കൂര്‍ക്കം വലിയുടെ രഹസ്യം

ഉറക്കത്തിലും മറ്റുള്ളവരെ ഉപദ്രവിക്കുന്ന ഒരു കൂട്ടരുണ്ട് – ഉച്ചത്തില്‍ കൂര്‍ക്കം വലിക്കുന്നവര്‍. സ്വന്തം കൂര്‍ക്കംവലിയെപ്പറ്റി ഇവരാരും തന്നെ ബോധവാന്മാരായിരിക്കില്ല എന്നുള്ളതാണ് ഏറ്റവും രസകരം. സുഖകരമായ ഉറക്കത്തിന്‍റെ ലക്ഷണമായാണ് കൂര്‍ക്കം വലിയെ പലരും കാണുന്നത്. ‘ നല്ല സുഖമായിട്ട് കൂര്‍ക്കം വലിച്ചു കിടന്നുറങ്ങി’യെന്ന് പറയുന്നതും ഇതുകൊണ്ടാണ്. എന്നാല്‍ നല്ലഉറക്കത്തിന്‍റെയല്ല മറിച്ച് \’ഒബ്സ്ട്രക്ടീവ് സ്ലീപ് അപ്നിയ\’ എന്ന ഉറക്കത്തകരാറിന്‍റെ പ്രധാനലക്ഷണമാണ് കൂര്‍ക്കം വലി.
കൂര്‍ക്കം വലിക്ക് പിന്നില്‍

ശ്വസനസമയത്ത് മൂക്കിലൂടെ ഉള്ളിലെത്തുന്ന വായു ശ്വാസനാളത്തിലൂടെ കടന്ന് കുറുനാക്കിനു പിന്നിലൂടെ ശ്വാസകോശത്തിലേക്കു പോകുകയാണ് ചെയ്യുക. ഉറങ്ങുമ്പോള്‍ നമ്മുടെ എല്ലാ പേശികളും അയഞ്ഞ് വിശ്രമാവസ്ഥിലേക്ക് വരും. ഇതോടെ വായു കടന്നുപോകേണ്ട ഭാഗം ചുരുങ്ങി ഈ യാത്രയ്ക്ക് തടസ്സം നേരിടാം. അങ്ങനെ സംഭവിക്കുമ്പോള്‍ അകത്തേക്ക് കടക്കാനുള്ള വായുവിന്‍റെ തള്ളലില്‍ ആ ഭാഗത്തെ കോശങ്ങള്‍ പ്രകമ്പനം കൊള്ളും. ഈ ശബ്ദമാണ് കൂര്‍ക്കം വലി. തള്ളലിന്‍റെ ശക്തിയേറും തോറും കൂര്‍ക്കം വലിയുടെ ശബ്ദവും കൂടും. അമിതവണ്ണം കൂര്‍ക്കം വലിയുടെ ഒരു പ്രദാനകാരണമാണ്. തടികൂടുമ്പോള്‍ കഴുത്തിലും നാവിന്‍റെ പിന്‍ഭാഗത്തും കൊഴുപ്പ് അടിയും. കൊഴുപ്പ് അടിഞ്ഞ് നാവിന്റെ കട്ടി കൂടുന്നതിനാല് പേശികളുടെ ബലം നഷ്ടപ്പെടുമ്പോഴേക്കും ശ്വാസനാളം അടഞ്ഞുപോകും. വായുവിന്‍റെ സഞ്ചാരം ഇതോടെ തടസ്സപ്പെടും. തുടര്‍ന്ന് കോശങ്ങള്‍ വിറകൊണ്ട് കൂര്‍ക്കം വലി ആരംഭിക്കുകയായി. കൂര്‍ക്കം വലിയുടെ പേരില്‍ തടിയെ മാത്രം കുറ്റപ്പെടുത്താനുമാകില്ല. മെലിഞ്ഞവരും കൂര്‍ക്കം വലിക്കാറുണ്ട്.
മൂക്കിന്‍റെ പാലത്തിനുണ്ടാകുന്ന വളവ്, അണ്ണാക്കിന്‍റെ നീളക്കൂടുതല്‍, താഴ്ന്നിരിക്കുന്ന അണ്ണാക്ക്, താടിയുടെ വലിപ്പക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുള്ളവര്‍ക്ക് വണ്ണമില്ലെങ്കിലും കൂര്‍ക്കംവലി ഉണ്ടാകാം. കാരണം എന്തുതന്നെയായാലും ശരീരത്തിലേക്കെത്തുന്ന ഓക്സിജന്‍റെ അളവില്‍ കൂര്‍ക്കംവലി കാര്യമായ കുറവുണ്ടാക്കും. ശരീരത്തിലേക്കുള്ള ഓക്സിജന്‍ വിതരണം തടസ്സപ്പെടുന്നത് കൊല്ലങ്ങളോളം തുടരുന്നത് ബി.പി, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ക്കും കാരണമാകും. കിടക്കുന്ന രീതിയും കൂര്‍ക്കം ഉണ്ടാക്കാറുണ്ട്.

മലര്‍ന്നു കിടക്കുമ്പോഴാണ് കൂടുതല്‍ പ്രശ്നം. തല ചരിച്ചുവെച്ച് കമഴ്ന്നു കിടക്കുന്നതും ചരിഞ്ഞുകിടക്കുന്നതും കൂര്‍ക്കം വലി ഒഴിവാക്കാന്‍ സഹായിക്കും. എന്നാല്‍, പ്രശ്നം രൂക്ഷമാകുന്ന ഘട്ടത്തില്‍ ഇരുന്നുറങ്ങുമ്പോള്‍ പോലും കൂര്‍ക്കം വലിക്കാം. പുരുഷന്മാരിലാണ് കൂര്‍ക്കം വലി കൂടുതല്‍, പ്രത്യേകിച്ചും നാല്‍പതു വയസ്സിന് മുകളിലുള്ളവരില്‍. പങ്കാളിയുടെ കൂര്‍ക്കം വലി കാരണം വിവാഹമോചനം നടന്ന കേസുകള്‍ വരെയുണ്ട്. ഈസ്ട്രജന്‍ പോലുള്ള ഹോര്‍മോണുകളുടെ സംരക്ഷണം ഉള്ളതിനാല്‍ സ്ത്രീകളില്‍ ആര്‍ത്തവവിരാമത്തിന് ശേഷമേ പൊതുവേ കൂര്‍ക്കം വലി പ്രശ്നമാകാറുള്ളു. ചെറുപ്പക്കാരിലും കൂര്‍ക്കം വലി കൊണ്ടുള്ള പ്രശ്നങ്ങള്‍ ധാരാളമുണ്ട്. ഫാസ്റ്റ് ഫുഡ്, വ്യായാമ ക്കുറവ് എന്നിവ മൂലം കൊഴപ്പ് അടിയുന്നതാണ് കാരണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ തോന്നുന്ന ഉന്മേഷക്കുറവും ഉറക്കം തൂങ്ങലും മുതല്‍ പല അസുഖങ്ങള്‍ക്കും ഈ കൂര്‍ക്കം വലികൊണ്ട് കാരണമായേക്കാം. ഏകാഗ്രതക്കുറവും കൂര്‍ക്കം വലിക്കാരെ അലട്ടാം.

കുഞ്ഞുങ്ങളുടെ കൂര്‍ക്കം
മുതിര്‍ന്നവരിലേതിന് സമാനമായ കാരണങ്ങള്‍ കൊണ്ടാണ് കുട്ടികളും കൂര്‍ക്കം വലിക്കുന്നത്. കുട്ടികളിലെ കൂര്‍ക്കം വലിയെ നിസ്സാരമായി തള്ളരുത്. പഠനത്തില്‍ താല്‍പര്യം കുറയുന്നതുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ കുട്ടികള്‍ക്ക് ഇതുകൊണ്ടുണ്ടാകാം. രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള മടി, കടുത്തവാശി, ഏകാഗ്രതക്കുറവ്, പിരുപിരുപ്പ് എന്നിവയും കൂര്‍ക്കം വലിക്കുന്ന കുട്ടികളില്‍ കാണാം. ചെവിയിലേക്ക് അണുബാധയുണ്ടായി കേള്‍വിശക്തിക്ക് തകരാര്‍ സംഭവിക്കാം.

സര്‍ജറിയിലൂടെ പരിഹരിക്കാം
സാധാരണയായി കൂര്‍ക്കം വലി ഒഴിവാക്കാന്‍ പ്രത്യേകതരത്തിലുള്ള ഒരു മാസ്ക് ധരിക്കുകയാണ് ചെയ്യുക. ധരിക്കാനുള്ള ബുദ്ധിമുട്ടും മടിയും മൂലം പലരും ഇത് ഒഴിവാക്കും. അതോടെ പ്രശ്നങ്ങള്‍ വീണ്ടും തുടങ്ങും. മൂക്കിന്‍റെ പാലം വളഞ്ഞിരിക്കുന്നതുപോലുള്ള കേസുകളില്‍ മാസ്ക് ഫലപ്രദവുമല്ല. പിന്നീട് ലേസര്‍ ചികിത്സ വന്നു. ഇതുപലപ്പോഴും നീര്‍ക്കെട്ടും ശ്വാസതടസവും ഉണ്ടാക്കിയിരുന്നു.
ഇതിനെല്ലാം പരിഹാരമായാണ് കൊബ്ലേഷന്‍ രീതി ഉപയോഗിച്ചുള്ള സര്‍ജറി നിലവില്‍ വന്നത്. സ്ലീപ് സര്‍ജറി എന്നാണിത് അറിയപ്പെടുന്നത്. മൂക്ക്, അണ്ണാക്കിന്‍റെ ലവലിലും അതിന്‍റെ മുകളിലുമുള്ള ഭാഗങ്ങള്‍, നാവിന്‍റെ പിന്‍ഭാഗം എന്നിവിടങ്ങളിലൊക്കെ തടസ്സമുണ്ടാകാം. ഇതില്‍ എവിടെയാണ് തടസമെന്നു കണ്ടെത്തി അതു നീക്കുകയാണ് സര്‍ജറിയില്‍ ചെയ്യുക. മുമ്പും സര്‍ജറി ഉണ്ടായിരുന്നെങ്കിലും അണ്ണാക്കിന്‍റെ മുകളിലുള്ള ഭാഗതത് മാത്രമേ ഇതു ചെയ്തിരുന്നുള്ളൂ. ഇത് പൂര്‍ണഫലം നല്‍കിയിരുന്നില്ല.

കൊബ്ലേഷന്‍ രീതി ഉപയോഗിച്ചുള്ള സര്‍ജറി മികച്ചഫലം തരുന്നുവെന്നു മാത്രമല്ല നീര്‍ക്കെട്ടോ ശ്വാസതടസമോ ഉണ്ടാക്കുന്നുമില്ല. വേദനയും കുറവാണ്. ഉറക്കത്തെ സഹായിക്കുന്ന ധാരാളം റിസപ്റ്റേഴ്സ് ചെറുനാക്കിനു പിന്നിലുണ്ട്. ഇവയെ സംരക്ഷിച്ചുകൊണ്ടാണ് കൊബ്ലേഷന്‍ സര്‍ജറി ചെയ്യുന്നത്. മികച്ച ഫലം ലഭ്യമാകുന്ന രീതിയില്‍ ഏറ്റവും കുറച്ച് റിസപ്റ്ററുകള്‍ എടുത്തുകളയുകയാണ് കൊബ്ലേഷന്‍ സര്‍ജറിയുടെ ലക്ഷ്യം. നീക്കം ചെയ്യുന്ന റിസപ്റ്ററുകളുടെ എണ്ണം കുറവായതിനാലാണ് വേദനയും മറ്റു സങ്കീര്‍ണതകളും കുറയുന്നത്.

ആശുപത്രിവാസത്തിന്‍റെ ദൈര്‍ഘ്യവും കുറവാണ്. സര്‍ജറിക്കുശേഷം ഭക്ഷണം കഴിക്കുന്നതിനോ സംസാരിക്കുന്നതിനോ ബുദ്ധിമുട്ടുണ്ടാകില്ല. സര്‍ജറി കഴിഞ്ഞാല്‍ മദ്യപാനവും പുകവലിയും പൂര്‍ണമായും ഉപേക്ഷിക്കണം. ശ്വാസനാളത്തില്‍ നീര്‍ക്കെട്ടിന് കാരണമാകാം എന്നതിലാണിത്. കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഒഴിവാക്കാന്‍ വ്യായാമവും ശീലിക്കണം ഫാസ്റ്റ്ഫുഡും പൂര്‍ണമായി ഒഴിവാക്കണം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക …മറ്റുള്ളവര്‍ക്കും ഉപകാരപ്പെടട്ടെ