മദ്യപാനികളുടെ ശ്രദ്ധയ്ക്ക്

നിങ്ങളൊരു മുഴു കുടിയനാണോ. എന്നാല്‍ അതില്‍ നിന്നുള്ള മോചനം നിങ്ങള്‍ക്ക് നിരവധി ഗുണങ്ങള്‍ പ്രദാനം ചെയ്യും. മദ്യം ഉപേക്ഷിക്കുന്നത് പക്ഷാഘാതം സാധ്യത, ഭാരനഷ്ടം, കരള്‍രോഗ സാധ്യത, ഹാങ്ഓവര്‍ മൂലമുള്ള പ്രശ്‌നങ്ങള്‍ എന്നിവ തടയും. ഇതിന് പുറമെ ഇത് നിങ്ങളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്തുകയും ചെയ്യും. ഇനി പറയുന്ന കാര്യങ്ങള്‍ മദ്യവര്‍ജ്ജന പാതയിലേക്ക് നിങ്ങള്‍ക്ക് വഴികാട്ടും.

മദ്യവര്‍ജനത്തിനു മുന്‍പ് നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക. മദ്യപാനം നിര്‍ത്തുന്നത് മൂലം അനുഭവപ്പെടുന്ന വിടവാങ്ങല്‍ ലക്ഷണങ്ങള്‍ വേദനാജനകമാണ്. പരിഭ്രമം, ഉത്കണ്ഠ, വിറയല്‍, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയ വിടവാങ്ങല്‍ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ വൈദ്യസഹായം തേടുക.

മദ്യപാനം ഉപേക്ഷിക്കാന്‍ കൃത്യമായ ഒരു തീയതി തീരുമാനിക്കുക. ഈ തീയതിയില്‍ തന്നെ തീരുമാനം നടപ്പാക്കുകയും ചെയ്യുക.

മദ്യത്തോടൊപ്പം ബിയര്‍, വൈന്‍ മുതലായ എല്ലാത്തിനോടും വിടപറയുക. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് നല്‍കാനെന്ന പേരില്‍ പോലും ബിയറോ വൈനോ മദ്യമോ സൂക്ഷിക്കരുത്. അതിഥികള്‍ക്ക് ചായയോ നാരങ്ങാ വെള്ളമോ കോളയോ നല്‍കുക.

ഒരാഴ്ച കൊണ്ടൊന്നും നിങ്ങള്‍ക്ക് മദ്യപാനശീലം ഉപേക്ഷിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. അതിനാല്‍ ആദ്യഘട്ടത്തില്‍ കുടിക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കുക. അമിതമദ്യപാനം മൂലം നിങ്ങള്‍ക്ക് ഛര്‍ദ്ദിലോ രൂക്ഷമായ തലവേദനയോ ഉണ്ടാകാറുണ്ടോ? ഉണ്ടെങ്കില്‍ മദ്യപിക്കുന്നതിന് മുമ്പ് അതേ കുറിച്ച് ഓര്‍ക്കുക.

മദ്യപിക്കുന്നതിന് മുമ്പ് ആഹാരം കഴിക്കുക. മദ്യപിക്കുന്നതിന് മുമ്പ് ആഹാരം കഴിക്കുന്നത് മദ്യത്തോടുള്ള ആസക്തി കുറയ്ക്കും. വയറുനിറച്ച് ആഹാരം കഴിച്ചാല്‍ കൂടുതല്‍ കുടിക്കാനാവില്ല. ആഹാരം കഴിച്ചതിന് ശേഷം മദ്യപിക്കുമ്പോള്‍ നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന അളവില്‍ കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്തപക്ഷം അത് നിങ്ങള്‍ നിങ്ങളോട് തന്നെ ചെയ്യുന്ന വഞ്ചനയായിരിക്കും.

മദ്യവര്‍ജ്ജനം ആരംഭിക്കുന്ന ആദ്യ ആഴ്ചയില്‍ വിറ്റാമിന്‍ ബി ഗുളികകളോ മറ്റോ കഴിക്കുക. മദ്യം തയാമിന്‍ ഉള്‍പ്പെടെയുള്ള ഇത്തരം വിറ്റാമിനുകള്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷി ഇല്ലാതാക്കും. തയാമിന്റെ അഭാവം ചിന്താശേഷിയെ ദോഷകരമായി ബാധിക്കുകയും വെര്‍നിക്ക് കോര്‍സാക്കോഫ് സിന്‍ഡ്രോം അഥവാ വെറ്റ് ബ്രെയിനിന് കാരണമാകുകയും ചെയ്യും.

മദ്യപിക്കുന്നതിന് നിങ്ങള്‍ക്ക് പ്രത്യേക സമയം ഉണ്ടെങ്കില്‍ ആ ശീലം ഉപേക്ഷിക്കുക. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് നിങ്ങള്‍ മദ്യപിക്കുന്നത് എന്നിരിക്കട്ടെ. ഈ ശീലം മാറ്റാനായി നിങ്ങള്‍ക്ക് ഈ സമയത്ത് അച്ഛനമ്മമാരെയോ സുഹൃത്തുക്കളെയോ സന്ദര്‍ശിക്കാവുന്നതാണ്. അല്ലെങ്കില്‍ സ്‌പോട്‌സ് പോലുള്ളവയില്‍ പങ്കെടുക്കാം. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാം.

മദ്യപാനികളോടൊപ്പം കൂട്ടുകൂടുന്നതും മദ്യപാന സദസ്സുകളില്‍ പോകുന്നതും ഒഴിവാക്കുക. പഴയ സഹകുടിയന്മാരെ കണ്ടില്ലെന്ന് നടിക്കുക. നിങ്ങളോടൊപ്പം കുടിച്ചിരുന്നവര്‍ സ്ഥിരം കുടിയന്മാര്‍ ആയിരുന്നില്ലെന്ന് മനസ്സിലാക്കാനും അവര്‍ ബിയറും വൈനും കുടിച്ചിരുന്നപ്പോള്‍ നിങ്ങള്‍ മദ്യത്തില്‍ മുങ്ങുകയായിരുന്നെന്ന് തിരിച്ചറിയാനും ഇത് നിങ്ങളെ സഹായിക്കും.

മദ്യം ഉപേക്ഷിക്കുന്നതിന് മുമ്പ് നിങ്ങളുടെ ചിന്താഗതി മാറ്റുക. ആരുടെയെങ്കിലും നിര്‍ബന്ധ പ്രകാരം ഒരു സുഹൃത്തിനെ കൈവിടുകയാണെന്ന തോന്നല്‍ പാടില്ല. മറിച്ച് നിങ്ങളോടൊപ്പം കൂടിയ ഒരു ശത്രുവിനെ ഒഴിവാക്കുകയാണ് ചെയ്യുന്നത് മനസ്സിനെ ബോദ്ധ്യപ്പെടുത്തുക. ഇത് ലഹരിയില്‍ നിന്നുള്ള മോചനം അനായാസവും കാര്യക്ഷമവുമാക്കും.

ഇത് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക