കറിവേപ്പില അഴകിനും ആരോഗ്യത്തിനും !

വീട്ടുവളപ്പിലെ ഫലപ്രദമായ നാടന്‍മരുന്നുകൂടിയാണ് കറിവേപ്പില
ഭക്ഷണവിഭവങ്ങള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ശരീരകാന്തിക്കും നമുക്കു വരുന്ന മിക്ക അസുഖങ്ങളെയും അകറ്റാനുള്ള കഴിവ് ഒന്ന് വേറെ തന്നെയാണ്. ഇതാ ചില കറിവേപ്പില വിശേഷങ്ങള്‍.


പാദ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്ന് ദിവസം കാലില്‍ തേച്ച് പിടിപ്പിക്കുക. തന്മൂലം ഉപ്പൂറ്റി വീണ്ടുകീറുന്നതും മാറിക്കിട്ടും.
കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാല്‍ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം കൈവരികയും ചെയ്യും.


കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ അരച്ച് തലയില്‍ തേച്ച് അരമണിക്കൂറിന്ന് ശേഷം സ്‌നാനം ചെയ്യുക. പേന്‍, ഈര്, താരന്‍ എന്നിവ നിശ്ശേഷം ഇല്ലാതാകും.
തലമുടി കൊഴിച്ചില്‍ തടയാല്‍ കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നിവ ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേക്കുക.


പതിവായി കഴിക്കുന്ന ഭക്ഷണത്തില്‍ കറിവേപ്പില ഉള്‍പ്പെടുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ജീവകം ‘എ’ ഏറ്റവുമധികം ഉള്‍ക്കൊള്ളുന്ന ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് കണ്ണുസംബന്ധമായ അസുഖങ്ങള്‍ക്ക് ഫലപ്രദമായിരിക്കുന്നതും.
ദഹനത്തിന്നും, ഉദരത്തിലെ ക്രിമി നശീകരണത്തിന്നും ജീവകം ‘എ’ കൂടുതല്‍ അടങ്ങിയ കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
ചര്‍മരോഗങ്ങള്‍ അകലാന്‍ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാല്‍ മതി.
അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് ശമനം കൈവരാന്‍ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച് തുടര്‍ച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാല്‍ മതി.


അരുചി മാറിക്കിട്ടാന്‍ കറിവേപ്പിലയരച്ച് മോരില്‍കലക്കി സേവിക്കുന്നത് ഫലപ്രദമാണ്.
കറിവേപ്പിലയരച്ച് പൊളിച്ച അടക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ധന മൂലമുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ശമനം കിട്ടും.
പുഴുക്കടി അകലാന്‍ കറിവേപ്പിലയും, മഞ്ഞളും ചേര്‍ത്തരച്ചിട്ടാല്‍ മതി.
ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരില്‍ കലക്കിക്കഴിക്കുക.


കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് നെല്ലിക്ക വലുപ്പത്തില്‍ കാലത്ത് ചൂട് വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ കാലില്‍ ഉണ്ടാകുന്ന എക്‌സിമയ്ക്ക് ശമനം കിട്ടും.
ഉദരരോഗങ്ങള്‍ ശമിക്കാന്‍ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക.