പൊള്ളലുണ്ടായാൽ ചെയ്യേണ്ട പ്രഥമ ശുശ്രുഷകൾ എന്തെല്ലാം ???

അപകടത്തില്‍പ്പെട്ട ഭാഗം തണുത്ത വെള്ളത്തില്‍ മുക്കുക. അത്‌ തൊട്ടിയിലോ, പാത്രത്തിലോ, അതൊന്നും അല്ലെങ്കില്‍ സൗമ്യമായി ഒഴുകുന്ന കുഴല്‍ വെള്ളത്തിന്‍ കീഴിലോ ആവാം.പൊള്ളിയ ഭാഗം തണുത്ത വെള്ളത്തില്‍ പതിനഞ്ചു മിനിറ്റോളമോ അല്ലെങ്കില്‍ വേദന നിലയ്ക്കുന്നതു വരെയോ മുക്കി വെയ്ക്കണം. പൊള്ളിയത്‌ വെള്ളത്തില്‍ മുക്കി വെയ്ക്കാന്‍ ബുദ്ധിമുട്ടുള്ള ഭാഗത്താണെങ്കില്‍, ഉദാഹരണത്തിന്‌ മുഖത്തില്‍ ആണെങ്കില്‍, ശുദ്ധവും മൃദുവുമായ തുണി മടക്കി പാളിയാക്കി അത്‌ തണുത്തവെള്ളത്തില്‍ മുക്കി ക്ഷതമേറ്റ ഭാഗത്തില്‍ വെയ്ക്കണം. ഇടയ്ക്കിടെ ആ പാളി എടുത്ത്‌ തണുത്ത വെള്ളത്തില്‍ വീണ്ടും മുക്കി വെക്കാന്‍ മറക്കരുത്‌. പക്ഷേ പൊള്ളലില്‍ തുണി ഉരയാതെ ശ്രദ്ധിക്കണം.

ഈ പരിചരണം വഴി പേശിയിലെ കുറെ ഏറെ താപം നഷ്ടപ്പെടുകയും അതുവഴി കൂടുതല്‍ നാശവും വേദനയും ഒഴിവാകയും ചെയ്യും.ക്ഷതം ഉണ്ടായാല്‍ എത്രയും വേഗം മോതിരം, ഷൂസ്സ്‌ തുടങ്ങിയ ഇറുകി കിടക്കുന്ന വസ്തുക്കള്‍ ഊരി മാറ്റണം. കാരണം അധികം താമസിയാതെ അവിടം നീര്‌ വന്നു വീര്‍ക്കാനും തുടര്‍ന്ന് ഇവ ഊരി മാറ്റാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യും.

വേദന നിന്നു കഴിഞ്ഞാല്‍ പുറമേക്കു മാത്രമുള്ള ചെറിയ പൊള്ളലുകള്‍ തുണികൊണ്ട്‌ ഒപ്പി ഉണക്കുകയും, അണുമുക്തമായ തുണികൊണ്ട്‌ പൊതിയുകയും ചെയ്യണം. വലുതും ആഴത്തിലുള്ളതുമായ പൊള്ളലുകള്‍, വെള്ളത്തില്‍ നിന്നും ഏടുത്ത ശേഷം, ശുദ്ധവും അടുത്തിടെ അലക്കിയതും നാരുകള്‍ ഇല്ലാത്തതും കനം കുറഞ്ഞതുമായ തുണികൊണ്ട്‌ പൊതിയണം (ശുദ്ധമായ ഒരു തലയണ ഉറ കൈ കാലുകള്‍ക്ക്‌ പറ്റിയതാണ്‌)ഡോക്ടറെ വരുത്താനോ ആശുപത്രിയില്‍ എത്തിക്കാനോ വേണ്ടതു ചെയ്യുക.

ഒരു സ്റ്റാമ്പിനെക്കാള്‍ വലിപ്പമുള്ള ഏതു പൊള്ളലും, തണുപ്പിക്കല്‍ പ്രക്രീയക്കു ശേഷം, ഡോക്ടറുടെ പരിശോദനക്ക്‌ വിധേയമാക്കണം.വലിയൊരു ഭാഗം പൊള്ളുകയും, ആശുപത്രി ചികിത്സ ആവശ്യമാവുകയും ചെയ്താല്‍, ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടയില്‍ ക്ഷതം തണുപ്പിക്കാനായി ഒരു ടൗവ്വലില്‍ മഞ്ഞുകട്ട പൊതിഞ്ഞ്‌ കൊണ്ടു പോകണംപൊള്ളിയ പേശിഭാഗം പൊതിഞ്ഞു സൂക്ഷിക്കേണ്ടത്‌ അണുബാധ ഒഴിവാക്കാന്‍ അത്യാവശ്യമാണ്‌. അങ്ങിനെ മൂടുക വഴി പൊള്ളലേറ്റ ആള്‍ക്ക്‌ അത്‌ ദൃശ്യമല്ലാതാവുകയും അയാളുടെ പരിഭ്രമം കുറയുകയും ചെയ്യും. മേശവിരിയും പുതപ്പും മൂടാന്‍ നല്ലതാണ്‌. അവ ഇളകി മാറാതെ നേരിയ തോതില്‍ പിടിപ്പിക്കയും വേണം.ഡോക്ടര്‍ക്കോ ആംബുലന്‍സിനോ വേണ്ടി കാത്തിരിക്കുന്ന വേളയില്‍, പൊള്ളലേറ്റ ആള്‍ക്ക്‌ ധൈര്യവും ആത്മ വിശ്വാസവും നല്‍കണം. കുട്ടികളെ എടുക്കയും തലോടുകയും ചെയ്യാം പക്ഷേ ഇതിനിടയില്‍ എന്തെങ്കിലും കുഴപ്പം വരാതെ ശ്രദ്ധിക്കണം എന്നു മാത്രം