നിങ്ങള്‍ക്ക് ഈ ലക്ഷണങ്ങളുണ്ടോ? എങ്കില്‍ ഉറപ്പിക്കാം നിങ്ങള്‍ ഈ രോഗിയാണ്.

സ്ത്രീപുരുഷഭേദമെന്യേ ഇന്നു ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന ഒന്നാണ് വിഷാദരോഗം. തൊഴിലില്ലായ്മയും മാനസ്സിക സംഘര്‍ഷവുമാണ് ഇതിനുള്ള പ്രധാന കാരണം. സ്ത്രീകളിലും പുരുഷന്മാരിലും ഈ രോഗം ഉണ്ടെങ്കിലും ഏറ്റവുംകൂടുതല്‍ കീഴ്‌പ്പെടുത്തുന്നത് സ്ത്രീകളെയാണ്. അതില്‍ ഏറെക്കുറെയും കൗമാരപ്രായക്കാരിലാണ് ഇത് കണ്ടുവരുന്നത്. പണ്ടൊക്കെ കൂട്ടുകുടുംബത്തില്‍ വിഷാദരോഗത്തിന് സ്ഥാനമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അണുകുടംബത്തില്‍ പരസ്പരം സംസാരം കുറയുകയും മൗനം കടന്നുവരികയും അത് വിഷാദരോഗത്തിന് കാരണമാകുകയും ചെയ്യുന്നു.

സാധാരണയിലും കവിഞ്ഞ ദേഷ്യം, പേടി, ഉത്കണ്ഠ, സങ്കടം, ജീവിക്കാനുള്ള താല്പര്യക്കുറവ്, മരണത്തോടുള്ള ഭയമില്ലായ്മ, ആത്മഹത്യയെക്കുറിച്ചുള്ള ചിന്ത, രാത്രി പെട്ടെന്നു ഞെട്ടി ഉണരുകയും ഉറങ്ങാതിരിക്കുകയും, വിവിധതരം അസ്വസ്ഥതകള്‍ ഉണ്ടാവുകയും, പ്രവൃത്തികളെല്ലാം മന്ദഗതിയില്‍ നടത്തുകയും ചെയ്യുന്നത് ഇവയെല്ലാം വിദാഷരോഗത്തിന്റെ ലക്ഷണങ്ങളാണ്.

ഹൃദയസംബന്ധമായ രോഗങ്ങള്‍ കഴിഞ്ഞാല്‍ കൂടുതലായി കാണപ്പെടുന്ന അസുഖമാണ് വിഷാദരോഗം. ചികിത്സിച്ചാല്‍ ഭേദമാക്കാവുന്ന ഒന്നാണ് ഈ രോഗമെങ്കിലും രോഗികള്‍ക്കു മരുന്നിനെക്കാള്‍ ആവശ്യം സ്‌നേഹപരിചരണമാണ്.

പ്രശ്‌നങ്ങളോടുള്ള നമ്മുടെ സമീപനങ്ങളാണ് വിഷാദരോഗത്തിലേക്ക് നയിക്കുന്നത്. ചെറുതോ വലുതോ ആയ പ്രശ്‌നങ്ങള്‍ക്ക് അമിതമായുള്ള ചിന്തകളും വികാരങ്ങളും ഈ രോഗത്തിലേക്ക് എത്തപ്പെടുന്നു.

ഉത്സാഹക്കുറവും ചെയ്യേണ്ട ജോലിയിലെ താല്പര്യക്കുറവും രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്ക്കുകയാണെങ്കില്‍ വിഷാദരോഗം പിടിപെട്ടു എന്നു കരുതാം.

പോഷകക്കുറവ്, മദ്യം, മയക്കുമരുന്ന്, മസ്തിഷ്‌ക്കത്തിലെ ചില രാസവ്യതിയാനങ്ങള്‍, ശാരീരികമായും മാനസികമായും നേരിടേണ്ടിവന്ന പീഡനങ്ങള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഇവയെല്ലാം വിഷാദരോഗത്തിന്റെ കാരണങ്ങളാണ്. തൈറോയ്ഡ്, പാരാതൈറോയ്ഡ് ഈസ്ട്രജന്‍, പ്രോജസ്‌ട്രോണ്‍, കോര്‍ട്ടിസോള്‍ തുടങ്ങിയ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ വിദാഷരോഗത്തിനു കാരണമാകുന്നു.

ആര്‍ത്തവചക്രത്തില്‍ സ്ത്രീകളില്‍ സാധാരണഗതിയില്‍ നിന്നും മാറ്റങ്ങള്‍ വരാറുണ്ട്. ഇത് ഹോര്‍മോണിന്റെ തകരാറുമൂലമുണ്ടാകുന്നതാണ്. എന്നാല്‍ സാധാരണ ജീവിതത്തില്‍ നിന്നും വ്യത്യസ്തമായി നിരാശയും ഉത്കണ്ഠയും, എല്ലാറ്റിനോടുമുള്ള വെറുപ്പ്, നെഗറ്റീവ് ചിന്തകള്‍ എന്നിവ കണ്ടുവരുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുന്നതാവും ഉത്തമം. ആര്‍ത്തവ വിരാമഘട്ടത്തിലും സ്ത്രീകളില്‍ വിഷാദരോഗം ഉണ്ടാകുന്നു.

തൈറോയ്ഡിന്റെ അളവില്‍ വരുന്ന കുറവും കൂടുതലും വിഷാദത്തിനു കാരണമാകുന്നു. ഇത് പ്രായമായവരിലാണ് ഏറെക്കുറെ കണ്ടുവരുന്നതും. ക്ഷീണം, ഒന്നിനോടും താല്പര്യമില്ലാതാവുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സതേടേണ്ടതാണ്. ഔഷധത്തിലൂടെ ഇതു പരിഹരിക്കാന്‍ കഴിയുന്നതുമാണ്.

പാരാതൈറോയ്ഡ് ഗ്രന്ഥികളാണ് ശരീരത്തിലെ കാത്സ്യത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നത്. പാരാതൈറോയ്ഡ് ഹോര്‍മോണ്‍ നില ഉയര്‍ന്നാല്‍ രക്തത്തില്‍ കാത്സ്യം വര്‍ധിക്കുകയും താഴ്ന്നാല്‍ കാത്സ്യം കുറയുകയും ചെയ്യുന്നു. ഈ രണ്ടു അവസ്ഥയിലും വിഷാദരോഗം ഉണ്ടാകാം.

വാര്‍ദ്ധക്യത്തിലെ വിഷാദം ശ്രദ്ധിക്കാതെ പോകുന്ന ഒന്നാണ്. ക്ഷീണം, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ, മറ്റുള്ളവരില്‍ നിന്നും ഒഴിഞ്ഞുമാറല്‍, ദേഷ്യം ഇവയെല്ലാം കാണുമ്പോള്‍ അത് പ്രായമായതിന്റെ ലക്ഷണമാണെന്ന് പറഞ്ഞുതള്ളുന്നു. എന്നാല്‍ ഇത് വിഷാദരോഗമാണെന്ന് തിരിച്ചറിയേണ്ടതാണ്. ഇവിടെ സ്‌നേഹപരിചരണത്തിലൂടെ വിഷാദരോഗത്തെ മാറ്റിയെടുക്കാന്‍ കഴിയും.

മനസ്സിന്റെ താളം തെറ്റിക്കുന്ന നിരവധി ഘടകങ്ങള്‍ നമുക്കുചുറ്റും ഉണ്ടെന്ന സത്യം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

വ്യായാമത്തിലൂടെയും ധ്യാനത്തിലൂടെയും യോഗയിലൂടെയും വിഷാദരോഗത്തെ നമുക്കു ഒരുപരിധിവരെ നിയന്ത്രിക്കാന്‍ കഴിയും. യാത്രകള്‍ മനസ്സിന്റെ സംഘര്‍ഷം കുറയ്ക്കുകയും മാനസികോല്ലാസം നല്കുകയും ചെയ്യുന്നതാണ്.

സാമൂഹികമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും നല്ല സൗഹൃദങ്ങള്‍ നിലനിര്‍ത്തുന്നതും വിഷാദരോഗത്തെ അകറ്റിനിര്‍ത്താന്‍ സഹായിക്കും.