മൂത്രത്തിൽ കല്ലിന് ശാശ്വത പരിഹാരം വീഡിയോ കാണുക

ശരീരത്തിലെ ധാതുലവണങ്ങളായ കാത്സ്യത്തിന്‍റെയും യൂറിക് ആസിഡിന്‍റെയും തരികള്‍ കൂടിച്ചേര്‍ന്ന് കട്ടിപിടിച്ചുണ്ടാകുന്നവയാണ് കല്ലുകള്‍. വൃക്കയിലുണ്ടാകുന്ന കല്ലുകളില്‍ 80 ശതമാനവും കാത്സ്യം കല്ലുകളാണ്. കാത്സ്യം ഓക്സലേറ്റ്, കാത്സ്യം ഫോസ്ഫേറ്റ് തുടങ്ങിയ സംയുക്തങ്ങളാണ് പ്രധാനമായും കണ്ടുവരുന്നത്. കൂടാതെ രക്തത്തിലെ യൂറിക് ആസഡിന്‍റെ അളവ് കൂടിയാണ് യൂറിക് ആസിഡ് പരലുകള്‍ രൂപപ്പെട്ട് കല്ലുകളായി മാറുന്നത്. മൂത്രാശയ അണുബാധയെ തുടര്‍ന്ന് കണ്ടുവരുന്ന സ്ടൂവൈറ്റ് കല്ലുകള്‍, സിസ്റ്റീന്‍ കല്ലുകള്‍, ട്രിപ്പിള്‍ ഫോസ്ഫേറ്റ് കല്ലുകള്‍ തുടങ്ങിയവയും വിരളമായി കാണപ്പെടുന്ന കല്ലുകളാണ്.

കഠിനമായ വേദന
കഠിനമായ വയറുവേദനയാണ് മൂത്രാശയ കല്ലിന്‍റെ പ്രധാന ലക്ഷണം. വൃക്കയിലുണ്ടാകുന്ന കല്ലുകള്‍ അവിടെ നിന്നും ഇളകിമാറി മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ മൂത്രനാളിയിലോ എത്തി കുടുങ്ങുമ്പോഴാണ് അസഹനീയമായ വേദന അനുഭവപ്പെടുന്നത്. ആറ് മില്ലി മീറ്റര്‍ വരെ വലുപ്പമുള്ള കല്ലുകള്‍ തനിയെ പുറത്തു പോകുന്നവയാണ്. വയറിന്‍റെ പിന്നില്‍നിന്നും മുന്‍വശത്തേക്ക് വ്യാപിക്കുന്ന വേദനയോടൊപ്പം മൂത്രമൊഴിക്കുമ്പോള്‍ വേദന, നീറ്റല്‍, മൂത്രത്തില്‍ രക്തം കലരുക തുടങ്ങിയ പ്രശ്നങ്ങളുണ്ടാകാം.
എന്തു കഴിക്കാം?
ഓറഞ്ച്, നാരങ്ങ, മുസംബി തുടങ്ങിയ സിട്രസ് പഴങ്ങളും ജ്യൂസും കഴിക്കുന്നത് മൂത്രത്തിന് ക്ഷാരഗുണം നല്‍കും. കാത്സ്യം അടിഞ്ഞ് കല്ലുണ്ടാകുന്നത് ഒഴിവാക്കാന്‍ ഇതു സഹായിക്കും. തവിടു കളയാത്ത ധാന്യങ്ങളിലുള്ള ഫൈറ്റിക് ആസിഡ് കാത്സ്യത്തിന്‍റെ ആഗിരണത്തെ നിയന്ത്രിക്കും. വാളന്‍പുളിയും കല്ലുണ്ടാകാനുള്ള സാധ്യത കുറയ്ക്കും. ധാന്യങ്ങളിലും ഉരുളക്കിഴങ്ങിലും ധാരാളമായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും കല്ലുണ്ടാക്കുന്നതിനെ തടയും. വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതു തടയാനുള്ള ഏറ്റവും പ്രധാന മാര്‍ഗം ദിവസവും രണ്ടു ലിറ്റര്‍ എങ്കിലും വെള്ളം കുടിക്കുക എന്നതാണ്. ധാരാളം വിയര്‍ക്കുന്ന പണി ചെയ്യുന്നവര്‍ കൂടുതല്‍ വെള്ളം കുടിക്കണം.

ഒഴിവാക്കേണ്ടവ
സോഫ്റ്റ് ഡ്രിങ്കുകള്‍, ചായ, ചോക്ലേറ്റ് തുടങ്ങിയവയിലെ ഓക്സലേറ്റുകള്‍ കാത്സ്യവുമായി ചേര്‍ന്നു കല്ലുണ്ടാക്കും. ബീറ്റ്റൂട്ട്, നിലക്കടല, പയറവര്‍ഗങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കണം. ആട്, പോത്ത്, കാള, പശു, പന്നി തുടങ്ങിയ മൃഗങ്ങളുടെ ചുവന്ന ഇറച്ചി കഴിക്കുന്നത് രക്തത്തിലെ യൂറിക് ആസിഡിന്‍റെ അളവ് കൂടാനും വൃക്കയില്‍ കല്ല് രൂപപ്പെടുന്നതിനും കാരണമാകും. കടല്‍ മത്സ്യവും തക്കാളിയും യൂറിക് ആസിഡ് നില വര്‍ധിപ്പിക്കും. ഒഴിവാക്കേണ്ട മറ്റൊന്ന് മദ്യമാണ്. പ്രത്യേകിച്ചും ബിയര്‍ ഉള്‍പ്പെടെയുള്ള മദ്യങ്ങള്‍ യൂറിക് ആസിഡിന്‍റെ അളവ് ഉയര്‍ത്തി കല്ലിന്‍റെ പ്രശ്നങ്ങളുണ്ടാക്കും. മൂത്രമൊഴിക്കാതെ പിടിച്ചു വയ്ക്കുന്നത് മൂത്രാശയ കല്ലിന് കാരണമാകും. ഫാസ്റ്റ് ഫുഡ് വിഭവങ്ങള്‍ കഴിയുന്നതും ഒഴിവാക്കുക. ഉപവാസമനുഷ്ഠിക്കുന്നവര്‍ മറ്റു നേരങ്ങളില്‍ ധാരാളം വെള്ളം കുടിക്കണം.