പക്ഷാഘാതം അറിയേണ്ടതെല്ലാം

തലച്ചോറിലേക്ക് പോഷകങ്ങളും ഓക്‌സിജനും എത്തിച്ചേരുന്നത് രക്തത്തിലൂടെയാണ്. രക്തചംക്രമണ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകള്‍ തലച്ചോറിലെ കോശങ്ങളുടെ നിഷ്‌ക്രിയത്വത്തിനു കാരണമാകുകയും ഇത് പക്ഷാഘാതത്തിന് കാരണമാകുകയും ചെയ്യുന്നു.

ഹൃദയാഘാതം കഴിഞ്ഞാല്‍ ഇന്നു ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്നത് മസ്തിഷ്‌ക്കാഘാതം മൂലമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കുകയോ ഭാഗീകമായി നിലച്ചുപോകുകേേയാ ചെയ്യുന്ന രോഗാവസ്ഥയാണിത്. ഈ രോഗം മൂലം തലച്ചോറിലെ കോശങ്ങള്‍ക്ക് നാശമുണ്ടാകുന്നു.തലച്ചോറിലെ വിവിധ ഭാഗങ്ങളില്‍ സ്‌ട്രോക് ഉണ്ടാകാറുണ്ട്. വലത്തേ അര്‍ദ്ധഗോളം, ഇടത്തേ അര്‍ദ്ധഗോളം,സെറിബെല്ലം,ബ്രയിന്‍സ്റ്റെം എന്നിവിടങ്ങളിലാണവ.വലത്തേ അര്‍ദ്ധഗോളത്തിലെ സ്‌ട്രോക് ശരീരത്തിന്റെ ഇടതു ഭാഗത്തെ തളര്‍ത്തുകയോ ദൂരം വലിപ്പം എന്നിവതിരിച്ചറിയാനുള്ള കഴിവോ നഷ്ടപ്പെടുത്തുമ്പോള്‍ ഇടത്തേ അര്‍ദ്ധഗോളത്തിലെ സ്‌ട്രോക് സംസാര ശേഷിയെ നഷ്ടപ്പെടുത്തിയേക്കും.

സെറിബെല്ലം സ്‌ട്രോക് വന്നാല്‍ രോഗിക്ക് ഒരിടത്ത് ഉറച്ച് നില്‍ക്കാനാവില്ല.ബ്രയിന്‍സ്റ്റെം സ്‌ട്രോക് ശരീരത്തിന്റെ മുഴുവന്‍ ഭാഗവും തളര്‍ത്തും. തലച്ചോറിലേക്കുള്ള രക്ത പ്രവാഹം കുറയുകയോ തലച്ചോറിലെ ഏതെങ്കിലും ഒരു ഭാഗത്തേക്കുള്ള രക്തപ്രവാഹം നിലയ്ക്കുന്നതോ ഇതിന് കാരണമാകാം. ധമനികളിലോ ഹൃദയത്തിലോ ഉണ്ടാകുന്ന രക്തകട്ടകള്‍ മൂലമുള്ള തടസ്സം (എംബോളിസം),തലച്ചോറിലെ രക്തധമനികള്‍ പൊട്ടിയുണ്ടാകുന്ന രക്തപ്രവാഹം(ഹെമറേജ്), തലച്ചോറിലേക്ക് രക്തം കൊണ്ട് പോകുന്ന ധമനികളില്‍ കൊഴുപ്പടിഞ്ഞുണ്ടാകുന്ന തടസ്സം (ബ്ലോക്ക് ) എന്നിവ മൂലവും മസ്തിഷ്‌കആഘാതം സംഭവിക്കാം.

ലോകാരോഗ്യ സംഘടനയുടെ നിര്‍വ്വചന പ്രകാരം രക്തചംക്രമണ വ്യവസ്ഥയില്‍ ഉത്ഭവിക്കുന്നതും ഇരുപത്തി നാലു മണിക്കൂറിലധികം നീണ്ടു നില്‍ക്കുകയോ മരണത്തില്‍ കലാശിക്കുകയോ ചെയ്യുന്ന മസ്തിഷ്‌ക്കത്തിലെ കേന്ദ്രീകൃതമായതോ വ്യാപകമായതോ ആയ പ്രവര്‍ത്തന തകരാറാണ് മസ്തിഷ്‌ക്കാഘാതം(സ്‌ട്രോക്). രോഗലക്ഷണങ്ങള്‍ ഇരുപത്തി നാലു മണിക്കൂര്‍ നീണ്ടു നില്‍ക്കാതെ അപ്രത്യക്ഷമായാലും തലച്ചോറിന്റെ സ്‌കാന്‍ ദൃശ്യത്തില്‍ ചികിത്സ അത്യന്താപേക്ഷിതമായ ഒരു ക്ഷതം ദൃശ്യമായാല്‍ ആധുനിക വൈദ്യശാസ്ത്രം പക്ഷാഘാതമായി കണക്കാക്കി വരുന്നു.

മസ്തിഷ്‌ക്ക ആഘാതത്തെ രണ്ടായി തരം തിരിച്ചിട്ടുണ്ട്. ഇസ്മിക് സ്‌ട്രോക്(Ischemic tSroke) ഹെമറേജിക് സ്‌ട്രോക് (Hemorrhagic tSroke) എന്നിവയാണവ. മസ്തിഷ്‌ക്ക ഭാഗത്തേക്കുള്ള രക്ത ധമനികളില്‍ രക്തം കട്ട പിടിക്കുന്നത് മൂലം രക്തചംക്രമണ വ്യവസ്ഥയിലുണ്ടാകുന്ന തടസ്സം ആണ് ഇസ്മിക് സ്‌ട്രോകിലേക്ക് നയിക്കുന്നത്. പാരന്‍കിമയ്ക്കുള്ളി ((Parenchyma)ലെയോ മസ്തിഷ്‌ക്ക ആവരണത്തിലെ സബ്‌റ്ക്‌നോയ്ഡ് (subarachnoid) ലേയോ ധമനികള്‍ പൊട്ടി രക്തസ്രാവമുണ്ടായി സൃഷ്ടടിക്കുന്ന തടസ്സങ്ങളാണ് ഹെമറേജിക് സ്‌ട്രോകിന് കാരണമാകുന്നത്.

തലയോട്ടി പൊട്ടിയുണ്ടാകുന്ന അപകടത്തെ സ്‌ട്രോക് ആയി കണക്കാക്കാറില്ല.മസ്തിഷ്‌ക്കത്തില്‍ കാണപ്പെടുന്ന പ്രശ്‌നങ്ങള്‍ മൂലം നാഢിവ്യവസ്ഥയില്‍ ക്ഷണികമായ ആഘാതം കാണപ്പെടാറുണ്ട് ഇവയെ ട്രാന്‍സ്മിയന്റ് ഈസ്മിക് അറ്റാക്(ടി.ഐ.എ) എന്ന് വിളിക്കുന്നു. പലപ്പോഴും ഒരു മണിക്കൂറിനുള്ളില്‍ രോഗലക്ഷണങ്ങള്‍ അപ്രത്യക്ഷമാകുന്നവയാണ് ഇവ. പ്രത്യക്ഷമായുള്ള രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് മസ്തിഷ്‌ക്ക ആഘാതത്തെ പലപ്പോഴും തിരിച്ചറിയാറുള്ളത്. എന്നാല്‍ പുറമേ രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്ത നിശ്ലബ്ദ മസ്തിഷ്‌ക്ക ആഘാതങ്ങളെ കണ്ടുപിടിക്കാന്‍ ആധുനിക വൈദ്യശാസ്ത്രം തലച്ചോറിന്റെ എം.ആര്‍.ഐ ദൃശ്യങ്ങളെ ആശ്രയിക്കാറുണ്ട്.ഇത്തരം സ്‌ട്രോക് ബാധിച്ച രോഗികള്‍ ഭാവിയില്‍ സ്മൃതിനാശ രോഗം വരാനുള്ള സാധ്യത കൂടുതലാണ്.

കാരണങ്ങള്‍

രക്താതിസമ്മര്‍ദ്ദം,അമിത വണ്ണം,പൃദയാഘാതം,പ്രമേഹം,കരോട്ടിക് ധമനീ ചുരുക്കം(Carotid artery stenosis), പുകവലി, ഉയര്‍ന്ന കൊളസ്‌ട്രോള്‍, മസ്തിഷ്‌ക്ക ധമനീ വീക്കം (aneurysm) തുടങ്ങിയ മസ്തിഷ്‌ക്ക ആഘാതത്തിന് കാരണമാകുന്നു.

ലക്ഷണങ്ങള്‍ എന്തെല്ലാം

• ശരീരത്തിന്റെ ഒരു വശം തളരുന്നതായി അനുഭവപ്പെടുക
• കൈ കാലുകളില്‍ സംഭവിക്കുന്ന ബലക്ഷയം
• സംസാരശേഷിയോ കാഴ്ചയോ ഭാഗീകമായോ പൂര്‍ണമായോ നഷ്ടമാകുക
• സ്പര്‍ശന ശേഷി കുറയുക
• നടക്കുമ്പോള്‍ ഒരു വശത്തേക്ക് ചെരിഞ്ഞു പോകുക
• കണ്ണുകള്‍ ചലിപ്പിക്കകുന്നതില്‍ തടസ്സം നേരിടുക
• ശക്തമായ തലവേദനയും തലകറക്കവും
• അപസ്മാരം
• ബോധക്ഷയം
• സ്ഥലകാലബോധത്തെ കുറിച്ച് ധാരണ ഇല്ലാതിരിക്കുക

മേല്‍ പറഞ്ഞ ലക്ഷണങ്ങളില്‍ പലതും മറ്റു രോഗങ്ങളിലും സംഭവിക്കാമെങ്കിലും കൃത്യ സമയത്ത് ലഭിക്കുന്ന ചികിത്സ രോഗ ഭയത്തില്‍ നിന്നും രോഗ ആഘാതത്തില്‍ നിന്നും സംരക്ഷണം നല്‍കും.

മസ്തിഷ്‌ക്ക മരണം (Brain Death)

നമ്മുടെ ശരീരത്തിലെ രക്തചംക്രമണത്തേയും ശ്വാസോച്ഛാസത്തേയും നിയന്ത്രിക്കുന്നത് മസ്തിഷ്‌ക കാണ്ഡം (Brain Stem) എന്ന ഭാഗമാണ്. എന്നാല്‍ മനുഷ്യബുദ്ധി,ഇന്ദ്രിയ ജ്ഞാനം,ഓര്‍മ്മശക്തി എന്നിവയെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ ഉപരിഭാഗമാണ് (Cerebral Cortex)രക്തചംക്രമണ,ശ്വാസോച്ഛാസ നിശ്ചലതമൂലം മസ്തിഷ്‌ക പ്രവര്‍ത്തനം നിലച്ച ഒരാളെ അഞ്ചുമിനുട്ടിനുള്ളില്‍ പൂര്‍വ്വാവസ്ഥയിലേക്ക് തിരികെ കൊണ്ടുവരാനായില്ലെങ്കില്‍ അയാളുടെ പ്രസ്തുത ഉപരിഭാഗം(സെറിബ്രല്‍ കോര്‍ട്ടക്‌സ്)നിര്‍ജ്ജീവമാകും. എന്നാല്‍ മസ്തിഷ്‌ക കാണ്ഡത്തിന് ഓക്ജനില്ലാതെയും അല്‍പ്പനേരം പ്രവര്‍ത്തിക്കാനാകും. പ്രസ്തുത സമയത്തിന് ശേഷം ലഭിക്കുന്ന ചികിത്സ കൊണ്ട് ശരീരത്തെ പുനരുജ്ജീവിപ്പിച്ചാല്‍ ഹൃദയവുംശ്വാസകോശവും തുടര്‍ന്നും പ്രവര്‍ത്തിച്ചു തുടങ്ങും. ഈ മരണത്തിന് പറയുന്ന പേര് സെറിബ്രല്‍ ഡെത്ത് (ഉപരിമസ്തിഷ്‌ക മരണം) എന്നാണ്. ഇത് സംഭവിച്ച വ്യക്തി പ്രതികരണശേഷിമോ സ്ഥലാകാലബോധമോ ഇല്ലാതെ ദീര്‍ഘകാലം ഉറങ്ങുകയോ ജീവച്ഛവമായി കഴിയുകയോ ചെയ്യും. ഇനി പുനര്‍ജ്ജീവനത്തിന് പത്ത് മിനുട്ടില്‍ കൂടുതലെടുത്താലോ മസ്തിഷ്‌ക കാണ്ഡമുള്‍പ്പടെയുള്ള മുഴുവന്‍ ഭാഗങ്ങളുടെയും പ്രവര്‍ത്തനം നിലയക്കുകയും ശരീരം പൂര്‍ണ്ണമായ മരണാവസ്ഥയിലേക്ക്് എത്തിച്ചേരുകയും ചെയ്യും.ഈ മരണത്തെ വൈദ്യശാസ്ത്രം വിളിക്കുന്നത് ബ്രെയിന്‍ സ്റ്റെം ഡെത്ത് എന്നാണ്