കൂവളത്തിന്റെ കായ എന്തിനൊക്കെ ഉപയോഗിക്കാം ?

കൂവളം ( Stone Apple / Koovalam )

ഏയ്‌ഗ്ളി മെർമെലോസ് (Aegle marmelos) എന്ന ശാസ്ത്രീയ നാമമുള്ള വൃക്ഷമാണ്‌ കൂവളം.

കൂവളത്തിന്റെ ഇലയെ അലൌകികതയുടെ പ്രതീകമായാണ്‌ ഹിന്ദുമതവിശ്വാസികൾ കണക്കാക്കുന്നത്.

ശിവ ക്ഷേത്രങ്ങളിൽ അർച്ചനയ്ക്കും മാലയ്ക്കും ഇലകൾ ഉപയോഗിക്കുന്നു ചിത്തിര നാളുകാരുടെ ജന്മനക്ഷത്രവൃക്ഷം ആണു്.

ഏറെ ഔഷധ മൂല്യമുള്ള ഒരു വൃക്ഷമാണ് കൂവളം. ശിവന്റെ ഇഷ്ടവൃക്ഷമെന്ന രീതിയിൽ ‘ശിവദ്രുമം’ എന്നും ഇതിനെ വിളിക്കാറുണ്ട്.

ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിനു ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്.

ശിവപാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്നും സങ്കൽപ്പിക്കപ്പെടുന്നു. അതിനാൽ കൂവളം ‘ശിവമല്ലി’ എന്നും അറിയപ്പെടുന്നു.

കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്.

മൂന്ന് ഭാഗങ്ങളേയും പരമശിവന്റെ തൃക്കണ്ണുകളായിട്ടാണ് വിശ്വസിച്ചുപോരുന്നത്.

ജന്മപാപങ്ങളെ ഇല്ലാതാകുന്ന ദിവ്യസസ്യമായി കരുതുന്നു. അമാവാസി, പൌർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇല പറിക്കാൻ പാടില്ലെന്നാണ് വിശ്വാസം.

അമാവാസി, പൌർണ്ണമി ദിവസങ്ങളിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ ഈ ഔഷധസസ്യത്തേയും സ്വാധീനിക്കുമെന്നതിനാലാണ് ഈ ദിവസങ്ങളിൽ മരുന്നിനായി ഇതിന്റെ ഇല പറിക്കരുതെന്ന് വിധിച്ചിരിക്കുന്നത്.

എക്സ് റേ പോലെയുള്ള വൈദ്യുതകാന്ത തരംഗങ്ങൾ മനുഷ്യ ശരീരത്തിലുണ്ടാക്കുന്ന ദോഷകരമായ മാറ്റങ്ങൾ തടയുവാൻ കൂവളത്തിൽ നിന്ന് അരിഷ്ട വിധി പ്രകാരം വേർതിരിച്ച സത്തിന് കഴിവുണ്ട്.ശ്വാസനാളത്തിന്റെയും ശ്വാസകോശത്തിലെയും പേശികൾക്ക് അയവു വരുത്തുന്നതിനാൽ കൂവള സത്ത് ആസ്ത്മയിൽ ഉപയോഗിക്കുന്നു.

കായിലുണ്ടാകുന്ന ദ്രാവകം പശയായും വാർണിഷ് ഉണ്ടാക്കുന്നതിനും സിമന്റ് കൂട്ടുകളിലും ഉപയോഗിക്കുന്നു. പഴുക്കാത്ത കായുടെ തോടിൽ നിന്നും മഞ്ഞ ചായം കിട്ടുന്നു. കായുടെ മാംസള ഭാഗം കുമ്മായവുമായി ചേർത്താൽ സിമന്റു പോലെ ഉറയ്ക്കും .

കൂവളത്തിന്റെ ഇല, വേര്, ഫലം എന്നിവയ്ക്ക് ആന്റിബയോട്ടിക് ഗുണങ്ങളുണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. കഫം, വാതം, ചുമ, പ്രമേഹം, അതിസാരം എന്നിവയ്ക്കും മികച്ച ഔഷധമാണ് കൂവളം.

വേര്, ഇല, കായ് എന്നിവ ഔഷധയോഗ്യ ഭാഗം

വില്വാദിലേഹ്യം, വില്വാദി ഗുളിക, വില്വപത്രാതൈലം, ദശമൂലരാസായനം, ദശമൂലാരിഷ്ടം, മുസ്തകരഞ്ജാദി കഷായം, ദശമൂലകടുത്രയം കഷായം എന്നീ ആയുർവേദ മരുന്നുകൾ കുവളം ചേർന്നവയാണ്

പ്രധാനമായും വിത്തുകൾ മുളപ്പിച്ചാണ്‌ കൂവളത്തിന്റെ തൈകൾ ഉത്പാദിപ്പിക്കുന്നത്. വേരുകളുടെ കഷണങ്ങളും നടീൽവസ്തുവായി ഉപയോഗിക്കാവുന്നതാണ്‌. നന്നായി പഴുത്ത കായ്കളിൽ നിന്നും ശേഖരിക്കുന്ന വിത്തുകൾ വെള്ളത്തിൽ കഴുകി പുറമേയുള്ള കൊഴുപ്പ് നീക്കം ചെയ്യേണ്ടതാണ്‌.

അതിനുശേഷം മണൽ വിരിച്ച വാരങ്ങളിൽ പാകി ക്രമായി നനയ്ക്കുന്നു. പാകി ഒൻപതാം ദിവസം മുതൽ കിളിർക്കാൻ ആരംഭിക്കുന്ന വിത്തുകൾ ഏകദേശം 20 ദിവസം കൊണ്ട് കിളിർപ്പ് പൂർത്തിയാക്കും. ഇങ്ങനെയുള്ള തൈകൾ നാലില പ്രായമായാൽ പോട്ടിംഗ് മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ നടാവുന്നതാണ്‌. വർഷകാലാരംഭത്തോടെ തനിവിളയായോ ഇടവിളയായോ ആറുമീറ്റർ അകലം നൽകി തൈകൾ നടാവുന്നതാണ്‌. ചെടികൾക്ക് ജൈവവളം നൽകുന്നത് നല്ലതുപോലെ വളരുന്നതിന്‌ സഹായകരമാകും. മരത്തിന്‌ 15 – 20 വർഷം പ്രായമാകുമ്പോൾ വിളവെടുപ്പ് തുടങ്ങാവുന്നതാണ്‌.കടപ്പാട് നവീൻ