പഴം കളഞ്ഞാലും പഴത്തോല്‍ കളയല്ലേ-വീഡിയോ കാണുക

സമീകൃതാഹാരത്തിൽ ഏത്തപ്പഴത്തിന്റെ സ്ഥാനം മുന്നിൽ തന്നെയാണ്. ഏത്തപ്പഴം കഴിച്ചതിനു ശേഷം തൊലി കുപ്പയിലേക്ക് വലിച്ചെറിയേണ്ടതില്ല, ഉപയോഗ ശൂന്യം എന്നു കരുതുന്ന പഴത്തൊലി പ്രോട്ടീൻ, വിറ്റമിൻ, മിനറൽ എന്നിവയാൽ സമൃദ്ധമാണ്. ആരോഗ്യവും സൗന്ദര്യ സംരക്ഷണവും ഒരു പോലെ നില നിർത്തുന്നതിൽ ഏത്തപ്പഴത്തൊലിയുടെ പങ്കു വളരെ വലുതാണ്. പേടിപ്പെടുത്തുന്ന ക്യാൻസര്‍ രോഗത്തിന്റെ സെല്ലുകളെ നശിപ്പിക്കുവാനുളള കഴിവിലും കേമൻ തന്നെ ഏത്തപ്പഴത്തൊലി.

പല്ലിന്റെ മഞ്ഞ നിറം മൂലം ഒന്നു തുറന്നു ചിരിക്കാൻ കഴിയുന്നില്ലേ? ടെൻഷൻ വേണ്ട, ചായയുടെയും മറ്റും ഉപയോഗം മൂലമുള്ള ഈ കറ അകറ്റാൻ ഡെന്റിസ്റ്റിനെ കാണണമെന്നില്ല, ഏത്തപ്പഴത്തൊലിയുടെ ഉൾഭാഗം നന്നായി പല്ലിൽ അമർത്തി 5 മിനിറ്റു നേരം തേച്ചു നോക്കൂ, ഒരൊറ്റ തവണത്തെ ഉപയോഗം കൊണ്ടു വ്യത്യാസം കാണാം. ഈ പ്രക്രിയ തുടർന്നാൽ തോലിൽ അടങ്ങിയിട്ടുളള മാംഗനീസും മഗ്നീഷ്യവും പൊട്ടാസ്യവും പ്രവർത്തിച്ച് പല്ലിന്റെ മഞ്ഞ നിറം അകറ്റി തിളക്കവും വെൺമയും നൽകുന്നു.

പോളിഷ് ക്രീമുകളെ ആശ്രയിക്കാതെ തന്നെ ഷൂ പോളിഷ് ചെയ്യാം, ഏത്തപ്പഴത്തൊലിയുടെ ഉൾഭാഗം ഷൂവിന്റെ ഉപരിതലത്തിൽ അമർത്തി ഉരുമ്മിയ ശേഷം കോട്ടൺ തുണികൊണ്ടു തുടച്ചെടുക്കുക, വ്യത്യാസം മനസ്സിലാക്കാം. പോളിഷിൽ ഏത്തപഴത്തൊലി ഉത്തമം തന്നെ.

മഴക്കാലം കൊതുകുകളുടെ കാലമാണല്ലോ. കൊതുകും ചെറുപ്രാണികളും കുത്തി, കൈയും കാലും ചൊറി‍ഞ്ഞും ചുവന്നും അലോസരപ്പെടുത്തുന്നുണ്ടോ? ചുവന്നു തടിച്ച ഭാഗത്തേക്ക് ഏത്തപഴത്തൊലി തിരുമ്മുക ചൊറിച്ചിലിലും കടച്ചിലിൽ നിന്നും ആശ്വാസം കിട്ടും. തടിപ്പു കുറയും. കൂടാതെ സോറിയോസിസ് മൂലം ചൊറിച്ചിൽ അനുഭവപ്പെടുന്നവർക്കും ഏത്തപ്പഴത്തൊലി നല്ലതു തന്നെ.

സൗന്ദര്യ വിഷയത്തിലും ഏത്തപ്പഴത്തൊലിയുടെ പ്രവർത്തി അസാമാന്യം തന്നെ, കൗമാരക്കാരെ അലട്ടുന്ന മുഖക്കുരുവിനും കാരയ്ക്കും ഏത്തപഴത്തൊലി അത്യുത്തമമാണ്. പഴുത്ത ഏത്തപഴത്തൊലിയുടെ ഉൾഭാഗം മുഖത്തും കൺതടങ്ങളിലും ഉരച്ചു തിരുമ്മിയ ശേഷം തണുത്ത വെളളം കൊണ്ടു മുഖം കഴുകൂ, ദിവസേന രണ്ടു തവണ ഇതു തുടരുക. മുഖകാന്തി വർദ്ധിക്കും. കൂടാതെ ഫ്രഷ്നസ്സും അനുഭവപ്പെടും.

വെളളി ആഭരണങ്ങൾ ഏത്തപഴത്തൊലി കൊണ്ടു തുടച്ചെടുത്താൽ മങ്ങിയ നിറം വീണ്ടെടുക്കാം. ഏത്തപഴത്തൊലി കഴിക്കുന്നതുകൊണ്ടും ഗുണമുണ്ട്. ആന്തരികാവയവങ്ങളിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പിനെ ഇവ അലിയിക്കുന്നു. കൂടാതെ മൂഡ് ബൂസ്റ്റർ ആയും പ്രവർത്തിക്കുന്നു. അമിനോ ആസിഡുകൂടിയായ ട്രിപ്്റ്റോൺ അടങ്ങിയ ഏത്തപഴത്തൊലി സംവേദനങ്ങളെ നിയന്ത്രിക്കുന്ന സെറോടിൻ എന്ന ഹോർമോണിന്റെ പ്രവർത്തനത്തെ ത്വരിതപ്പെടുത്തുന്നു.