കാല്‍പോള്‍ അപകടകാരിയോ ?

പനി വന്നാല്‍ കാല്‍പോള്‍… അതാണെല്ലോ കണക്ക്. മരുന്നു കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ക്ക് പോലും കാല്‍പോള്‍ പ്രിയങ്കരമാണ്. എന്നാല്‍ കുട്ടികള്‍ക്ക് കാല്‍പോള്‍ മരുന്നു നല്‍കുന്നത് അപകടകരമാണെന്നു വിദഗ്ധര്‍ പറയുന്നു. ആകര്‍ഷകമായ നിറത്തില്‍ സ്ട്രോബറി പഴത്തിന്‍റെ രുചിയിലാണ് കാല്‍പോള്‍ സിറപ്പുകള്‍ വിപണികളില്‍ ഇറങ്ങുന്നത്. രുചിയും നിറവും കുട്ടികള്‍ക്ക് ഗുളികയെ പ്രിയങ്കരമാക്കും. ഇതിന്‍റെ സ്ഥിരമായ ഉപയോഗം പിന്നീട് അവരെ മാരക രോഗങ്ങളുടെ അടിമകളാക്കി മാറ്റുമെന്നും പഠനങ്ങള്‍.
സ്ട്രോബറിയുടെ രുചിയുള്ള കാല്‍പോള്‍ കഴിക്കാന്‍ കുട്ടികള്‍ കൂടുതല്‍ താത്പര്യം പ്രകടിപ്പിക്കുന്നു. ഇതുകൊണ്ട് തന്നെ മരുന്നിന്‍റെ നിറത്തിലും രുചിയിലും മാറ്റം വരുത്തണമെന്ന് ആരോഗ്യ രംഗത്തെ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. മരുന്നിനോടുള്ള കുട്ടികളുടെ താത്പര്യം കുറയ്ക്കാന്‍ വേണ്ട നടപടികളാണ് ഉണ്ടാകേണ്ടത്. അമിതമായി മരുന്ന് കഴിച്ച് ബ്രിട്ടനില്‍ അഞ്ച് കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കരള്‍ രോഗവും മരണവും വരെ സംഭവിക്കാവുന്ന തരത്തില്‍ മാരകമാണ് അമിതമായ കാല്‍പോള്‍ ഉപയോഗം.
കാല്‍പോളിന്‍റെ 12 മില്ല്യണ്‍ ബോട്ടിലുകള്‍ ബ്രിട്ടനില്‍ മാത്രം ഒരു വര്‍ഷം വില്‍ക്കപ്പെടുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന പനി, ജലദോഷം തുടങ്ങിയ രോഗങ്ങള്‍ക്ക് മാതാപിതാക്കള്‍ സ്ഥിരമായി വാങ്ങുന്ന ഒരു മരുന്നാണ് കാല്‍പോള്‍.
ഇതിലെ പ്രധാന ചേരുവയായ പാരസെറ്റാമോളാണ് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. മരുന്ന് എന്നതിലുപരി ജൂസ് കുടിക്കുന്ന രീതിയില്‍ മരുന്ന് കഴിക്കുന്നതിനാല്‍ കാല്‍പോളിന്‍റെ അടിമകളായി കുട്ടികള്‍ മാറുന്നു, ഡോക്റ്റര്‍മാര്‍ പറഞ്ഞു.
ബ്രിട്ടനിലെ ഷെഫീല്‍ഡിലുള്ള കുട്ടികളുടെ ആശുപത്രിയില്‍ നടത്തിയ പഠനങ്ങളിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. പിങ്ക് നിറത്തിലുള്ള മരുന്ന് മാതാപിതാക്കള്‍ അറിയാതെ തന്നെ കുട്ടികള്‍ പലസമയത്തും കഴിക്കുന്നു. ആകര്‍ഷകമായ രുചിയാണു മരുന്ന് അമിതമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിച്ചത്. ഈ പ്രശ്നം തരണം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അധികൃതര്‍ തുടക്കം കുറിച്ചിരിക്കുകയാണ്.