മെഡിക്ലെയിം ചേരും മുന്‍പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

അസുഖങ്ങള്‍ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം ചെറിയ അസുഖങ്ങള്‍ ആണെങ്കില്‍പോലും
അനുദിനം കുതിച്ചുയരുകയാണ് ചികിത്സാചെലവ്. മരുന്നിന്റെയും മറ്റ് അനുബന്ധ വസ്തുക്കളുടെയും വിലക്കയറ്റം ആരുടെയും ഉറക്കം കെടുത്തും. മറ്റെന്തു ചെലവും ചുരുക്കാം, കർശനമായി നിയന്ത്രിക്കാം. പക്ഷേ അസുഖങ്ങൾ വരുമ്പോള്‍ ഇതൊന്നും നടക്കില്ല. എന്താണ് പോംവഴി. ചികിത്സാ ചെലവിനെക്കുറിച്ചുള്ള ഭയത്തിന് പരിഹാരമാണ് മെഡിക്ലയിം പോളിസികള്‍ പക്ഷെ ഇത് ചേരുംമുന്‍പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്

പ്രീമിയം നോക്കിയാൽ മാത്രം പോര ഒരു പോളിസിയുടെ മികവായി കുറഞ്ഞ പ്രീമിയം നിരക്കിനെ ഒരിക്കലും മാനദണ്ഡമാക്കരുത്. താരതമ്യപഠനത്തിനായി അത്തരം പോളിസികളെ പരിഗണിക്കാം. വ്യക്തിപരമായ വ്യത്യസ്ത.അളവുകോലുകളുമായി പോളിസികളെ സമീപിക്കുക. പോളിസി എടുക്കും മുന്‍പ് ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് ആവശ്യമുണ്ടോ എന്നു പരിശോധിക്കുക….

കാഷ്‌ലെസ് സൗകര്യം
ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടാൽ വരുന്ന ചികിത്സാ ചെലവുകൾ ഇൻഷുറൻസ് കമ്പനി നേരിട്ട്ആ ശുപത്രികൾക്ക് നൽകുന്ന രീതിയാണിത്. 24 മണിക്കൂറിൽ കൂടുതൽ കിടത്തി ചികിത്സ വേണ്ടി വന്നാൽ ഈ സൗകര്യം ലഭ്യമാകും. ചികിത്സയുമായി ബന്ധപ്പെട്ടു വരുന്ന പരിശോധനകൾ, മരുന്നുകൾ തുടങ്ങിയ സകല ചെലവുകൾക്കുമുള്ള പണം കമ്പനി നൽകും. ഇത്തരത്തിൽ കാഷ്‌ലെസ് സൗകര്യമുള്ള പോളിസികൾ തിരഞ്ഞെടുക്കുക

കോ–പെയ്മെന്റ് ചികിത്സാചെലവ് എത്രയായാലും അതിന്റെ ഒരു ഭാഗം പോളിസി ഉടമ തന്നെ വഹിക്കേണ്ട വ്യവസ്ഥയാണ് കോ–പേയ്മെന്റ് വ്യവസ്ഥ. ചിലരിൽ 10 ശതമാനം, 15 ശതമാനം എന്നിങ്ങനെ കോ–പേയ്മെന്റ് നിരക്ക്വ്യത്യസ്തമായിരിക്കും. ഇത്തരത്തിൽ ചികിത്സാ ചെലവിന്റെ ഒരു ഭാഗം വഹിക്കുന്നതിൽ ബുദ്ധിമുട്ടില്ലെങ്കിൽ അത്തരം പോളിസികളെ പരിഗണിക്കാം. അതല്ല ഇത്തരത്തിൽ ചികിത്സ വേണ്ടിവരുമ്പേൾ പണം കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് കരുതുന്നുവെങ്കിൽ കോ–പേയ്മെന്റ് വ്യവസ്ഥയില്ലാത്ത പോളിസി തന്നെ തിര‍ഞ്ഞെടുക്കണം…ഏതു പോളിസി എടുത്താലും ഇത്തരത്തിലുള്ള വ്യവസ്ഥ ഉണ്ടോ എന്ന് അറിഞ്ഞിരിക്കണം….

എക്സസ് ലിമിറ്റ്
ചില പോളിസികളിൽ ചികിത്സാ ചെലവ് അല്ലെങ്കില്‍ ക്ലെയിം തുക ഒരു നിശ്ചിത തുകയിൽ…കൂടുതൽ ആണെങ്കിലേ കമ്പനികൾ പണം നൽകൂ. അതായത് പോളിസിയുടെ എക്സസ് ലിമിറ്റ് 5,000 രൂപയാണെന്ന് കരുതുക അതിനർത്ഥം 5,000 രൂപ വരെ ചികിത്സാ ചെലവ് വന്നാൽ ക്ലെയിം ചെയ്യാൻ പറ്റില്ല. ഈ പോളിസിയിൽ ഒരു ക്ലെയിം നടത്തണമെങ്കിൽ ചികിത്സാ ചെലവ് 5,000 രൂപയിൽ കൂടണം….

നിലവിലുള്ള അസുഖം പോളിസി എടുക്കുന്ന സമയത്ത് നമ്മളെ ഏതൊക്കെ അസുഖം ബാധിച്ചിട്ടുണ്ടെന്ന്അ റിയണമെന്നില്ല. പോളിസിയിൽ ചേരും മുൻപ് മുൻകൂർ വൈദ്യപരിശോധന നടത്തേണ്ട ആവശ്യം ഉണ്ടാകാറില്ല…പക്ഷേ പോളിസി എടുത്ത ശേഷം അസുഖം വന്ന് ആശുപത്രിയിൽ ആയെന്ന് വിചാരിക്കുക പരിശോധനയിൽ പോളിസി എടുക്കുന്നതിനു മുൻപേ ഈ അസുഖം ഉണ്ടെന്ന് തെളിഞ്ഞാൽ ക്ലെയിം കിട്ടില്ല നിലവിലുള്ള അസുഖങ്ങൾക്ക് പോളിസി എടുത്തു കഴിഞ്ഞ് നിശ്ചിത വർഷം കഴിഞ്ഞാലേ ക്ലെയിം കിട്ടൂ…ചില പോളിസികളിൽ ഇതു മൂന്നു വര്‍ഷമാണെങ്കിൽ മറ്റു ചിലതിൽ ഇതു നാലു വർഷമായിരിക്കും….

മുറിവാടക
ചില പോളിസികളിൽ മൊത്തം സം അഷ്വേഡിന്റെ നിശ്ചിത ശതമാനം തുകയേ മുറിവാടകയായി നൽകൂ ഉദാഹരണത്തിന് ഒരു പോളിസിയുടെ സം അഷ്വേഡ് ഒരു ലക്ഷം രൂപയാണെന്ന് കരുതുക. ഈ പോളിസി മുറിവാടകയായി സം അഷ്വേഡിന്റെ ഒരു ശതമാനമേ നൽകൂ എന്നും കരുതുക. അതായത് രോഗി 1000 രൂപ വാടകയുള്ള മുറിയിൽ താമസിച്ചാലേ ക്ലെയിം ലഭിക്കൂ. അസുഖം വന്നാൽ ഓരോരുത്തരുടേയും ജീവിത നിലവാരമനുസരിച്ച് സൗകര്യമുള്ള മുറികളിൽ ആകുമല്ലോ താമസിക്കാൻ ഇഷ്ടപ്പെടുക സം അഷ്വേഡ് എത്ര വേണമെന്ന് തീരുമാനിക്കുമ്പോൾ ഇതു കൂടി പരിഗണിക്കുക. 5000 രൂപ വാടകയുള്ള മുറിയിൽ താമസിക്കണമെങ്കിൽ മുകളിൽ സൂചിപ്പിച്ച പോളിസിയിൽ അഞ്ചു ലക്ഷം രൂപയായിരിക്കണം സം അഷ്വേഡ്…

പൊതുവായ അസുഖങ്ങൾക്ക്
ചില അസുഖങ്ങൾക്കുള്ള ചികിത്സയ്ക്ക് ചില പോളിസികളിൽ ക്ലെയിം കിട്ടില്ല. ഇത്തരം അസുഖം ഉള്ളവർ അതിനുള്ള ചികിത്സയ്ക്കായി മെഡിക്ലെയിം പോളിസികൾ എടുക്കേണ്ടതില്ല രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങൾ ഉദാഹരണമായി പറയാം….

പോളിസികളിലെ വ്യത്യാസം
മെഡിക്ലെയിം പോളിസികളും ഹെൽത്ത് ഇൻഷുറൻസ് പോളിസികളും തമ്മിലുള്ള വ്യത്യാസം മനസ്സിലായിരിക്കണം. ജനറൽ ഇൻഷുറൻസ് കമ്പനികൾ (ഓറിയന്റൽ, നാഷനൽ പോലുള്ളവ) പുറത്തിറക്കുന്ന പോളിസികളാണ് മെഡി ക്ലെയിം പോളിസികൾ എന്നറിയപ്പെടുന്നത്.

ലൈഫ് ഇൻഷുറൻസ് കമ്പനികൾ

(എൽ. ഐ. സി, എച്ച് ഡി. എഫ്. സി. ലൈഫ് പോലുള്ളവ) ആവിഷ്കരിച്ചിരിക്കുന്ന പോളിസികളാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എന്നറിയപ്പെടുന്നത്. സം അഷ്വേഡിനു വിധേയമായി ചികിത്സാ ചെലവ് എത്രയാണ് അത്രയും തുക മെഡിക്ലെയിം പോളിസികളിൽ നിന്ന് ലഭിക്കും

എന്നാൽ ഹെൽത്ത് പോളിസികളിൽ പോളിസിയുടമ മുൻകൂട്ടി തിരഞ്ഞെടുത്ത ഡെയ്‌ലി കാഷ് ബനിഫിറ്റ് മാത്രമേ ആശുപത്രി വാസത്തിൽ ലഭിക്കൂ. മെഡിക്ലെയിം പോളിസികളിൽ ക്ലെയിം ചെയ്യുന്ന ഓരോ തുകയ്ക്കും കൃത്യമായ ബില്ല് വേണം. ഹെൽത്ത് ഇൻഷുറൻസ് പോളിസികളിൽ ചികിത്സയ്്ക്കായി ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതിന്റെ തെളിവ് മാത്രം മതി.

ഫ്ളോട്ടർ അല്ലെങ്കിൽ ഇൻഡിവിജ്വൽ ഒരു കുടുംബത്തിൽ നാലുപേരുണ്ട് എന്ന് വിചാരിക്കുക. ഇൻഡിവിജ്വൽ പോളിസി ഒരുലക്ഷം രൂപയുടെ സം അഷ്വേഡിൽ നാലുപേർക്കുമായി എടുക്കുന്നു എന്നു കരുതുക. ഇതാണ് ഇൻഡിവിജ്വൽ മെഡിക്ലെയിം പോളിസി. ഈ പോളിസി പ്രകാരം നാലുപേരിൽ ഓരോരുത്തർക്കും പ്രതിവർഷം ഓരോ ലക്ഷം രൂപയ്ക്കു വരെയുള്ള ചികിത്സയ്ക്കു കവറേജ് ലഭിക്കും

ഇനി ഇതേ നാലുപേർക്കുമായി ഫാമിലി ഫ്ളോട്ടർ പദ്ധതി നാലു ലക്ഷം രൂപയുടെ സം അഷ്വേഡിൽ എടുക്കുന്നുവെന്ന് കരുതുക. പ്രതിവർഷം കുടുംബത്തിൽ എല്ലാവരുടെയും നാലുലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്ക് കവറേജ് ലഭിക്കും. അല്ലെങ്കിൽ ഒരാൾക്കു മാത്രം നാലുലക്ഷം രൂപ വരെയുള്ള ചികിത്സയ്ക്കു കവറേജ് ലഭിക്കും.
കുടുംബത്തിൽ എല്ലാവർക്കും ഒരുമിച്ച് അസുഖം വരാൻ സാധ്യതയില്ലാത്തതിനാൽ ഫാമിലി ഫ്ളോട്ടർ പോളിസിയാണ് മിക്ക കുടുംബങ്ങൾക്കും അനുയോജ്യം.

എതു പ്രായത്തിൽ ചേരണം
എത്രയും നേരത്തെ ചേരുന്നോ അത്രയും നല്ലത്. പ്രായം കൂടുംതോറും പ്രീമിയവും കൂടും അറുപതു കഴിഞ്ഞവരെ മെഡിക്ലെയിം പോളിസികളിൽ ചേർക്കാൻ പൊതുവേ കമ്പനികൾക്ക് താൽപര്യം കുറവാണ്. അതുകൊണ്ട് ചെറുപ്രായത്തിൽ തന്നെ നല്ലൊരു മെഡിക്ലെയിം പോളിസിയുടെ സംരക്ഷണം ഉറപ്പാക്കുകയാവും ഉചിതം.

ഈ പോസ്റ്റ്‌ നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക പുതിയ പോസ്റ്റുകള്‍ നിങ്ങളുടെ ടൈംലൈനില്‍ ലഭിക്കാന്‍ ഈ പേജ് ലൈക് ചെയ്യുക