ശ്വാസം മുട്ടിനു തൊട്ടാവാടി ഒറ്റമൂലി

ഒന്ന് പറയുമ്പോഴേക്കും തെറ്റിപോവുകയും, പക്വതയില്ലാതെ വളരെ സെന്‍സിറ്റീവ് ആയി പ്രതികരിക്കുകയും ചെയ്യുന്നവരേയും എല്ലാം നാം വിളിക്കാന്‍ ഉപയോഗിക്കുന്ന പദമാണല്ലോ തൊട്ടാവാടി എന്നത്.

തൊട്ടാവാടി എന്ന സസ്യത്തിന്റെ സ്വഭാവത്തിനു സമാനമായ സ്വഭാവം പ്രകടിപ്പിക്കുന്ന മനുഷ്യരെ തൊട്ടാവാടി എന്ന് നാം വിശേഷിപ്പിക്കുന്നു. എന്നാല്‍ നമ്മള്‍ അങ്ങിനെ വിശേഷിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ തൊട്ടാവാടി എന്ന സസ്യത്തെ അപമാനിക്കുകയാണോ ചെയ്യുന്നത് ?
കാരണം തൊട്ടാവാടി വെറും ഒരു തൊട്ടാവാടിയല്ല…!!!

മൈമോസ പ്യൂഡിക്ക (Mimosa pudica) എന്ന ശാസ്ത്ര നാമത്തില്‍ അറിയപ്പെടുന്ന സസ്യമാണ് തൊട്ടാവാടി. മൈമോസേസീ (Mimosaeceae) എന്നതാണ് ലവന്റെ തറവാട്ട് പേര്. സംസ്കൃത ഭാഷയില്‍ ലജ്ജാലു എന്ന് വിളിച്ചാലും ലവന്‍ വിളി കേള്‍ക്കും. അല്ലെങ്കില്‍ അങ്ങിനെ വിളിച്ചാല്‍ വിളി കേള്‍ക്കണം എന്നാണു സംസ്കൃത ശിരോമണികള്‍ നിഷ്കര്‍ഷിച്ചിട്ടുള്ളത്. സമംഗ എന്ന ഒരു ഇരട്ടപ്പേരും ഇവന് സംസ്കൃതത്തില്‍ ഉണ്ട്. രക്തപാദി, നമസ്ക്കാരി, സ്പര്‍ശ ലജ്ജാ, സങ്കോചിനി എന്നിവയെല്ലാം സംസ്കൃതത്തില്‍ ഇവന്റെ പേരുകളാണ്.

അവന് തൊട്ടാവാടി എന്ന പേര് വരാന്‍ ഉണ്ടായ കാരണം എല്ലാവര്‍ക്കും അറിയാമല്ലോ. അവനെ തൊട്ടാല്‍ ലവന്‍ വാടും. അതുതന്നെ കാരണം. സായിപ്പ് “ടച്ച് മി നോട്ട്” എന്നാണവനെ വിളിക്കാറ്. ബ്രസീൽ ആണ് ജന്മദേശമെങ്കിലും ഇന്ന് ഭൂമധ്യരേഖാപ്രദേശങ്ങളിൽ പരക്കെ ഇവന്റെ സാന്നിധ്യം ഉണ്ട്.

തൊട്ടാവാടിയുടെ ഇല തണ്ടിനോട് ചേരുന്ന ഭാഗത്ത് സൂക്ഷിച്ചു നോക്കിയാൽ മുഴച്ചിരിക്കുന്നത് കാണാം. ഈ ഭാഗത്ത് കനം കുറഞ്ഞ കോശഭിത്തിയുള്ള ധാരാളം കോശങ്ങളുണ്ട്. അവ വെള്ളം സ്വീകരിച്ച് വീർത്തിരിക്കുന്നു. വെള്ളം വെളിയിൽ പോയാൽ അവ ചുരുങ്ങുന്നു. തൊട്ടാവാടിയുടെ ഇലകൾ സ്പർശനത്തിനു നേരെ പ്രതികരിക്കും. സ്പർശിക്കുമ്പോൾ ഭിത്തിക്ക് കനം കുറഞ്ഞ കോശങ്ങളിലെ ജലം തണ്ടിലേക്ക് കയറും. അതിന്റെ ഫലമായി കോശങ്ങൾ ചുരുങ്ങി ഉറപ്പുപോയി ചുരുളുന്നു. ഏതു വസ്തു തൊട്ടാലും ഇലകൾ അങ്ങനെ ചുരുളും. എന്തു വസ്തുവും ഈ പ്രവർത്തനത്തിനു കാരണമാകാം. ഈ ചുരുളൽ ഏതാനം സെക്കന്റുകൾ കൊണ്ട് പൂർണ്ണമാകും. പിന്നീട് അര മണിക്കൂറോളം കഴിഞ്ഞേ ഇലകൾ വിടർന്ന് പൂർണ്ണാവസ്ഥയിലാകൂ.

തൊട്ടാവാടിയുടെ ഇലയുടെ കക്ഷ്യങ്ങളില്‍നിന്ന് പുഷ്പമഞ്ജരിയായിട്ടാണ് പുഷ്പങ്ങളുണ്ടാകുന്നത്. പൂഞെട്ടിലും മുള്ളുകള്‍ ഉണ്ടായിരിക്കും. ഓരോ പുഷ്പത്തിനും വളരെ ചെറിയ സഹപത്രകമുണ്ട്. ഇളം ചുവപ്പു പുഷ്പത്തിന് നാലുവീതം ബാഹ്യദളങ്ങളും ദളങ്ങളുമുണ്ട്. ബാഹ്യദളങ്ങള്‍ വളരെ ചെറുതാണ്. ദളങ്ങള്‍ക്ക് 2-2.5 മി.മീ. നീളമേ ഉള്ളൂ. ഇളം ചുവപ്പുനിറത്തിലുള്ള എട്ട് കേസരങ്ങള്‍ ഉണ്ടായിരിക്കും. ഒറ്റ അറ മാത്രമുള്ള അണ്ഡാശയത്തില്‍ അനേകം ബീജാണ്ഡങ്ങളുണ്ട്. കായ്കള്‍ 0.5-2.5 സെന്റിമീറ്ററോളം നീളവും മൂന്ന് മി.മീ. വീതിയുമുള്ള പരന്ന ലോമെന്റം (lomentam) ആണ്. ലോമാവൃതമായ കായ്കളില്‍ 3-5 വിത്തുകളുണ്ട്.
ഇതിന്റെ വേരില്‍ 10% ടാനിന്‍ അടങ്ങിയിട്ടുണ്ട്.വിത്തില്‍ ഗാലക്ടോസ്, മാന്നോസ് എന്നീ രാസപദാര്‍ഥങ്ങള്‍ അടങ്ങിയിരിക്കുന്നു.

ആയുര്‍വേദ ചികിത്സയില്‍ പ്രത്യേക സ്ഥാനമുണ്ട്.

തൊട്ടാവാടിയുടെ രസാദി ഗുണങ്ങളെ ആചാര്യന്മാര്‍ ഇങ്ങിനെ വിശദീകരിക്കുന്നു :

രസം : കഷായം, തിക്തം
ഗുണം : ലഘു, രൂക്ഷം
വീര്യം : ശീതം
വിപാകം : കടു

തൊട്ടാവാടി സമൂലം ഔഷധമായി ഉപയോഗിക്കാവുന്ന ഒരു സസ്യമാണ്.

ശോഫം, ദാഹം, ശ്വാസ വൈഷമ്യം, വ്രണം എന്നിവ ശമിപ്പിക്കാനുള്ള കഴിവ് തൊട്ടാവാടിക്ക് ഉണ്ട്. കഫത്തെ കുറക്കുകയും, രക്ത ശുദ്ധി ഉണ്ടാക്കുകയും ചെയ്യുന്നു.

കുട്ടികളില്‍ സാധാരണയായി കാണുന്ന ശ്വാസ വൈഷമ്യത്തിനു തൊട്ടാവാടിയുടെ ഇല ഇടിച്ചു പിഴിഞ്ഞെടുത്ത നീര് പത്ത് എം എല്‍, സമം ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും ചേര്‍ത്ത് കൊടുക്കുന്നത് ഫലപ്രദമാണ്.

ചൊറിക്ക് തൊട്ടാവാടി കല്‍ക്കമായി എണ്ണ കാച്ചി പുരട്ടിയാല്‍ ശമനം ലഭിക്കും.

അര്‍ശസ്, മൂലക്കുരു, വാതം, പിത്തം, വയറിളക്കരോഗങ്ങള്‍, നേത്രരോഗങ്ങള്‍, ഗര്‍ഭാശയരോഗങ്ങള്‍ എന്നിവയ്ക്ക് തൊട്ടാവാടി ഔഷധമായി ഉപയോഗിക്കുന്നു.

മുറിവുണങ്ങാന്‍ തൊട്ടാവാടി ഇല ഇടിച്ചുപിഴിഞ്ഞ ചാറ് ലേപനം ചെയ്യുന്നത് നല്ലതാണ്.

സമൂലം ഇടിച്ചിട്ട് വെള്ളം തിളിപ്പിച്ചു കുടിക്കുന്നത് പ്രമേഹത്തിനും വാതത്തിനും ശമനം ഉണ്ടാക്കും.

ആസ്ത്മക്കും അലര്‍ജി മൂലം ഉണ്ടാകുന്ന ചൊറിച്ചിലിനും ഇതിന്റെ ചാറ് ലേപനം ചെയ്യുന്നത് ഗുണകരമാണ്.

തൊട്ടാവാടിയുടെ നീര് എണ്ണകാച്ചി തേയ്ക്കുന്നത് ചര്‍മ്മരോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുന്നു.

തൊട്ടാവാടി സമൂലം അരച്ചത് തേന്‍ ചേര്‍ത്ത് കൊടുത്താല്‍ വയറിളക്കത്തിനു ആശ്വാസം ലഭിക്കാറുണ്ട്.

മഞ്ഞള്‍, തൊട്ടാവാടി, ത്രിഫല ചൂര്‍ണ്ണം എന്നിവ സമം എടുത്ത് അരച്ച് കഴിച്ചാല്‍ അലര്‍ജി സംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.

ഈ അറിവ് നിങ്ങള്‍ക്ക് ഉപകാരപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക

വിദ്യാര്‍ഥികള്‍ ഏത്തപ്പഴം കഴിച്ചാല്‍ സംഭവിക്കുന്നത്‌