അപകട സമയങ്ങളിലെ പ്രഥമ ശുശ്രൂഷകള്‍ ചെയ്യേണ്ട വിധം

കണ്‍മുന്നില്‍ പെട്ടന്നൊരു അപകടം സംഭവിച്ചാല്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുന്നവരാണ് നമ്മളില്‍ പലരും …പ്രഥമ ശുശ്രൂഷയെ പറ്റി ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്

പ്രഥമശുശ്രൂഷ
അപകടത്തില്‍പെട്ട ഒരാളുടെ ജീവന്‍ രക്ഷിക്കാനോ അയാള്‍ക്ക് ആശ്വാസം നല്‍കാനോ ഉടനടി നല്‍കുന്ന പരിചരണത്തെയാണ് പ്രഥമശുശ്രൂഷ എന്നു പറയുന്നത്. എന്നാല്‍, പ്രഥമശുശ്രൂഷ ചെയ്യുന്നയാള്‍ രോഗിക്ക് മരുന്നുകള്‍ കുറിച്ചുനല്‍കാന്‍ പാടില്ല. അതിനുള്ള അധികാരം ഡോക്ടര്‍മാര്‍ക്കുമാത്രമെയുള്ളൂ.

ബോധക്ഷയം സംഭവിച്ചാല്‍
—————————
പല കാരണങ്ങളാലും ചിലര്‍ക്ക് ബോധം അല്‍പനേരത്തേക്കെങ്കിലും നഷ്ടപ്പെടാം. അത്തരം സന്ദര്‍ഭങ്ങളില്‍ അടിയന്തരചികിത്സ നല്‍കണം.
•നില്‍ക്കുന്നയാള്‍ക്ക് ബോധം നഷ്ടപ്പെട്ടാല്‍ അയാളെ കിടത്തുക.
ബോധം പൂര്‍ണമായും നഷ്ടപ്പെട്ടിട്ടില്ലെങ്കില്‍ തല കാല്‍മുട്ടുകള്‍ക്കിടയില്‍ വരത്തക്കവിധം ഇരുത്തുക.
•ഇറുകിയ വസ്ത്രങ്ങള്‍ അയച്ചിടുക.
•ശുദ്ധവായു ലഭിക്കുന്നസ്ഥലത്ത് കിടത്തുക.
•അബോധാവസ്ഥയിലാണെങ്കില്‍ അല്‍പം അമോണിയ മണപ്പിക്കുക.
•തണുത്ത വെള്ളം മുഖത്ത് തളിക്കുക.

അസ്ഥിഭംഗം
———–
മനുഷ്യന് 206 അസ്ഥികളാണുള്ളത്. ഈ അസ്ഥികളിലേതെങ്കിലും ഒന്നിന് സംഭവിക്കുന്ന ഒടിവാണ് അസ്ഥിഭംഗം. ലഘുഭംഗം, വിഷമഭംഗം എന്നിങ്ങനെ അസ്ഥിഭംഗം രണ്ടുവിധത്തില്‍ സംഭവിക്കാം.
ലഘുഭംഗം
അസ്ഥികള്‍ക്ക് ഒടിവ് സംഭവിക്കുന്നുവെങ്കിലും ഇതിന് പുറമെയുള്ള ശരീരഭാഗം പൊട്ടുന്നില്ല. ഇതുമൂലം രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നില്ല.
വിഷമഭംഗം
അസ്ഥിക്കൊപ്പം ആ ഭാഗത്തെ തൊലിക്കും മുറിവ് സംഭവിക്കുന്നതാണ് വിഷമഭംഗം. ഇത് രോഗാണു സംക്രമണത്തിന് കാരണമാകും.

വെള്ളത്തില്‍ വീണാല്‍
———————-
വെള്ളത്തില്‍ വീണവരെ കരയിലേക്കെത്തിക്കുക എന്നത് മാത്രമല്ല രക്ഷാപ്രവര്‍ത്തനം. മറിച്ച്, രക്ഷപ്പെട്ടവര്‍ക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുക എന്നതാണ്.
കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുന്നവിധം
•വെള്ളത്തില്‍ വീണയാളെ കരക്കെടുത്ത് കമിഴ്ത്തിക്കിടത്തുക.
•തല ഒരു വശത്തേക്ക് ചരിച്ച് വെക്കുക.
•നെഞ്ചിന്‍െറ കീഴ്ഭാഗം ഉയര്‍ത്തുക.
•നെഞ്ചിന്‍െറ ഭാഗങ്ങളില്‍ ശക്തിയായി അമര്‍ത്തുക.
•വായോടുവായ് രീതിയില്‍ ശ്വാസോച്ഛ്വാസം നല്‍കുക.
കൃത്രിമ ശ്വസന രീതി
•ശ്വാസതടസ്സം നേരിട്ടയാളെ മലര്‍ത്തിക്കിടത്തുക.
•താടി മുകളിലേക്ക് വരുന്നവിധം തല പിറകോട്ട് ചരിച്ചു പിടിക്കുക.
•പ്രഥമ ശുശ്രൂഷകന്‍െറ വായ അപകടം സംഭവിച്ചയാളുടെ വായോട് ചേര്‍ത്തുവെക്കുക.
•പിന്നീട് വായിലേക്ക് ശക്തമായി ഊതുക.
• മുതിര്‍ന്നവര്‍ക്ക് മിനിറ്റില്‍ 12 തവണയും കുട്ടികള്‍ക്ക് 20 തവണയും ഈ രീതിയില്‍ ശ്വാസം നല്‍കുക.

വിഷം ശരീരത്തിനകത്ത് കടന്നാല്‍
———————————
•മരുന്നുകള്‍ മാറിക്കഴിക്കുകയോ ആഹാരവസ്തുക്കളില്‍ മായം കലരുകയോ ചെയ്യുന്നതുമൂലം വിഷപദാര്‍ഥങ്ങള്‍ ശരീരത്തിനകത്ത് കടക്കാം. ഇങ്ങനെ സംഭവിച്ചാല്‍, ആ വിഷം പുറത്തുകളയുന്നതിനുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്.
•വിഷം കഴിച്ചയാള്‍ക്ക് ധാരാളം ജലം കുടിക്കാന്‍ നല്‍കുക.
•വായില്‍ വിരലിട്ട് ഛര്‍ദിപ്പിക്കുക.
•അബോധാവസ്ഥയിലാണെങ്കില്‍ തല ചരിച്ച് കിടത്തുക.
•ഉടന്‍ ആശുപത്രിയിലെത്തിക്കുക.

വൈദ്യുതാഘാതമേറ്റാല്‍
———————–
പെട്ടെന്നുള്ള അപകടമാണ് വൈദ്യുതി മൂലം ഉണ്ടാവുക. അതിനാല്‍, പ്രഥമശുശ്രൂഷ പെട്ടെന്ന് നല്‍കേണ്ടതാണ്.
•വൈദ്യുതി ബന്ധം വേര്‍പ്പെടുത്തുക.
•മെയ്ന്‍ സ്വിച്ച് ഓഫാക്കുക.
•ഷോക്കേറ്റയാളെ ഉണങ്ങിയ കമ്പുകൊണ്ട് വൈദ്യുതിയില്‍നിന്ന് വേര്‍പ്പെടുത്തുക.
•കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കുക.
•പൊള്ളിയെങ്കില്‍ തുണികൊണ്ട് ആ ഭാഗം പൊതിയുക.
•ഉടന്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.

മുറിവ് ഉണ്ടായാൽ
മുറിവുണ്ടാകാനുള്ള സാഹചര്യം നമ്മുടെ ജീവിതത്തില്‍ വളരെ കൂടുതലാണ് അല്ലേ കൂട്ടുകാരേ. കൊച്ചു കൂട്ടുകാര്‍ക്ക് ദേഹത്ത് കൂടുതല്‍ മുറിവുകളുണ്ടാകാം. മുറിവില്‍ കൂടി ധാരാളം രക്തം വാര്‍ന്നുപോകുമെന്നതിനാല്‍ മുറിവ് അപകടകാരിയാണ്. പ്രഥമശുശ്രൂഷ കൊണ്ട്, രക്തം വാര്‍ന്നുപോകുന്നത് ഒരു പരിധിവരെ തടയാനാകും. പ്രഥമശുശ്രൂഷ വിദഗ്ധരീതിയിലായാല്‍ പിന്നീട് പഴുക്കാതെ ആ മുറിവ് അപകടകാരിയല്ലാതാക്കാം.
ചെറിയ മുറിവെങ്കില്‍
•ഇളംചൂടുള്ള സോപ്പുവെള്ളത്തില്‍ മുക്കിയ പഞ്ഞികൊണ്ട് തുടച്ചു വൃത്തിയാക്കുക.
•ചൂടുവെള്ളം ഉപയോഗിച്ച് നന്നായി കഴുകുക.
•അണുമുക്തമാക്കിയ തുണികൊണ്ട് ബാന്‍ഡേജ് ചെയ്യുക.

ഉപകരണങ്ങള്‍ മൂലം മുറിവെങ്കില്‍
———————————–
മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍ കൊണ്ടാണ് മുറിവ് സംഭവിച്ചതെങ്കില്‍ ടെറ്റനസ് ബാധ തടയാന്‍ കുത്തിവെപ്പ് എടുക്കുന്നത് നല്ലതാണ്. മുറിവില്‍ മൃദുവായി അമര്‍ത്തി കുറച്ച് രക്തം പുറത്തേക്കുകളയുക. രക്തത്തിനൊപ്പം മുറിവില്‍ പറ്റിയിരിക്കുന്ന അണുക്കളും മാലിന്യങ്ങളും പുറത്തേക്കുപോകാന്‍ ഈ രീതി സഹായകമാകും. പിന്നീട് ബാന്‍ഡേജ് ചെയ്യുക.
രക്തത്തിലൂടെ ‘മുറിവ്’ അറിയാം
•മുറിവിലൂടെ വരുന്ന രക്തം കടുത്ത ചുവപ്പുനിറമുള്ളതാണെങ്കില്‍ മുറിഞ്ഞത് ധമനിയായിരിക്കും.
•ഇരുണ്ട ചുവപ്പ് നിറമുള്ള രക്തമാണ് വരുന്നതെങ്കില്‍ മുറിഞ്ഞത് സിരയായിരിക്കും.
•ധമനികള്‍ക്കുമേല്‍ ബലമായി അമര്‍ത്തിയാല്‍ രക്തവാര്‍ച്ച തടയാം.
•സിരകള്‍ക്കുമേല്‍ ബലമായി അമര്‍ത്തിയാല്‍ രക്തത്തിന്‍െറ പുറത്തേക്കുള്ള ഒഴുക്ക് തടയാന്‍ കഴിയില്ല.
•മുറിവില്‍നിന്ന് ധാരാളം രക്തം വരുന്നുണ്ടെങ്കില്‍ ധമനിയായിരിക്കും മുറിഞ്ഞിട്ടുണ്ടാവുക.
പലതരം മുറിവുകള്‍
•വീഴ്ച മൂലം ഉണ്ടാകുന്നവ
•ക്ഷതമേറ്റാല്‍ ഉണ്ടാകുന്നവ
•മൂര്‍ച്ചയില്ലാത്ത ഉപകരണങ്ങള്‍ മൂലം
•ഉരസല്‍ മൂലം
•അശ്രദ്ധ മൂലം മറ്റിടങ്ങളില്‍ ഉരസിക്കൊണ്ട്
•മൂര്‍ച്ചയേറിയ ഉപകരണങ്ങള്‍
മൂലം
•കത്തി, കഠാര എന്നിവ മൂലം
മുറിഞ്ഞാല്‍
മുറിവേറ്റയാള്‍ക്ക് വേദന കുറച്ച് വളരെ സൂക്ഷ്മതയോടുകൂടി പ്രഥമശുശ്രൂഷ ചെയ്യാന്‍ ശ്രമിക്കണം. തണുത്ത വെള്ളം, ഐസ് എന്നിവ മുറിവേറ്റ ഭാഗത്ത് വെച്ചാല്‍ രക്തസ്രാവം കുറക്കാന്‍ സഹായകമാകും. പിന്നീട് ബാന്‍ഡേജ് ചെയ്യുക.

മുറിവിന് ആഴം കൂടിയാല്‍
•തണുത്ത വെള്ളമോ ഐസോ മുറിവേറ്റ ഭാഗത്ത് വെക്കുക.
•രോഗാണു മുക്തമാക്കിയ തുണിയോ തൂവാലയോ കൊണ്ട് മുറിവേറ്റ സ്ഥലത്ത് കെട്ടുക.
•മര്‍ദസ്ഥാനങ്ങളില്‍ മര്‍ദം പ്രയോഗിക്കുക.
•ആവശ്യമെങ്കില്‍ ടൂര്‍ണിക്കെ പ്രയോഗിക്കുക.

മുറിവ്
വൃത്തിയാക്കുമ്പോള്‍
•രോഗിക്ക് പ്രഥമ ശുശ്രൂഷ നല്‍കുന്നയാള്‍ കൈ നന്നായി കഴുകുക.
•അണുനാശിനി ഉപയോഗിച്ച് പഞ്ഞികൊണ്ട് മുറിവ് വൃത്തിയായി തുടക്കുക.
•മുറിവിന്‍െറ ഉള്‍ഭാഗത്തുനിന്ന് പുറത്തേക്ക് വൃത്തിയാക്കുക.
•മുറിവിലെ ജലാംശം തുണികൊണ്ട് തുടച്ചു കളയുക.
•മുറിവിന്‍െറ വലുപ്പത്തിനനുസരിച്ച് ബാന്‍ഡേജ് ചെയ്യുക.
•മൂര്‍ച്ചയേറിയ ഉപകരണങ്ങളെ കൊണ്ടുള്ള മുറിവാണെങ്കില്‍ ടെറ്റനസ് ഇന്‍ജക്ഷന്‍ വെക്കുക.
അസ്ഥിഭംഗം സംഭവിച്ചാല്‍
•അസ്ഥിസന്ധികളില്‍ വേദന ഉണ്ടാകും.
•മുറിവിനുചുറ്റും നീര്‍വീക്കം ഉണ്ടാകും.
•ക്ഷതം സംഭവിച്ചഭാഗം ചലിപ്പിക്കാന്‍ കഴിയാതെ വരും.

അടിയന്തര രക്ഷ
♻അസ്ഥിഭംഗം സംഭവിച്ച സ്ഥലത്തുതന്നെ കിടത്തി പ്രഥമശുശ്രൂഷ നല്‍കണം. മുറിവ് സംഭവിച്ചിട്ടുണ്ടെങ്കില്‍ മുറിവിന് ആദ്യം ശുശ്രൂഷ നല്‍കുക. അപകടം സംഭവിച്ച ഭാഗം അനക്കംതട്ടാതെ സൂക്ഷിക്കുക. ഒടിവുസംഭവിച്ച ഭാഗത്ത് ചീളിവെച്ച് കെട്ടുക. കൈകള്‍ക്കാണ് അസ്ഥിഭംഗം സംഭവിച്ചതെങ്കില്‍ ഒരു സ്ളിങ്ങില്‍ തൂക്കിയിടുക. പിന്നീട് അടിയന്തര വൈദ്യസഹായം നല്‍കുക.

പൊള്ളല്‍ ഉണ്ടായാൽ
———————-
പല തരത്തിലും ശരീരത്തില്‍ പൊള്ളലുകള്‍ സംഭവിക്കാം. ഈര്‍പ്പരഹിത പദാര്‍ഥങ്ങള്‍കൊണ്ടുള്ള പൊള്ളലിനെ ബേണ്‍സ് എന്നും തിളച്ച ദ്രാവകം കൊണ്ടുണ്ടാകുന്ന പൊള്ളലിനെ സ്കാള്‍ഡ്സ് എന്നും വിളിക്കുന്നു.
ബേണ്‍സ് (Burns)
തീ, ചൂടുപിടിച്ച ലോഹങ്ങള്‍, വൈദ്യുതി, ശക്തിയേറിയ ആസിഡ്, ആല്‍ക്കലികള്‍, ചൂടുള്ള വാതകങ്ങള്‍ എന്നിവ മൂലം ബേണ്‍സ് ഉണ്ടാകാം.
സ്കാള്‍ഡ്സ് (Scalds)
ഉരുകിയ നെയ്യ്, തിളച്ച വെള്ളം, തിളച്ച എണ്ണ, നീരാവി, ഉരുകിയ ടാര്‍ എന്നിവമൂലം സംഭവിക്കുന്ന പൊള്ളലാണ് സ്കാള്‍ഡ്സ്.
വസ്ത്രങ്ങള്‍ക്കു തീപിടിച്ചാല്‍
ധരിച്ച വസ്ത്രത്തിന് തീപിടിച്ചാല്‍ ചെയ്യേണ്ട പ്രഥമശുശ്രൂഷയെ കുറിച്ച് നല്ല ബോധം നമുക്കുണ്ടാകണം. വസ്ത്രത്തിന് തീപിടിച്ചാല്‍ തറയില്‍ കിടന്ന് ഉരുളുന്നതുമൂലം തീയണയും. കട്ടിയുള്ള കമ്പിളി, കാര്‍പെറ്റ് എന്നിവ ഉപയോഗിച്ച് ശരീരം മൂടിയും തീ കെടുത്താം. പൊള്ളലേറ്റയാളിന്‍െറ ശരീരത്തില്‍നിന്ന് വസ്ത്രം ശ്രദ്ധാപൂര്‍വമേ നീക്കാവൂ.

പൊള്ളിയാല്‍
————-
പൊള്ളിയ ഭാഗം വായുകൊള്ളാനനുവദിക്കുക. തുടര്‍ന്ന് അണുവിമുക്തമാക്കിയ പഞ്ഞി, തുണി എന്നിവ ഉപയോഗിച്ച് പൊതിയുക. പൊള്ളലേറ്റ ഭാഗത്ത് തണുത്ത ജലം ഒഴിക്കുന്നത് വേദന കുറയാന്‍ സഹായിക്കും. പൊള്ളലേറ്റയാള്‍ക്ക് ദാഹജലം ഉടന്‍ നല്‍കുക. പൊള്ളിയ ഭാഗത്തിന് ചുറ്റും ഉണ്ടാകുന്ന കുമിളകള്‍ പൊട്ടിക്കാന്‍ പാടില്ല. ആഴത്തിലുള്ള പൊള്ളലേറ്റാല്‍ ഉടന്‍ വൈദ്യസഹായം തേടുക.
രാസവസ്തുക്കള്‍ മൂലം പൊള്ളിയാല്‍
ആസിഡ് പോലുള്ള രാസവസ്തുക്കള്‍ മൂലം പൊള്ളലേറ്റാല്‍ അടിയന്തര വൈദ്യസഹായം നല്‍കുകയാണ് വേണ്ടത്. പൊള്ളലേറ്റഭാഗത്ത് ശുദ്ധജലം നന്നായി ഒഴിക്കുക. രാസവസ്തുക്കള്‍ പതിച്ച വസ്ത്രങ്ങള്‍ ഉടന്‍ നീക്കം ചെയ്യുക.

കണ്ണിന് പൊള്ളലേറ്റാല്‍
———————–
കണ്ണിന് പൊള്ളലേല്‍ക്കാതിരിക്കാന്‍ നാം നന്നായി സൂക്ഷിക്കണം. ഇനി പൊള്ളിയെങ്കില്‍ ശുദ്ധജലം ഉപയോഗിച്ച് കണ്ണുകള്‍ നന്നായി കഴുകുക. നനഞ്ഞ പഞ്ഞികൊണ്ട് കണ്ണില്‍ പതുക്കെ അമര്‍ത്തുന്നതും ആശ്വാസം ലഭിക്കാന്‍ നല്ലതാണ്. വീതി കുറഞ്ഞ ബേക്കിങ് സോഡാലായനി (രണ്ട് ശതമാനം) കൊണ്ട് കണ്ണ് കഴുകിയ ശേഷം കട്ടിയുള്ള തുണി ഉപയോഗിച്ച് ബാന്‍ഡേജ് ചെയ്യണം. ആല്‍ക്കലി പോലുള്ള വസ്തുക്കള്‍ മൂലമാണ് കണ്ണിന് പൊള്ളലേറ്റതെങ്കില്‍ വിനാഗിരി ഉപയോഗിച്ച് കണ്ണുകള്‍ കഴുകിയ ശേഷം ബാന്‍ഡേജ് ചെയ്യുകയാണ് വേണ്ടത്.

പൊള്ളല്‍ കൂടിയാല്‍
———————
ഒരു വ്യക്തിയുടെ ശരീരത്തില്‍ നന്നായി പൊള്ളിയെങ്കില്‍ താഴെ പറയുന്ന പ്രഥമ ശുശ്രൂഷാ രീതികള്‍ ചെയ്യുക.
•പൊള്ളിയ ഭാഗം വൃത്തിയുള്ള തുണികൊണ്ട് പൊതിയുക.
•പൊള്ളല്‍ ചെറുതെങ്കില്‍ ഡ്രസിങ് പാഡ് വെച്ച് ഒട്ടിക്കുക.
•മഷി ഒഴിക്കരുത്.
•പൊള്ളിയ ഭാഗത്ത് ഓയിന്‍റ്മെന്‍േറാ ലേപനങ്ങളോ പുരട്ടരുത്.
•പൊള്ളിയ ഭാഗത്ത് കൈകൊണ്ട് തൊടരുത്.
•പൊള്ളലേറ്റയാളെ ആശ്വസിപ്പിക്കുക.
•പൊള്ളലേറ്റ് തുണികള്‍ ശരീരത്തില്‍ ഒട്ടിപ്പിടിച്ചുവെങ്കില്‍ ആശുപത്രി അധികൃതരുടെ സഹായത്തോടെ മാത്രം നീക്കുക.
•പൊള്ളലേറ്റയാള്‍ക്ക് കുടിവെള്ളം നല്‍കുക.

ആഹാരവസ്തു തൊണ്ടയില്‍ കുടുങ്ങിയാല്‍
——————————————-
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ആഹാരവസ്തുക്കള്‍ തൊണ്ടയില്‍ കുടുങ്ങിയുണ്ടാകുന്ന അപകട വാര്‍ത്തകള്‍ നാം ഇടക്കിടെ പത്രങ്ങളിലൂടെ വായിക്കാറുണ്ടല്ലോ. തൊണ്ടയില്‍ ആഹാര പദാര്‍ഥം തങ്ങി കുട്ടികള്‍ വിഷമിക്കുമ്പോള്‍ മാതാപിതാക്കളും ബന്ധുക്കളും ബഹളംകൂട്ടുക മാത്രമാണ് പലയിടത്തും ചെയ്യുന്നത്. ഇതിനുപകരം വേണ്ട പ്രഥമശുശ്രൂഷ നടത്തിയാല്‍ അവരെ രക്ഷപ്പെടുത്താം.
•വായ്ക്കുള്ളില്‍ വിരല്‍ കടത്തി തടസ്സം നീക്കുക.
•കുട്ടികളെ മടിയില്‍ കമഴ്ത്തിക്കിടത്തി തോളിന് ശക്തിയായി അമര്‍ത്തുക.
•രണ്ട് കൈയും ചേര്‍ത്ത് പൊക്കിളിന് മുകളിലേക്ക് അമര്‍ത്തുക.
•കസേരയില്‍ കുനിച്ചിരുത്തി തോളിന് നടുവില്‍ അമര്‍ത്തുക.
•ശരീരത്തിന് പുറത്ത് ശക്തിയായി അടിക്കുക.