നിപ്പ വൈറസ്: എങ്ങിനെ പ്രതിരോധിക്കാം; മുൻകരുതലുകൾ ഇങ്ങനെ: ഡോ. ഷിംന അസീസിന്റെ പോസ്റ്റ് വൈറലാകുന്നു

കഴിഞ്ഞ ദിവസമുണ്ടായ പനി മരണങ്ങളില്‍ ആറ് പേരുടേയും നിപ്പ വൈറസ് മൂലമാണെന്ന് സ്ഥിരീകരിച്ചു. നിപ്പാ വൈറസ് വായുവിലൂടെയും പകരുമെന്നാണ് കേന്ദ്ര ആരോഗ്യസംഘം വ്യക്തമാക്കിയത്. എന്നാല്‍ ദീര്‍ഘദൂരം ഇവയ്ക്ക് സഞ്ചിക്കാന്‍ ആകില്ല. അതേസമയം ആശങ്കപ്പെട്ട് പ്രദേശത്ത് നിന്ന് പലായനം ചെയ്യേണ്ട സാഹചര്യമൊന്നും നിലനില്‍ക്കുന്നില്ലെന്നും സംഘം വ്യക്തമാക്കിയിട്ടുണ്ട്. പനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്ക് നില്‍ക്കാതെ കൃത്യമായ വൈദ്യസഹായം തേടിയാല്‍ ചികിത്സിച്ച് ഭേദമാക്കാന്‍ ആകുമെന്ന് ഇന്‍ഫോക്ലിനിക്ക് അംഗവും ഡോക്ടറുമായ ഷിംന അസീസ് തന്‍റെ ഫേസ്ബുക്കില്‍ കുറിപ്പില്‍ പറയുന്നു. നിപ്പ പരത്തുന്ന ഭീഷണിയെ എങ്ങനെ നേരിടാമെന്നും രോഗത്തെ എങ്ങനെ പ്രതിരോധിക്കാമെന്ന് തുടങ്ങിയ കാര്യങ്ങളും ഷിംനയുടെ കുറിപ്പില്‍ പറയുന്നുണ്ട്.

ഡോ. ഷിംനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

നാട്ടിൽ ഇത്‌ വരെ കേട്ടിട്ടില്ലാത്ത ഒരു വൈറസ്‌ പടർന്നു പിടിക്കുന്നതായി കേട്ട ഭീതിയിലാണല്ലോ എല്ലാവരും. കൃത്യമായ വാക്‌സിനോ ചികിത്സയോ ലഭ്യമല്ലെങ്കിലും വെല്ലുവിളിയെന്നോണം വന്ന നിപ്പാ വൈറസ്‌ രോഗബാധയുടെ തീവ്രത കുറയ്‌ക്കാനുള്ള ശ്രമങ്ങൾ ചുറ്റുപാടും നടക്കുന്നുണ്ട്‌. ആശുപത്രിയിൽ രോഗം തീവ്രമാകുന്നതും പടരുന്നതും തടയാനുള്ള കാര്യങ്ങൾ ആരോഗ്യപ്രവർത്തകർ തീർച്ചയായും ശ്രദ്ധിക്കും. പക്ഷേ, സാധാരണക്കാരന്‌ എങ്ങനെയാണ്‌ നിപ്പാ വൈറസ്‌ പോലുള്ള ഭീഷണികളെ നേരിടാനാവുക? എങ്ങനെയാണ്‌ പ്രതിരോധനടപടികൾ? അവർക്കുള്ള നിർദേശങ്ങൾ എങ്ങനെയാണ്‌ ലഭ്യമാകുക? സ്വയരക്ഷക്കുള്ള ആ വഴികളാണ്‌ ഇന്നത്തെ #SecondOpinion മനസ്സിലുറപ്പിച്ച്‌ തരുന്നത്‌.

പ്രതിരോധം തന്നെയാണ്‌ ഏറ്റവും ഫലപ്രദമായ മരുന്ന്‌ എന്നോർമ്മിപ്പിക്കുന്നു. രോഗം വന്നാൽ മരണസാധ്യത 74.5 ശതമാനത്തോളമാണ്‌ എന്നതിനാൽ ഈ പ്രതിരോധത്തിന്റെ വില ജീവനോളം പ്രധാനവുമാണ്‌. പനിയുള്ള രോഗികൾക്കെല്ലാം നിപ്പാ വൈറസ്‌ ബാധയാകണമെന്നില്ല. എങ്കിലും, പനിയോടൊപ്പം ശക്‌തിയായ തലവേദന, പെരുമാറ്റത്തിൽ മാറ്റങ്ങൾ, ഛർദ്ദി, ക്ഷീണം, തളർച്ച, കാഴ്‌ച മങ്ങൽ,ബോധക്ഷയം എന്നിവയെ ഒന്ന്‌ ഗൗനിക്കണം. ഇത്തരത്തിലുള്ള രോഗിയുമായി അടുത്തിടപഴകാതിരിക്കുന്നതാണ്‌ സുരക്ഷിതം. രോഗിയുടെ ശാരീരികസ്രവങ്ങളുമായി നേരിട്ട്‌ ബന്ധമുണ്ടാകാതെ ഈ രോഗം പടരുകയുമില്ല. അതായത്‌, അവർ തുമ്മുകയോ ചുമയ്‌ക്കുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ നമ്മുടെ ശ്വസനവ്യവസ്‌ഥയിലേക്കെത്തുന്ന രോഗിയുടെ തുപ്പലിൻെയോ മൂക്കിലെ സ്രവങ്ങളുടേയോ അംശത്തിലുള്ള വൈറസുകളാണ്‌ രോഗം പടർത്തുന്നത്‌ (droplet transmission). വായു, വെള്ളം, ഭക്ഷണം എന്നിവയിലൂടെയും പകരില്ല.

എന്നാൽ, വവ്വാലിന്റെ കാഷ്‌ഠം വീഴാൻ സാധ്യതയുള്ള കിണറ്റിലെ വെള്ളം നന്നായി തിളപ്പിച്ച്‌ ഉപയോഗിക്കുക. എന്നാൽ ഈ വെള്ളത്തിൽ മുഖം കഴുകുന്നതും കുളിക്കുന്നതും സുരക്ഷിതമല്ല. കിണർ ക്ലോറിനേറ്റ്‌ ചെയ്യുന്നത്‌ ഈ ഭീഷണി ഒഴിവാക്കും. വവ്വാൽ സ്‌പർശിക്കാൻ സാധ്യതയുള്ള കായ്‌ഫലങ്ങളും ഇലകളും മറ്റു ജീവികളുമായുള്ള സമ്പർക്കം ഒഴിവാക്കുക. ഏത്‌ പഴം ഭക്ഷിക്കുമ്പോഴും നന്നായി കഴുകി തൊലി കളഞ്ഞ ശേഷം കഴിക്കുക. വവ്വാൽ മൃഗങ്ങളെ കടിക്കാനുള്ള സാധ്യത അവഗണിക്കാനാവില്ല എന്നതിനാൽ ഏത് മാംസവും നന്നായി വേവിച്ച്‌ മാത്രം ഉപയോഗിക്കുക. മാംസവ്യാപാരികൾ മാസ്‌കും കൈയ്യുറകളും ധരിക്കുന്നത്‌ ഉചിതമായിരിക്കും.

രോഗീസന്ദർശനം ഒഴിവാക്കുക. രോഗിയെ മറ്റുള്ളവരിൽ നിന്നും വേർപെടുത്തി കിടത്തുക. രോഗിയുമായി ഒരു മീറ്റർ അകലമെങ്കിലും പാലിച്ചിരിക്കണം. രോഗിയെ ശുശ്രൂഷിക്കുമ്പോൾ മാസ്‌കും കൈയ്യുറകളും ധരിക്കുക. അതിന്‌ ശേഷം ചുരുങ്ങിയത്‌ നാൽപത്‌ സെക്കന്റ്‌ എടുത്ത്‌ കൈപ്പത്തിയുടെ എല്ലാ ഭാഗത്തും സോപ്പ്‌ എത്തുന്ന വിധത്തിൽ നന്നായി കൈ കഴുകുക. (ഇത് എങ്ങനെയെന്ന് വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ചിത്രം ഗൂഗിൾ ചെയ്തെടുത്തത് പോസ്റ്റിനോടൊപ്പം ചേർക്കുന്നു. ചിത്രം ഡിസൈൻ ചെയ്ത വ്യക്തിക്ക് കടപ്പാട്, നന്ദി). ഭക്ഷണം ഉണ്ടാക്കുന്നതിന്‌ മുൻപും ശേഷവും നന്നായി കൈ സോപ്പുപയോഗിച്ച്‌ കഴുകുക. രോഗിയെ പരിചരിച്ച ശേഷം കുളിച്ച്‌ വസ്‌ത്രം മാറുക. രോഗിയുടെയും പരിചാരകന്റേയും വസ്ത്രങ്ങൾ വൃത്തിയായി ഡിറ്റർജെന്റ്‌ ഉപയോഗിച്ച്‌ കഴുകുക. മുറിയുടെ നിലം അണുനാശിനി ഉപയോഗിച്ച്‌ വൃത്തിയാക്കുക. രോഗിയുടെ വിസർജ്യങ്ങളുമായുള്ള സമ്പർക്കവും ഒഴിവാക്കണം.

രോഗി മരണപ്പെട്ടാൽ ശരീരം കുളിപ്പിക്കുന്നവർ മാസ്‌കും കൈയ്യുറകളും ധരിക്കുക. മൃതശരീരത്തിന്റെ സ്വകാര്യഭാഗങ്ങളും മൂക്കും വായയും പഞ്ഞി കൊണ്ട്‌ മൂടി വൈറസ്‌ അടങ്ങുന്ന സ്രവങ്ങൾ പുറത്ത്‌ വരാതെ സൂക്ഷിക്കണം. ശരീരത്തെ കെട്ടിപ്പിടിക്കുന്നതും ഉമ്മ വെക്കുന്നതും മറ്റു സ്‌നേഹപ്രകടനങ്ങളും പാടേ ഒഴിവാക്കണം. മൃതശരീരത്തെ കുളിപ്പിച്ച ശേഷം നിർബന്ധമായും കുളിച്ച്‌ വസ്‌ത്രം മാറണം. ആ വ്യക്‌തി ഉപയോഗിച്ചിരുന്ന പാത്രം, കിടക്കവിരികൾ തുടങ്ങിയവ നന്നായി കഴുകാതെ വീണ്ടും ഉപയോഗിക്കരുത്‌. കിടക്കയും തലയിണയും ദിവസങ്ങളോളം നന്നായി വെയിലത്തിട്ട്‌ ഉണക്കിയ ശേഷം മാത്രം ഉപയോഗിക്കുക.

ഓർക്കുക, ഭയം കൊണ്ട്‌ ഒന്നും നേടാനാകില്ല. ദക്ഷിണേന്ത്യയിൽ ആദ്യമായാണ്‌ നിപ്പാ വൈറസിനെ കണ്ടെത്തിയിരിക്കുന്നത്‌. ഈ വേളയിൽ കപടശാസ്‌ത്രജ്‌ഞരുടേയും ഊഹോപാഹക്കാരുടേയും കെണിയിൽ പെടാതെ നമുക്ക്‌ ഒന്നിച്ച്‌ നിൽക്കാം, ഈ രോഗത്തെ നേരിടാം. മുൻകരുതലുകളെടുക്കുന്നതിൽ മടിക്കരുതെന്നപേക്ഷിക്കുന്നു.