ഇതൊക്കെ ഒന്ന് ശ്രദ്ധിച്ചാല്‍ പാമ്പുകള്‍ പരിസരത്ത് വരില്ല

ഓരോ വര്‍ഷവും നിരവധി മരണങ്ങളാണ് പാമ്പുകടിയേറ്റ് സംഭവിക്കുന്നത്. പ്രശസ്ത പാമ്പുപിടുത്തക്കാരന്‍ വാവാ സുരേക്ഷിന് തിരക്കൊഴിഞ്ഞിട്ടാണെങ്കില്‍ നേരവുമില്ല. വാവാ സുരേഷ് പാമ്പ് പിടിക്കുന്നത് ജനവാസ കേന്ദ്രങ്ങളില്‍ നിന്നാണെന്നുകൂടി ഓര്‍ക്കുമ്പോഴേ പാമ്പ് ഉയര്‍ത്തുന്ന ഭീഷണിയുടെ ആഴം മനസിലാകു. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാമ്പിനെ നമ്മുടെ പരിസരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്താം.

വീടിന്റെ പരിസരത്ത് ഏതെല്ലാം പാമ്പുകള്‍

വീടിന്റെ സമീപത്ത് ഉണ്ടാകാനിടയുള്ള പാമ്പുകളെ പറ്റി ഏകദേശ ധാരണ ഉണ്ടായിരിക്കണം. ഒരോ പ്രദേശത്തെയും ഭൂമിശാസ്ത്രമനുസരിച്ച് വ്യത്യസ്ത തരം പാമ്പുകളാണ് ഉണ്ടാവുക. പൂന്തോട്ടത്തില്‍ ഉണ്ടായിരിക്കുന്ന പാമ്പുകളായിരിക്കില്ല നിങ്ങളുടെ വീടിന്റെ കിടപ്പുമുറിയില്‍ കയറുന്നത്. പൂത്തോട്ടത്തില്‍ കാണുന്ന പാമ്പുകള്‍ പൊതുവെ അപകടം കൂടിയ തരത്തിലുള്ളതായിരിക്കും.

മുറ്റവും പരിസരവും വൃത്തിയായി സൂക്ഷിക്കുക

ചപ്പുചവറുകള്‍ കൂട്ടിയിടാതെ മുറ്റവും പരിസരവും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ പാമ്പിനെ തടയാം. പാമ്പിന് വസിക്കാനുള്ള സാഹചര്യം വീടിനു സമീപത്ത് ഉണ്ടാകാതിരിക്കുകയാണ് പ്രധാനം. കരിയില, മരക്കഷ്ണം, തൊണ്ട്, പൊട്ടിയ പ്‌ളാസ്റ്റിക്ക് ഉത്പന്നങ്ങള്‍,വൈക്കോല്‍ തുടങ്ങി പാമ്പിന് കയറി ഇരിക്കാന്‍ കഴിയുന്ന വസ്തുക്കളെല്ലാം നീക്കം ചെയ്യുക.

നീളത്തില്‍ തഴച്ച് വളരുന്ന ചെടികള്‍ മുറിച്ച് മാറ്റുക

ചില ചെടികള്‍ പാമ്പിന് പതുങ്ങിയിരിക്കാൻ സൗകര്യമൊരുക്കുന്നതാണ്. പൊന്തക്കാടുകളും പുല്ലും വീട്ട് മുറത്തും അടുക്കള തോട്ടത്തിലും തഴച്ച് വളരാന്‍ അവസരമൊരുക്കരുത്.യഥാസമയം വെട്ടിയൊതുക്കി വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം.

വെള്ളം കെട്ടിനില്‍ക്കുന്നത് തടയുക

വീട്ട് മുറ്റത്തും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിയ്ക്കരുത്. പൊതുവെ വെള്ളത്തിന്റെ സാനിധ്യം പാമ്പിനെ ആകര്‍ഷിക്കുന്നതാണ്. ചില പാമ്പുകള്‍ വെള്ളത്തില്‍ തന്നെ ജീവിക്കുന്നതാണ്. വീടിന്റെ മുറ്റത്തോ പൂന്തോട്ടത്തിലൊ അടുക്കളത്തോട്ടത്തിലോ വെള്ളം കെട്ടിനില്‍ക്കാന്‍ ഒരു കാരണവശാലും അനുവദിയ്ക്കരുത്.

വളര്‍ത്തുമൃഗങ്ങള്‍
പട്ടിക്കൂട്, കോഴിക്കൂട് തുടങ്ങിയവയുടെ സമീപം സാധാരണയായി പാമ്പുകള്‍ വരുന്നത് പതിവാണ്. പലപ്പോഴും വളര്‍ത്തുമൃഗങ്ങളുടെ അവശിഷ്ടമാണ് പാമ്പുകളെ ആകര്‍ഷിക്കുന്നത്. അവശിഷ്ടങ്ങള്‍ ഭക്ഷിക്കാനായി എലികളുടെ സാന്നിധ്യവും ഉണ്ടാകാം ഇതും ഒരു പരിധിവരെ എലികളെ ആകര്‍ഷിക്കുന്നു. വളര്‍ത്തു മൃഗങ്ങളുടെ കൂടും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുക

പൊത്തുകള്‍ അടയ്ക്കുക
വീടിന്റെ സമീപത്തും മുറ്റത്തുമൊക്കെയുള്ള പൊത്തുകള്‍ അടയ്ക്കുക. പൊത്തുകള്‍ പാമ്പുകളുടെ ഇഷ്ടപ്പെട്ട ഇടമാണ്.

മുറ്റത്തിനു സംരക്ഷണ വേലി തീര്‍ക്കുക

മുറ്റത്തിനും അടുക്കള തോട്ടത്തിനും ചുറ്റും സംരക്ഷണ വേലി കെട്ടുന്നത് പാമ്പുകള്‍ ഇഴഞ്ഞ് പുരയിടത്തില്‍ എത്തുന്നതില്‍ നിന്നും തടയും.

ഇതു പോലെ ചെറിയ കാര്യങ്ങളില്‍ വലിയ ശ്രദ്ധയുണ്ടായാല്‍ പാമ്പിനെ പേടിക്കാതെ വീട്ടില്‍ കിടന്നുറങ്ങാം.