ഹെല്‍മെറ്റ് തലയെ സംരക്ഷിക്കുന്നതെങ്ങിനെ

ഹെല്‍മെറ്റ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരില്‍ വലിയൊരു ശതമാനം ചിന്‍ സ്ട്രാപ് ശരിയായി ധരിക്കുന്നത് അവഗണിക്കുന്നു. ഹെല്‍മെറ്റ്‌ന്റെ സ്ട്രാപ് ധരിക്കാതെ ഉപയോഗിച്ചാല്‍ അപകടം നടക്കുന്ന സമയത്ത് ഹെല്‍മെറ്റ് ഊരി തെറിച്ചു പോവുകയും അത് കൊണ്ട് തന്നെ ഉദ്ദേശിച്ച ഫലമേ ഉണ്ടാവാതെ പോവുകയും ചെയ്യാം.ഹെല്‍മെറ്റ് ഉപയോഗിക്കുന്നതില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യമാണ് സ്ട്രാപ് കൃത്യമായി മുറുക്കി ഹെല്‍മെറ്റ്‌നെ സ്ഥാനഭ്രംശം ഉണ്ടാക്കാത്ത രീതിയില്‍ ധരിക്കേണ്ടത്.

ഹെല്‍മെറ്റ് ഒരിക്കല്‍ കാര്യമായ ഒരു ക്ഷതം ഏറ്റാല്‍ അതിന്റെ പ്രവര്‍ത്തന ക്ഷമത കുറയും ആയതിനാല്‍ അങ്ങനെ ഉള്ള അവസരങ്ങളില്‍ സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി പഴയത് ഉപേക്ഷിച്ച് പുതിയത് ഉപയോഗിക്കണം. (വലിയ ക്ഷതം ഉണ്ടായാലും ചിലപ്പോള്‍ ഹെല്‍മെറ്റ്‌നു പുറമേ അതിന്റെ വലിയ ലക്ഷണങ്ങള്‍ ഉണ്ടാവില്ല എന്നാല്‍ അകമേ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തന ക്ഷമത കുറഞ്ഞിട്ടുണ്ടാവം.) ഒരു ഹെല്‍മെറ്റ് പലര്‍ മാറി മാറി ഉപയോഗിക്കുന്നത് നല്ലതല്ല തലയുടെ വലിപ്പ വത്യാസത്തിനു അനുസരിച്ച് ഹെല്‍മെറ്റ് വികസിക്കുകയും/അകമേ ഉള്ള സംരക്ഷണ ഫോം ചുരുങ്ങുകയും ചെയ്ത് എളുപ്പം ഊരിപ്പോവുന്ന അവസ്ഥയില്‍ ആവാം. സാധാരണഗതിയില്‍ ഒരു ഹെല്‍മെറ്റിന് ഏകദേശം അഞ്ചു വര്‍ഷമാണ് ആയുസ്സ്. എന്നാല്‍ നിരന്തരം ഉപയോഗിക്കുന്നുവെങ്കില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ മാറണം.

ഹെല്‍മെറ്റ് പ്രവര്‍ത്തിക്കുന്നതെങ്ങനെ
ആധുനിക ഹെല്‍മെറ്റ്കള്‍ക്ക് പൊതുവില്‍ രണ്ടു സംരക്ഷണ ഘടകങ്ങള്‍ ആണ് ഉള്ളത്, കട്ടിയുള്ളതും എന്നാല്‍ അധികം കനം ഇല്ലാത്തതുമായ പുറമേ ഉള്ള ഷെല്‍ (സാധാരണ ഗതിയില്‍ ഇത് പോളികാര്‍ബണേറ്റ് /ഫൈബര്‍ ഗ്ലാസ് അല്ലെങ്കില്‍ കെവ്‌ലാര്‍ കൊണ്ടായിരിക്കും നിര്‍മ്മിക്കുക). അകമേ ഉള്ള ഇന്നെര്‍ ലൈനിംഗ് മൃദുവായ എക്‌സ്പാന്റെഡ് പോളിസ്‌റ്റെറിന്‍ അല്ലെങ്കില്‍ പോളി പ്രോപ്പെലിന്‍ ഇ പി എസ് ഫോം ആയിരിക്കും.

തലയോട്ടി പൊട്ടുന്നത് തടയാന്‍ ആണ് ഹെല്‍മെറ്റ് എന്നൊരു ധാരണ ആയിരിക്കും പലരുടെയും മനസ്സിലേക്ക് വരുക. എന്നാല്‍ തലയോടിനുണ്ടാവുന്ന പൊട്ടല്‍ മാത്രമാണ് ഉണ്ടാവുന്നതെങ്കില്‍ അത് അത്ര ഗുരുതരം അല്ല. മസ്തിഷ്‌കത്തിനുണ്ടാവുന്ന പരുക്കാണ് ഗുരുതരാവസ്ഥ സൃഷ്ടിക്കുക. ആയതിനാല്‍ തന്നെ ഹെല്‍മെറ്റ്‌ന്റെ പ്രാഥമിക ധര്‍മ്മം തലച്ചോറിനു ഉണ്ടാവുന്ന പരുക്കുകള്‍ കുറയ്ക്കുക എന്നതാണ് തലയോടിനും മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള്‍ രണ്ടാമത്തെ പരിഗണനാ വിഷയം മാത്രമാണ്.

ആഘാതം ശിരസ്സിലേക്ക് എത്തുന്നത് കുറയ്ക്കുക എന്ന ധര്‍മ്മമാണ് ഹെല്‍മെറ്റ്‌നുള്ളത്. പുറമേയുള്ള ഷെല്‍ കൂര്‍ത്ത വസ്തുക്കള്‍ ഉള്ളിലേക്ക് തുളച്ചു കയറുന്നതിനെ പരമാവധി പ്രതിരോധിക്കുകയും ഇന്നെര്‍ ലൈനെര്‍ ആഘാതത്തിന്റെ ഭാഗമായി തലച്ചോര്‍ വിഘടിച്ചു പോവുന്നത് തടയുകയും ചെയ്യുന്നു. ഇന്നെര്‍ ലൈനെര്‍ന്റെ ഉപയോഗം ആഘാതത്തിന്റെ സമയത്ത് സ്വയം ഞെരുങ്ങി ഹെല്‍മെറ്റ്‌നുള്ളില്‍ ശിരസ്സിനുണ്ടാകാവുന്ന ആഘാതം കുറയ്ക്കുക.

സാധാരണ ആയി ഇത്തരം അപകടങ്ങളില്‍ ക്ലോസ്ഡ് ബ്രെയിന്‍ ഇഞ്ച്വറിയാണ് ഉണ്ടാവുക. ഇതിനു കാരണമാവുന്നത് അമിത വേഗതയില്‍ ഉലച്ചില്‍ ഉണ്ടാവുന്ന തലയ്ക്കുള്ളില്‍ തലയോടിനുള്ളില്‍ തലച്ചോറിനു ഉണ്ടാവുന്ന ക്ഷതം ആണ്. ഇതോടൊപ്പം തലച്ചോറിലെ വിവിധ ഭാഗങ്ങള്‍ക്ക് ഇടയിലുള്ള രക്തക്കുഴലുകള്‍ പൊട്ടാന്‍ സാധ്യതയുണ്ട് അങ്ങനെ സംഭവിച്ചാല്‍ മാരകമായ ആന്തരിക രക്തസ്രാവം ഉണ്ടാവാനിടയുണ്ട്.

മാതൃകാപരമായ രീതിയില്‍ നിര്‍മ്മിച്ച ഹെല്‍മെറ്റ്‌ന്റെ ഇന്നര്‍ ലൈനെര്‍ അപകടത്തില്‍പ്പെട്ട് മുന്നോട്ടു ചലിക്കുന്ന ശിരസ്സിന്റെ വേഗത, സുഗമമായി ക്രമാനുഗതമായി കുറയ്ക്കാന്‍ ഉതകുന്ന തരത്തില്‍ കട്ടിയുള്ളത് ആയിരിക്കണം. നിശ്ചിത വേഗത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഉതകുന്ന രീതിയില്‍ ആണ് ഹെല്‍മെറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത് അതിനാല്‍ അമിത വേഗതയില്‍ ഉണ്ടാവുന്ന ആഘാതത്തില്‍ ഹെല്‍മെറ്റ്‌ന്റെ പ്രവര്‍ത്തന ക്ഷമതയും കുറഞ്ഞേക്കാം.

ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരം ഹെല്‍മെറ്റ് ധരിക്കുന്നത് കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസ് എടുത്ത നടപടികളെ തുടര്‍ന്ന് കേരളത്തിലെ പല പ്രമുഖ ആശുപത്രികളിലും തലയ്ക്കു പരുക്കുമായി എത്തുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു എന്ന് വാര്‍ത്തകളും അതെ തുടര്‍ന്ന് ചില പഠനങ്ങളില്‍ ഇതേ വിവരം സ്ഥിരീകരിക്കുകയും ഉണ്ടായിട്ടുണ്ട്.

ഹെല്‍മെറ്റിനെക്കുറിച്ച് പലവിധ ആവലാതികള്‍ പറയുന്നവരുണ്ട്. എന്നാല്‍ ഇതില്‍ ഭൂരിഭാഗവും പ്രത്യേകിച്ച് കഴമ്പില്ലാത്ത വ്യക്തിഗത നിരീക്ഷണങ്ങള്‍ മാത്രമാണ്. ഓര്‍ക്കേണ്ട സംഗതി ഹെല്‍മെറ്റ് ഉപയോഗിക്കാതിരുന്നാല്‍ ഉണ്ടായേക്കാവുന്ന അപകട സാധ്യതയുമായി തുലനം ചെയ്യുമ്പോള്‍ അത് ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്ക് ഉണ്ടാവുന്ന അസ്വസ്ഥകള്‍ നിസ്സാരമാണ്. ജീവനോളം/ആരോഗ്യത്തോളം വില മറ്റൊന്നിനും ഇല്ലെന്നത് മനസ്സിലാക്കി സ്വമേധയാ ഹെല്‍മെറ്റ് ശീലമാക്കാന്‍ ഓരോ ഇരുചക്രവാഹന യാത്രികരും തീരുമാനം എടുക്കേണ്ടത് അവശ്യമാണ്