കുഞ്ഞുങ്ങളെ തേച്ചു കുളിപ്പിക്കാന്‍ ഏത് എണ്ണ ഉപയോഗിക്കണം ?

ആരോഗ്യത്തിന് ഏറെ നല്ലതാണ് ഓയില്‍ മസാജ്. പൊന്നോമനയ്ക്കു വേണ്ടി ഏതെങ്കിലും എണ്ണ കണ്ണും പൂട്ടി വാങ്ങരുത്. മൃദുല ചര്‍മത്തിനും കാലാവസ്ഥയ്ക്കും അനുയോജ്യമായ എണ്ണ തിരഞ്ഞെടുക്കണം

വെളിച്ചെണ്ണ: തേങ്ങാപ്പാല്‍ വറ്റിച്ചെടുക്കുന്ന എണ്ണ ഉത്തമമാണ്. ഇത് വീട്ടിലുണ്ടാക്കിയെടുത്താല്‍ പണവും ലാഭിക്കാം. ചര്‍മത്തിലേക്ക് വേഗം ആഴ്ന്നിറങ്ങുമെന്നതാണ് വെളിച്ചെണ്ണയുടെ വലിയ മേന്മ. ശരീരത്തിന് കുളിര്‍മ പകരുന്നതിനാല്‍ ചൂടുകാലാവസ്ഥയില്‍ വെളിച്ചെണ്ണയെ കൂട്ടു പിടിച്ചോളു.

എള്ളെണ്ണ : ശരീരതാപം ക്രമീകരിക്കാന്‍ സഹായിക്കുന്ന എള്ളെണ്ണ ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമാണ്.
ബദാം എണ്ണ : തണുപ്പ് കാലാവസ്ഥയില്‍ കുഞ്ഞിന്‍റെ ചര്‍മം വരണ്ടു പോകുന്നതു കണ്ട് വിഷമിക്കേണ്ട. ബദാം എണ്ണയിലെ വൈറ്റമിന്‍ ഇ, ഈ പ്രശ്നം പരിഹരിക്കും. ചര്‍മം പട്ടുപോലെ മൃദുലമാകുകയും ചെയ്യും. ചര്‍മ സംരക്ഷണത്തിന് പേരുകേട്ടതാണ് ബദാം എണ്ണ.

ഒലിവെണ്ണ : ചര്‍മത്തിന്‍റെ വരള്‍ച്ച പരിഹരിക്കാന്‍ ഒലിവെണ്ണയ്ക്കാവും. കുഞ്ഞുങ്ങളില്‍ സാധാരണയായി കണ്ടു വരുന്ന സ്കിന് ഇന്‍ഫെക്ഷനുകള്‍ സുഖപ്പെടുത്താനും തടയാനും ഒലിവ് എണ്ണ മസാജ് ശീലമാക്കാം. സെന്‍സിറ്റീവ് ചര്‍മമുള്ള കുഞ്ഞുങ്ങള്‍ക്ക് ഒലിവെണ്ണ ഉപയോഗിക്കരുത്. അലര്‍ജിയുണ്ടാക്കാന്‍ കഴിവുള്ള ഒലിക് ഫാറ്റി ആസിഡ് എന്ന കൊഴുപ്പാണ് വില്ലന്.

സൂര്യകാന്തി എണ്ണ : ലോല ചര്‍മമുള്ള കുഞ്ഞുങ്ങള്‍ക്ക് സൂര്യകാന്തി എണ്ണ ഉപയോഗിക്കാം. കുഞ്ഞുങ്ങളുടെ ചര്‍മം സംരക്ഷിക്കുന്ന ലിനോലിക്ക് ഫാറ്റി ആസിഡ് ഈ എണ്ണയിലുണ്ട്. എന്നാല്‍, ഒലിക്ക് ആസിഡ് അധികമായുള്ള സൂര്യകാന്തിക്കുരുവില്‍ നിന്നെടുക്കുന്ന എണ്ണയും വിപണിയില്‍ ലഭ്യമാണ്. തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക.

മിനറല് ഓയില് : പെട്രോളിയത്തില്‍ നിന്നെടുക്കുന്ന ഈ എണ്ണ ലോല ചര്‍മത്തിന് ഏറെ അനുയോജ്യമാണ്. സുഗന്ധം ചേര്‍ക്കാത്ത എണ്ണ തിരഞ്ഞെടുക്കുക.
ത്വക് രോഗമുള്ള കുഞ്ഞുങ്ങള്‍ക്കായി ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന ക്രീമോ, ലോഷനോ ഉപയോഗിക്കുന്നതാണ് നല്ലത്. കുളികഴിഞ്ഞ് ഇവ ഉപയോഗിച്ച് മസാജ് ചെയ്യാം.