അലര്‍ജി അകറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍

ഒരു തവണയെങ്കിലും അലര്‍ജിയുടെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കാത്തവരുണ്ടാകില്ല. പൊടി, പുക, പൂക്കള്‍, ഭക്ഷണ സാധനങ്ങള്‍ തുടങ്ങിയവ അലര്‍ജിക്ക് കാരണമാകും. ഒരാള്‍ക്ക് അലര്‍ജിക്ക് കാരണമായ വസ്തുക്കള്‍ മറ്റൊരാളില്‍ പ്രശ്‌നമുണ്ടാക്കില്ല. അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. അലര്‍ജിയെ അകറ്റാനുള്ള ചില മാര്‍ഗങ്ങള്‍ നോക്കാം.

1. വൃത്തിയാക്കാന്‍ ചൂടുവെള്ളം
വിവിധ തരത്തിലുള്ള ചെറിയ പ്രാണികള്‍ വീടുകളിലും വസ്ത്രങ്ങളിലും കയറിപ്പറ്റാറുണ്ട്. ഇവയെ നശിപ്പിക്കുക എളുപ്പമുള്ള കാര്യമല്ല. ശരീരത്തില്‍ ചൊറിച്ചില്‍ പോലുള്ള അലര്‍ജികള്‍ക്ക് ഇവ കാരണമാകുന്നു. കിടക്ക വിരികളും വസ്ത്രങ്ങളും ചെറു ചൂടുവെള്ളത്തില്‍ കഴുകുന്നത് പ്രാണികളെ നശിപ്പിക്കാന്‍ സഹായിക്കും. വീട് വൃത്തിയാക്കാനും ചൂടുവെള്ളം ഉപയോഗിക്കാം.

2. ഭക്ഷണം ശ്രദ്ധിക്കണം
അലര്‍ജിയുള്ളവര്‍ ഭക്ഷണകാര്യത്തില്‍ വലിയ ശ്രദ്ധ പുലര്‍ത്തണം. അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കണം. ജങ്ക് ഫുഡുകളും പഴങ്ങളും കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. ഒരോ സീസണിലും പ്രത്യേകം പഴങ്ങള്‍ പ്രകൃതി നല്‍കുന്നുണ്ട്. സീസണില്‍ അല്ലാതെ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും പരമാവധി ഒഴിവാക്കണം.

3. ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്
മിക്ക ആസ്തമ രോഗികളും അലര്‍ജിക്കാരാണ്. പുകവലി അസ്തമയേയും അതേപോലെ അലര്‍ജി രോഗമായ ഹേഫീവറിനേയും ഗുരുതരമാക്കും. പുകവലിക്കുന്ന ആളുകളുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും ആസ്തമ പോലുളള അലര്‍ജി രോഗങ്ങള്‍ വരാനുളള സാധ്യത മറ്റുളളവരേക്കാള്‍ വളരെ കൂടുതലാണ്.

4. പൂക്കളും പ്രശ്‌നക്കാര്‍
പൂക്കളുടെ ഗന്ധവും അതിലെ പൊടിയും പലരിലും അലര്‍ജിയുണ്ടാക്കും. അലര്‍ജിയുണ്ടാക്കുന്ന പൂക്കള്‍ വീടിന് സമീപത്ത് വളരാന്‍ അനുവദിക്കരുത്. രോഗികളില്‍ അസഹ്യമായ തുമ്മലുണ്ടാക്കാന്‍ പൂക്കള്‍ കാരണമാകും.

5. പാദരക്ഷകളും ഗ്ലൗസുകളും
ഷൂവിന്റെ സോളുകളിലും മറ്റും ഉപയോഗിച്ചിരിക്കുന്ന റബ്ബറുകള്‍ എക്‌സിമയും ഡെര്‍മ്മറ്റെറ്റിസും ഉണ്ടാക്കാനുളള സാധ്യത ഏറെയാണ്. ക്ലീനിംഗിന് ഉപയോഗിക്കുന്ന കെമിക്കല്‍ പ്രോഡക്റ്റുകള്‍, ഹെയര്‍ പ്രോഡക്റ്റുകള്‍, കോസ്‌മെറ്റിക്‌സ് എന്നിവയും അലര്‍ജിയുണ്ടാക്കാന്‍ സാധ്യതയുണ്ട്. റബ്ബര്‍ ഗ്ലൗസിന് പകരം കോട്ടനോ സിന്തറ്റിക്കോ ഉപയോഗിക്കുക. റബ്ബര്‍ സോളിന് പകരം പ്ലാസ്്റ്റിക് സോള്‍ ഉപയോഗിക്കണം. കെമിക്കല്‍സ് ഉപയോഗിക്കുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

6. കിടക്കവിരികള്‍ മാറ്റി ഉപയോഗിക്കുക
സാധാരണയായി ഒരാളുടെ കിടക്കവിരിയില്‍ രണ്ട് മില്യണ്‍ പൊടിയെങ്കിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആറ് മാസത്തില്‍ ഒരിക്കലെങ്കിലും കിടക്കവിരികളും തലയിണകളും അണുവിമുക്തമാക്കണം. അടി വസ്ത്രങ്ങളും അധിക കാലം ഉപയോഗിക്കരുത്. പൊടികള്‍ നിറഞ്ഞ കുഷ്യനുകള്‍, ടെഡ്ഡി ബെയര്‍, ഉണങ്ങിയ പൂക്കള്‍, തുണികൊണ്ടുളള പാവകള്‍ എന്നിവ കിടക്കയില്‍ സൂക്ഷിക്കരുത്. ഇവയില്‍ ധാരാളം പൊടി അടങ്ങിയിട്ടുണ്ടാകും. തുണികൊണ്ടുളള അപ്‌ഹോള്‍സ്റ്ററിക്ക് പകരം പ്ലാസ്റ്റിക്കോ, തടിയോ ഉപയോഗിക്കുന്നതാണ് നല്ലത്.

7. ഉറങ്ങുന്നതിന് മുന്‍പ് തലകഴുകുക
യാത്ര കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുന്നതിന് മുന്‍പ് തല കഴുകാന്‍ മറക്കേണ്ട. പുറത്ത് നിന്ന് വരുമ്പോള്‍ പൂമ്പൊടി നിങ്ങളുടെ തലയില്‍ പറ്റാന്‍ സാധ്യതയുണ്ട്. ഇത് രാത്രിയില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ തലയിണയില്‍ വീണ് രാത്രിയില്‍ ഹേ ഫീവര്‍ ലക്ഷണങ്ങള്‍ക്ക് കാരണമാകാം.

8. ബക്കിളുകള്‍ ശ്രദ്ധിക്കുക
ബെല്‍റ്റിന്റെ ബക്കിളുകള്‍, വാച്ചിന്റെ സ്ട്രാപ്പ്, ബ്രേസിയറിന്റെ ഹുക്കുകള്‍ തുടങ്ങിയവയുടെ ഇടയില്‍ അടിഞ്ഞുകൂടിയ അഴുക്കുകള്‍ പലര്‍ക്കും ചര്‍മത്തില്‍ ചൊറിച്ചില്‍, റാഷസ് തുടങ്ങിയവ ഉണ്ടാക്കാറുണ്ട്. ലോഹംകൊണ്ടുളളതിന് പകരം പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് ഇത്തരം അലര്‍ജികള്‍ കുറയ്്ക്കാന്‍ സഹായിക്കും.

9. വളര്‍ത്തുമൃഗങ്ങളെ സൂക്ഷിക്കുക
മിക്ക വീടുകളിലും ഓമനകളായ വളര്‍ത്തുമൃഗങ്ങളുണ്ടാകും. പൂച്ച, നായ, അലങ്കാര പക്ഷികള്‍ തുടങ്ങിയവയുടെ ശരീരത്തിലുള്ള പ്രാണികള്‍ നമ്മുടെ ദേഹത്ത് അലര്‍ജിയുണ്ടാക്കും. പൂച്ചയുടെ രോമം ചിലരില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൃത്യമായ പരിചരണം വളര്‍ത്തുമൃഗങ്ങള്‍ക്കും നല്‍കണം. അവയുമായുള്ള നിരന്തര സമ്പര്‍ക്കം ഒഴിവാക്കണം.