ഇനി പ്രസവമുറികളിൽ കരുതലും കരുത്തുമായി ഭർത്താവും……

p>തിരുവനന്തപുരം: പ്രസവമുറിയിൽ മാനസിക പിന്തുണ നൽകാൻ ഇനിമുതൽ ഭർത്താക്കൻമാരുടെ കൂട്ടും. തലസ്ഥാനത്തെ രണ്ടു പ്രധാന സർക്കാർ ആശുപത്രികളിൽ ഭർത്താവിന്റെ സാന്നിധ്യം അനുവദിക്കുന്നതിനുള്ള നടപടികൾ ഉടനുണ്ടാവും. മികച്ച പ്രസവ സുരക്ഷയ്ക്കായുള്ള ‘ലക്ഷ്യ’യെന്ന പദ്ധതിപ്രകാരമാണ് ഭർത്താവിന്റെ സാന്നിധ്യം അനുവദിക്കുന്നത്. ദേശീയ ആരോഗ്യദൗത്യമാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.

ഇതുമൂലം പ്രസവസമയത്തെ മാനസിക സമ്മർദം കുറയ്ക്കാനാകും എന്ന് കരുതുന്നു.

ആദ്യഘട്ടത്തിൽ ജില്ലയിൽ എസ്.എ.ടി. ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി എന്നിവിടങ്ങളിലാണ് ഈ പദ്ധതി. ഇതിനായി ഭർത്താക്കൻമാർക്ക് കൗൺസിലിങ് അടക്കമുള്ളവ നൽകും.

സ്ത്രീകൾക്ക് പ്രസവസുരക്ഷ ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി കൊല്ലം ജില്ലയിലെ പുനലൂർ, പാരിപ്പള്ളി എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ഇപ്പോൾ ഭർത്താക്കൻമാരുടെ കൂട്ടിരിപ്പ് സംവിധാനം നടപ്പാക്കിയിട്ടുണ്ട്.

ഭർത്താക്കൻമാരുടെ സാമീപ്യം ആശ്വാസമായി ഒരു വിഭാഗം സ്ത്രീകൾ കരുതുമ്പോൾ പ്രസവം എന്താണെന്ന് പുരുഷൻമാർ കണ്ടു മനസിലാക്കണമെന്നാണ് മറ്റൊരു വിഭാഗം ചിന്തിക്കുന്നത്. ഇരുകൂട്ടർക്കും ആശ്വാസം നൽകുന്നതാണ് ‘ലക്ഷ്യ’ യെന്ന പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടമായി ആശുപത്രികളിലെ ജീവനക്കാർക്ക്‌ പരിശീലനം നൽകും. ഇതിനായി പരിശീലനസംഘത്തെ രൂപവത്‌കരിച്ചിട്ടുണ്ട്‌.

പ്രസവസമയത്ത് കൂട്ടിന് ആളിനെ വേണമെന്ന് സ്ത്രീ ആവശ്യപ്പെട്ടാൽ അതിനുള്ള സൗകര്യം നൽകണം. എന്നാൽ പല ആശുപത്രികളിലും ഇത് നൽകാറില്ല. എസ്.എ.ടി. ആശുപത്രിയിൽ ഉടൻ നടപ്പാക്കാമെന്ന് അധികൃതർ സമ്മതിച്ചിട്ടുണ്ട്. തൈക്കാട് ആശുപത്രിയുമായി ഉടൻ ഇത് സംബന്ധിച്ച് ചർച്ച നടത്തും.

ദേശീയ ആരോഗ്യദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ, ഡോ. പി.വി. അരുൺ