പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം രോഗലക്ഷണങ്ങള്‍ അറിയാം

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ് പുതിയ തലമുറയിലെ പെണ്‍കുട്ടികളെ എറെ വലയ്ക്കുന്ന ജീവിതശൈലീരോഗമാണ്. തെറ്റായ ഭക്ഷണരീതികള്‍, വ്യായാമത്തിന്‍റെ അഭാവം. ഇവ കൌമാരക്കാരികളായ പെണ്‍കുട്ടികളില്‍ പിസിഒഎസ് ഉണ്ടാകാന്‍ കാരണമാകുന്നു. അണ്ഡാശയത്തില്‍ ഒന്നിലേറെ മുഴകള്‍ കാണുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം. ആറുമുതല്‍ എട്ട് ശതമാനം വരെ സ്ത്രീകളില്‍ ഈ അവസ്ഥകണ്ടു വരുന്നു. ശരീരത്തിലെ ചില ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥായാണ് ഈ അവസ്ഥയ്ക്കുളള പ്രധാനകാരണം. ഹൈപ്പോതലാമോ പിറ്റ്യൂട്ടറി ഓവേറിയന്‍ ആക്സിസിലുള്ള അസന്തുലിതാവസ്ഥ പിസിഒഎസിലേക്കു നയിക്കും ഇവരില്‍ രക്തത്തില്‍ ഇന്‍സുലിന്‍റെ അളവ് കൂടുതലായി കണ്ടു വരുന്നു ഇന്‍സുലിന്‍ ആവശ്യത്തിനുണ്ടെങ്കിലും ശരീരത്തിലെ കോശങ്ങള്‍ക്ക് ഇന്‍സുലിനോടു പ്രതികരിക്കാന്‍ സാധിക്കുന്നില്ല. കോശങ്ങളിലുള്ള ഇന്‍സുലിന്‍ റിസപ്റ്റര്‍ നോര്‍മല്‍ അല്ലാത്തതു കാരണം ഇന്‍സുലിന് അതിനോട് യോജിക്കാനും രക്തത്തിലെ ഗ്ലൂക്കോസിനെ കോശങ്ങളിലേക്ക് പ്രവേശിപ്പിക്കാനും സാധിക്കാതെ വരുന്നു. ക്രമേണ രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കൂടാനും കാരണമാകുന്നു. ഇതിനെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്നും ഹൈപ്പര്‍ ഇന്‍സുലിനീമിയ എന്നും പറയുന്നു. ഇതുമൂലം ശരീരത്തില്‍ പുരുഷഹോര്‍മണുകളുടെ അനുപാതം കൂടാനും സാധ്യതയുണ്ട്.

അറിയാം രോഗലക്ഷണങ്ങള്‍
പിസിഒഎസ് സൃഷ്ടിക്കുന്ന പ്രധാന അസ്വസ്ഥതകളിതാ
ക്രമമായി അണ്ഡോല്‍പാദനം നടക്കാതിരിക്കുകയും അതിന്‍റെ ഫലമായി ആര്‍ത്തവക്രമക്കേടുകള്‍ ഉണ്ടാകുകയും ചെയ്യുന്നു
ഗര്‍ഭിണിയാകുന്നതിനു ബുദ്ധിമുട്ട് നേരിടാന്‍ സാധ്യതയുണ്ട്. ഗര്‍ഭം അലസാനുള്ള സാധ്യതയും കൂടുതലായി കണ്ടു വരുന്നു.
ഗര്‍ഭകാലത്ത് പ്രമേഹം പിടിപ്പെടാനുള്ള സാധ്യതയും കൂടുതലായി കണ്ടുവരുന്നു.
പുരുഷഹോര്‍മോണിന്‍റെവ്യതിയാനം നിമിത്തം തലമുടി പൊഴിയുന്നതിനും മുഖത്തും ശരീരത്തിന്‍റെ ഇതരഭാഗങ്ങളിലും മുടി അമിതമായി വളരാനും സാധ്യതയുണ്ട്.
കഴുത്തിലും കക്ഷത്തിലും കറുത്ത കലകള്‍(അകാന്തോസിസ് നിഗ്രിക്കാന്‍സ്) ഉണ്ടാകും.
പ്രായമേറുന്തോറും അമിതവണ്ണത്തിനും പ്രമേഹത്തിനും അമിത രക്തസമ്മര്‍ദ്ദത്തിനും സാധ്യത ഏറുന്നു.

ജീവിതശൈലി തിരുത്തുക മുഖ്യ ചികിത്സ
ജീവിതശൈലീ രോഗം ആയതിനാല്‍ ജീവിതശൈലിയില്‍ ക്രമീകരിക്കുകയാണു പ്രധാനം. ഇതിനായി ഭക്ഷണനിയന്ത്രണവും വ്യായാമവും ശീലിക്കണം. ഭക്ഷണത്തില്‍ കാര്‍ബോഹൈഡ്രേറ്റിന്‍റെ, പ്രത്യകിച്ചു റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റിന്‍റെ അളവ് കുറയ്ക്കുകയും കഴിക്കുമ്പോള്‍ നാരുകള്‍ ധാരാളമുള്ള കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ് കഴിക്കാനും ശ്രദ്ധിക്കണം. നാരുള്ള ഭക്ഷണപദാര്‍ഥങ്ങള്‍, വേവിക്കാത്ത പച്ചക്കറികള്‍, ഇലകള്‍, പഴവര്‍ഗങ്ങള്‍, പരിപ്പ്, പയര്‍ എന്നിവ ധാരാളമായി ഉപയോഗിക്കുക. കൊഴുപ്പ് കുറഞ്ഞ പാലുല്‍പന്നങ്ങള്‍, മുട്ടയുടെ വെള്ള, മീന്‍(കറി വച്ചത്) എന്നിവയും ഉപയോഗിക്കാം. പഞ്ചസാര, മധുരപലഹാരങ്ങള്‍, മൈദ, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ ഒഴിവാക്കണം.

ദിവസേന 45-60 മിനിറ്റ് വരെ നടത്തം/സൈക്ലിങ്/നീന്തല്‍ എന്നിവ അത്യാവശ്യമാണ്. വ്യായാമത്തിലൂടെ വണ്ണം കുറയ്ക്കുന്നതിനൊപ്പം ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സിനെ ചെറുക്കാനും സാധിക്കും. ഇതുമൂലം ആര്‍ത്തവം ക്രമപ്പെടുത്താന്‍ കഴിയും. വിവാഹിതര്‍ക്ക് ഗര്‍ഭിണിയാകാനും സാധ്യത ഏറുന്നു. ഇങ്ങനെ ഭക്ഷണനിയന്ത്രണം വരുത്തിയും വ്യായാമം ചെയ്തും ശരീരത്തെ ക്രമപ്പെടുത്തിയതിനുശേഷം ഓരോ രോഗിയുടെയും ആവശ്യത്തിനനുസരിച്ചു മരുന്നുകള്‍ ഉപയോഗിച്ചു തുടങ്ങാവുന്നതാണ്.

ഒരു വിദഗ്ധ ഗൈനോകോളജിസ്റ്റിനെ കണ്ടു പരിശോധനകള്‍ നടത്തിയതിനുശേഷം ചികിത്സയെക്കുറിച്ചു തീരുമാനിക്കുന്നതാണു നല്ലത്. ചിട്ടയായ ജീവിതരീതിയും ആഹാര ക്രമവും മൂലം ഹോര്‍മോണ്‍ വ്യതിയാനങ്ങളും ആര്‍ത്തവക്രമക്കേടുകളും പരിഹരിക്കാന്‍ സാധിക്കും. ഒന്നോ രണ്ടോ മാസംകൊണ്ട് ഫലം കിട്ടുമെന്ന് പ്രതീക്ഷിച്ചു ചികിത്സ തുടങ്ങിയിട്ടു കാര്യമില്ല. ക്ഷമയോടെ മൂന്നു മുതല്‍ 6 മാസം വരെ ചിട്ടകള്‍ തുടരുകയാണെങ്കില്‍ തീര്‍ച്ചയായും ഉദ്ദേശിച്ച ഫലം കിട്ടും.