ലോകത്തിലെ ഏറ്റവും ശക്തിയുള്ള സസ്യഭക്ഷണത്തെ പരിചയപ്പെടാം

ചിലര്‍ ലോകത്തിലെ ഏറ്റവും ശക്തിയുള്ള സസ്യഭക്ഷണം എന്നാണ് ചണവിത്തിനെ വിശേഷിപ്പിക്കുന്നത്. ഒരു പ്രകൃതിദത്തനാരാണ്‌ ചണം ചണനാരിനേയും അതുണ്ടാകുന്ന സസ്യത്തേയും ചണം എന്നു വിളിക്കുന്നു.

ഹൃദയസംബന്ധമായ രോഗങ്ങള്‍, ക്യാന്‍‌സര്‍, ഹൃദയാഘാതം, പ്രമേഹം എന്നിവയ്ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ചണവിത്തിന് കഴിവുണ്ട്.

പതിറ്റാ​ണ്ടുകളായി ചണവിത്ത് എന്ന സസ്യോത്പന്നത്തിന്‍റെ ഗുണവിശേഷങ്ങള്‍ ഏറെ പ്രശസ്തമാണ്.

3000 ബി.സി കാലഘട്ടത്തില്‍ ബാബിലോണില്‍ ചണം കൃഷിചെയ്തിരുന്നു. എട്ടാം നൂറ്റാണ്ടില്‍ ബാബിലോണ്‍ രാജാവായിരുന്ന ചാര്‍ലിമെയ്ന്‍ ചണവിത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ മനസിലാക്കുകയും ഇത് ഉപയോഗിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ പതിമൂന്ന് നൂറ്റാണ്ടുകള്‍ക്ക് ശേഷം ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ ചാര്‍ലിമെയ്നിന്‍റെ കണ്ടെത്തല്‍ ശരിവെയ്ക്കുന്നു.

ഏറെ പോഷകമൂല്യമുള്ള ചണവിത്തില്‍ മൂന്ന് പ്രധാന ഘടകങ്ങളാണുള്ളത്.

1. ഒമേഗ 3 ഫാറ്റി ആസിഡ് – ഹൃദയത്തിന് ആരോഗ്യകരമായ കൊഴുപ്പുകളെയാണ് നല്ല കൊഴുപ്പുകള്‍ എന്ന് പറയുന്നത്. ഒരു സ്പൂണ്‍ ചണവിത്തില്‍ 1.8 ഗ്രാം ഒമേഗ 3 കൊഴുപ്പ് അടങ്ങിയിട്ടുണ്ട്.

2. ലിഗ്നന്‍ – ആന്‍റി ഓക്സിഡന്‍റ് ശേഷിയുള്ളതും, സസ്യ ഈസ്ട്രജന്‍ അടങ്ങിയതുമാണ് ലിഗ്നന്‍. മറ്റ് സസ്യഭക്ഷണങ്ങളേക്കാള്‍ 75 മുതല്‍ 800 വരെ മടങ്ങ് ലിഗ്നന്‍ അടങ്ങിയതാണ് ചണവിത്ത്.

3. ഫൈബര്‍ – ലയിക്കുന്നതും ലയിക്കാത്തതുമായ ഫൈബര്‍ അടങ്ങിയതാണ് ചണവിത്ത്.

ചണവിത്തിന്‍റെ ആരോഗ്യഗുണങ്ങള്‍

1. ക്യാന്‍സര്‍ – സ്തനാര്‍ബുദം, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍, വന്‍കുടലിലുണ്ടാകുന്ന ക്യാന്‍സര്‍ എന്നിവയെ ചെറുക്കാന്‍ ചണവിത്തിന് കഴിവുണ്ട്. ചണവിത്തിലെ ലിഗ്നന്‍ എന്ന ഘടകം, ഹോര്‍മോണുകളെ എളുപ്പത്തില്‍ ബാധിക്കുന്ന ക്യാന്‍സറിനെ ചെറുക്കാന്‍ കഴിവുള്ളതാണ്. ഇവ ടാമോക്സിഫെന്‍ എന്ന സ്തനാര്‍ബുദത്തിനുള്ള മരുന്നിന്‍റെ ഫലത്തെ ദോഷകരമായി ബാധിക്കുകയുമില്ല.

2. ഹൃദയസംബന്ധമായ രോഗങ്ങള്‍ – സസ്യജന്യമായ ഒമേഗ 3 ഫാറ്റി ആസിഡിന് ഹൃദയസംബന്ധമായ പല പ്രശ്നങ്ങളും തടയാനാവും എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഹൃദയമിടിപ്പ് സാധാരണനിലയിലാക്കാനും, താപനില കുറയ്ക്കാനും ഇതിന് കഴിവുണ്ട്. ചണവിത്തിലെ ഒമേഗ 3 ആസിഡ് വെള്ള രക്താണുക്കള്‍ രക്തക്കുഴലുകളുടെ ഉള്‍ഭാഗങ്ങളിലടിയുന്നത് തടയുകയും ലോഹാംശങ്ങളടിഞ്ഞ് രക്തക്കുഴലുകളില്‍ തടസമുണ്ടാകുന്നത് ഇല്ലാതാക്കുകയും ചെയ്യും.

3. പ്രമേഹം – ലിഗ്നന്‍ പതിവായി കഴിക്കുന്നത് പ്രമേഹം ഭേദമാക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ടൈപ്പ് 2 പ്രമേഹമുള്ള പ്രായപൂര്‍ത്തിയായവരില്‍ ഹീമോഗ്ലോബിന്‍ എ 1 സി ടെസ്റ്റിലാണ് ഇത് കണ്ടെത്തിയത്.

4. എരിച്ചില്‍ – ചണവിത്തിലെ എ.എല്‍.എ, ലിഗ്നന്‍ എന്നീ ഘടകങ്ങള്‍ പാര്‍ക്കിന്‍സണ്‍സ്, ആസ്ത്മ പോലുള്ള രോഗങ്ങളുടെ അനുബന്ധമായുണ്ടാകുന്ന എരിച്ചില്‍ തടയാന്‍ സഹായിക്കും. എരിച്ചിലുണ്ടാക്കുന്ന ചില ഘടകങ്ങളെ തടയുന്നതിനാലാണ് ഇത് സാധിക്കുന്നതെന്ന് ആരോഗ്യവിദഗ്ദനായ ഫിറ്റ്സ്പാട്രിക് പറയുന്നു.

എ.എല്‍.എ മനുഷ്യരിലെ എരിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളിലും ലിഗ്നന് എരിച്ചിലുണ്ടാക്കുന്ന ചില ഘടകങ്ങളെ കുറയ്ക്കാന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ധമനികളില്‍ തടസ്സമുണ്ടാകുന്നത് മൂലമുള്ള എരിച്ചിലും വേദനയും തടയാനും ചണവിത്ത് സഹായിക്കും. ഇത് വഴി ഹൃദയാഘാതവും, ഹൃദയസ്തംഭനവും ഒഴിവാക്കാനാവും.

5. ആര്‍ത്തവവിരാമ പ്രശ്നങ്ങള്‍ – 2007 ല്‍ നടത്തിയ പഠനമനുസരിച്ച് ആര്‍ത്തവവിരാമത്തിലെത്തിയ സ്ത്രീകളില്‍ ധാന്യങ്ങളിലോ, ജ്യൂസിലോ, തൈരിലോ ചേര്‍ത്ത് രണ്ട് സ്പൂണ്‍ ചണവിത്ത് കഴിക്കുന്നത് ഹോട്ട് ഫ്ലാഷ് എന്നറിയപ്പെടുന്ന, പെട്ടന്നുള്ള വിയര്‍ക്കലും, നെഞ്ചിടിപ്പ് വര്‍ദ്ധിക്കലും കുറയ്ക്കാനാവുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അവസ്ഥയുടെ 57 ശതമാനം വരെ കുറയ്ക്കാന്‍ ചണവിത്തിന് സാധിക്കും. ചണവിത്ത് ഒരാഴ്ച പതിവായി കഴിച്ചാല്‍ രണ്ടാഴ്ചക്കുള്ളില്‍ ഫലം ലഭിക്കും.