൊണ്ടുണ്ടാക്കിയ ചോറ്, കായ, ചേന, പാവയ്ക്ക, കുമ്പളങ്ങ, തക്കാളി, പടവലങ്ങ, കോവയ്ക്ക എന്നിവകൊണ്ടുണ്ടാക്കിയ തോരനും കറികളും നെല്ലിക്ക, ചെറുനാരങ്ങ എന്നിവ ഉപ്പിലിട്ടത്, കാച്ചിയ മോര്, ചുട്ട പപ്പടം എന്നിവ പഥ്യാഹാരമായി ഉപയോഗിക്കാവുന്നതാണ്. കറികളിലും മറ്റും വറ്റൽ മുളക്, പുളി എന്നിവ ചേർക്കാൻ പാടില്ല. എരിവിനായി കുരുമുളക്, ഇഞ്ചി എന്നിവ അല്പമായി ചേർക്കാവുന്നതാണ്. ഉപ്പിെൻറ ആവശ്യത്തിലേക്കായി ഇന്ദുപ്പ് വറുത്തുപൊടിച്ചു ചേർക്കുന്നതാണ് ഉത്തമം. കഴിവതും മത്സ്യ മാംസാദികൾ ഉപയോഗിക്കാതെയിരിക്കണം. കുടിക്കുന്നതിനായി കൊത്തമ്പാല, ജീരകം, ചുക്ക്, മുത്തങ്ങ ഇവയിൽ ഏതെങ്കിലും ചതച്ചിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. കുളിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കും ചൂടാക്കിയ വെള്ളം ഉപയോഗിക്കണം.

കാഠിന്യമുള്ള സ്ഥലത്ത് ഇരിക്കുകയോ കിടക്കുകയോ ചെയ്യരുത്. മൃദുവായ കിടക്കയിൽ പാകത്തിന് ഉയരമുള്ള തലയിണ ഉപയോഗിച്ച് കിടക്കണം. ഒരേ ഇരിപ്പിൽ അധികം സമയം ഇരിക്കുകയോ അധികം ദൂരം നടക്കുകയോ അധികം വേഗത്തിൽ നടക്കുകയോ ചെയ്യരുത്. ദേഷ്യം, വ്യസനം, ഭയം എന്നിവ ഉണ്ടാകാതെയും മനസിനും ശരീരത്തിനും ആയാസം ഉണ്ടാകാതെയും ശ്രദ്ധിക്കണം. വെയിൽ, ചൂട്, പുക, മഞ്ഞ്, മഴ, ശക്തിയായ കാറ്റ് എന്നിവ ഏല്ക്കാതെ ശ്രദ്ധിക്കണം. കട്ടി കുറഞ്ഞ പുതപ്പ് പുതച്ചു കിടക്കണം. ചെരുപ്പില്ലാതെ നിലത്തു ചവിട്ടരുത്. പകലുറങ്ങുകയും രാത്രി ഉറക്കമിളയ്ക്കുകയും ചെയ്യരുത്. കിടക്കുന്ന മുറിയിൽ തന്നെ വൈകുന്നേരം അല്പം നടക്കുന്നതു നല്ലതാണ്. ആഹാരം സമയത്തു കഴിക്കുന്നതിന് ശ്രദ്ധവേണ്ടതാണ്. മലമൂത്രങ്ങൾ പോകണം എന്നു തോന്നുമ്പോൾ തന്നെ പോയിരിക്കണം. യാതൊരു കാരണവശാലും തടയരുത്.